ന്യൂദല്‍ഹി: കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ താമസിക്കുന്ന 5300 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് അര്‍ഹതയുണ്ടെന്ന ജമ്മു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫോറം. മിര്‍പൂര്‍ ബലിദാന്‍ ഭവന് സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
1994 ഫെബ്രുവരി 22ന് ഭാരതപാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം അനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത പറഞ്ഞു. ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കുന്ന ആ പ്രമേയം പാകിസ്ഥാന് കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്. 1947ല്‍ പാക് ആക്രമണകാലത്ത് കുടിയിറക്കപ്പെട്ട 5300 കശ്മീരികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും കഴിയുന്നത്. ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയ 26,319 കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന അതേ പദവിയും അവകാശങ്ങളും ഇവര്‍ക്കും ലഭിക്കണമെന്നും ആനുകൂല്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം.
അന്ന് കുടിയൊഴിയേണ്ടിവന്നവരില്‍ രണ്ടോ മൂന്നോ ശതമാനം പേര് മാത്രമേ ഇപ്പോഴും ജീവിച്ചിരിക്കുന്നുള്ളൂ, അവര്‍ക്കാകട്ടെ എണ്‍പതിന് മുകളില്‍ പ്രായവുമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചാല്‍ ജീവിതാവസാനമെങ്കിലും അവര്‍ക്ക് അംഗീകാരം ലഭിച്ചു എന്ന സംതൃപ്തിയുണ്ടാകും. പാക് അധിനിവേശ കശ്മീര്‍ തിരികെ പിടിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: