ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ സമൂലമായി പരിഷ്കരിച്ച പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് ഇവ. കൊളോണിയല്‍ കാലത്തെ (1860) ഇന്ത്യന്‍ ശിക്ഷാനിയമം-ഐപിസി, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം-സിആര്‍പിസി, 1872ലെ ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്കു പകരമുള്ളവയാണ് ഇവ. ജൂലൈ ഒന്നിന് ഇവ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസാധാരണ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
ഡിസംബര്‍ 21ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. 25ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. ഭാരതീയതയ്ക്കും ഭരണഘടനയുടെ അന്തസ്സത്തയ്ക്കും യോജിച്ചതാണ് പുതിയ നിയമങ്ങള്‍. ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ വിദേശ ഭരണം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. പുതിയ നിയമങ്ങള്‍ ജനകേന്ദ്രീകൃതമാണ്. ശിക്ഷയുടെ ഉദ്ദേശ്യം ഇരയ്ക്കു നീതി നല്‍കുക എന്നതാണ്.
പുതിയ നിയമപ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാണ്. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍ ഭാരതീയ ന്യായ സംഹിതയില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. അറസ്റ്റിനു ശേഷമുള്ള 15 ദിവസമാണ് കസ്റ്റഡിക്കാലാവധി. ഇതിനപ്പുറം കസ്റ്റഡി നീട്ടാനുതകുന്ന വ്യവസ്ഥയുമുണ്ട്. അന്വേഷണവും കുറ്റപത്ര സമര്പ്പണവുമടക്കമുള്ളവയ്ക്ക് കൃത്യമായ സമയ പരിധിയുണ്ട്.
പരാതി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മൂന്ന് മുതല്‍ 14 ദിവസം വരെയേ എടുക്കാവൂ. 14 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമികാന്വേഷണം 14 ദിവസത്തില്‍ പൂര്‍ത്തിയാക്കണം. അറസ്റ്റിലായ വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ രേഖകള്‍ പരിപാലിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: