റാഞ്ചി: ജോ റൂട്ടിന്റെ സെഞ്ചുറി മികവില്‍ റാഞ്ചി ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ടിന് ആശ്വാസം. ഭാരത ബൗളിങ് മികവില്‍ മുന്‍നിര തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ റൂട്ട്(226 പന്തില്‍ 106) ഒറ്റയാന് പ്രകടനത്തിലൂടെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. അരങ്ങേറ്റക്കാരന്‍ പേസ് ബൗളര്‍ ആകാശ് ദീപിന്റെ മിന്നും തുടക്കത്തിന്റെ ചുവട് പിടിച്ചാണ് ഭാരത ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കിയത്. ആദ്യ ദിനം പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്.
വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ആണ് ഭാരതത്തിനായി ന്യൂബോള്‍ എറിഞ്ഞത്. താരത്തിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്തത് കരിയറിലെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ ആകാശ് ദീപ്. മത്സരത്തിന്റെ നാലാം ഓവറില്‍ ആകാശ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു.
സഹതാരങ്ങളുമൊന്നിച്ച് ആഘോഷം തുടങ്ങിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചത് പിന്നീടാണ് ശ്രദ്ധിച്ചത്. പിന്നെ ഇംഗ്ലണ്ട് സ്വതസിദ്ധ ശൈലിയിലേക്ക് ഉണരുന്ന കാഴ്ച്ചയാണ് റാഞ്ചി സ്റ്റേഡിയം കണ്ടത്. നാലുപാടും ബൗണ്ടറികള്‍ പായാന്‍ തുടങ്ങി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ആകാശ് ദീപിലൂടെ ഭാരതത്തിന് ബ്രേക്ക് ത്രൂ ലഭിച്ചു. വിസാഗ് ടെസ്റ്റിലെ സെഞ്ചുറിക്കാരന്‍ ബെന്‍ ഡക്കെറ്റി(11)നെ കീപ്പര്‍ ധ്രൂവ് ജുറെലിന്റെ കൈകളിലെത്തിച്ച് ആകാശ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ മുനയൊടിക്കുന്ന വിക്കറ്റ് നേട്ടമായിരുന്നു അത്. തൊട്ടടുത്ത രണ്ടാം പന്തില്‍ ഓലീ പോപ്പിനെ വിക്കറ്റിനെ മുന്നില്‍ കുരുക്കി ആകാശിന്റെ അടുത്ത പ്രഹരം. ഇംഗ്ലണ്ട് 9.4 ഓവറില്‍ രണ്ടിന് 47. പിന്നെയും അടിച്ചു തകര്‍ക്കാന്‍ നിന്ന സാക്ക് ക്രൗളിയെ അധികം വൈകാതെ ക്ലീന്‍ ബൗള്‍ഡാക്കി അകാശ് മുന്നാം വിക്കറ്റും സ്വന്തമാക്കി. ഒപ്പം ആദ്യ വിക്കറ്റ് നോബോള്‍ ആയതിന്റെ നിരാശയും തീര്‍ത്തു. 12-ാം ഓവറില്‍ 57 റണ്‍സിലെത്തിയ ഇംഗ്ലണ്ടിന്റെ മുന്‍നിര മൂന്ന് ബാറ്റര്‍മാരും പുറത്ത്.
പിന്നീട് ജോ റൂട്ടും ജോണി ബോയര്‍ സ്റ്റോവും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം അടിച്ചു തകര്‍ത്തുകൊണ്ടിരുന്ന ബെയര്‍സ്റ്റോവിനെ(35 പന്തില്‍ 38) അശ്വിന് ലെഗ് ബിഫോറാക്കി. ഓസ്ട്രേലിയന്‍ അംപയര്‍ റോഡ് ടക്കര്‍ വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂ വിധി അശ്വിനും ഭാരതത്തിനും അനുകൂലമായി. ഇംഗ്ലണ്ട് നാലിന് 109. പിന്നീടെത്തിയ നായകന് ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്ത്. അതും എല്‍ബിഡബ്ലിയു ആയിരുന്നു. അഞ്ചിന് 112 എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ന്നുനില്‍ക്കെ മത്സരത്തിന്റെ ആദ്യ ദിനത്തിലെ ആദ്യ സെഷന് തീര്‍ന്നു.
ആറാം വിക്കറ്റില്‍ ബെന്‍ ഫോക്സിനെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ട് ഇന്നിങ്സ് ഭദ്രമാക്കി. ബാസ്ബോള്‍ ശൈലി വെടിഞ്ഞ് ടെസ്റ്റിന്റെ സ്വാഭാവികതയുമായി റൂട്ട്-ഫോക്സ് സഖ്യം ഇണങ്ങിചേരുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. ആറാം വിക്കറ്റില്‍ 113 റണ്‍സ് കുട്ടുകെണ്ടുണ്ടാക്കുന്നതിനിടെ രണ്ടാം സ്പെല്ലിനെത്തിയ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. അര്‍ദ്ധ സെഞ്ചുറിയിലേക്ക് നീങ്ങിയ ഫോക്സ്(47) പുറത്തേക്ക്. അധികം വൈകാതെ ടോം ഹാര്‍ട്ട്ലി(13)യെ സിറാജ് ബൗള്‍ഡാക്കി.
എട്ടാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഓലീ റോബിന്‍സണ്‍(പുറത്താകാതെ 31) റൂട്ടിനൊപ്പം കരുതലോടെ കളിച്ചു. പിന്നെ ഇന്നലെ കളി തീരും വരെ ഭാരത ബൗളര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ടെസ്റ്റ് കരിയറിലെ 31-ാം സെഞ്ചുറിയുമായി റൂട്ട് ഇംഗ്ലണ്ടിന്റെ രക്ഷാദൗത്യം ഗംഭീരമാക്കി. ഇതോടെ ഭാരതത്തിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വിദേശ താരം എന്ന റിക്കാര്‍ഡിന് ഉടമയാകാനും റൂട്ടിന് സാധിച്ചു. ഭാരതത്തിനെതിരെ താരത്തിന്റെ പത്താം സെഞ്ചുറിയാണിത്. രണ്ടാം സ്ഥാനത്ത് ഒമ്പത് സെഞ്ചുറി നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ആണ്. മൂന്നാം സ്ഥാനത്ത് വിന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സും. ഭാരതത്തിനെതിരായ 52-ാം ഇന്നിങ്സിലാണ് റൂട്ട് പത്താം സെഞ്ചുറി തികച്ചത്.
ഇന്നലെ രാവിലെ ഭാരത പരിശീലകന് രാഹുല്‍ ദ്രാവിഡില്‍ നിന്ന് ക്യാപ്പ് സ്വീകരിച്ചാണ് പുതുമുഖ താരം ആകാശ് ദീപ് കളിക്കാനിറങ്ങിയത്. താരത്തിന്റെ കുടുംബം കളി കാണാന്‍ റാഞ്ചിയിലെ സ്റ്റേഡിയത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: