ആലുവ : രാജസ്ഥാനിലെ അജ്മീറിൽ നിന്നും സാഹസികമായി മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അഭിനന്ദനക്കത്ത് നൽകി അനുമോദിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അഭിനന്ദനക്കത്തു നൽകിയത്.
അസാമാന്യ ധൈര്യമാണ് അന്വേഷണ സംഘം പ്രകടിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൃത്യസമയത്ത് വെള്ളമോ ഭക്ഷണമോ കഴിക്കാൻ നിൽക്കാതെ സമയം ഒട്ടും പാഴാക്കാതെയുള്ള യാത്രയായിരുന്നു. അർപ്പണ മനോഭാവമാണ് ഇതിന് പിന്നിൽ. ഇവർ സേനയ്ക്ക് അഭിമാനമാണ്. സംഘത്തിന് ഡിജിപിയുടെ ക്വാഷ് അവാർഡുൾപ്പടെയുള്ള പുരസ്ക്കാരത്തിന് ശുപാർശ ചെയ്യും. അജ്മീറിൽ അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പോലീസിന്റെ സഹായം വലിയ തോതിൽ ലഭിച്ചതായും എസ്.പി പറഞ്ഞു.
എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഡി വൈ എസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്. എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒ മാരായ കെ.എം മനോജ്, വി.എ. അഫ്സൽ, മാഹിൻഷാ, മുഹമ്മദ് അമീർ തുടങ്ങിയവർ ജില്ലാ പോലീസ് മേധാവിയിൽ നിന്ന് അഭിനന്ദനക്കത്ത് ഏറ്റുവാങ്ങി.
ആക്രമണത്തിൽ പതറാതെ നിന്നതു കൊണ്ടാണ് പ്രതികളെ കീഴടക്കാൻ സാധിച്ചതെന്ന് ശ്രീലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: