കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി 27ന് വിധി പറയും. മേല്‍ശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരില്‍ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് 27ന് വൈകിട്ട് 4.15ന് വിധി പറയാന്‍ മാറ്റിയത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വീണ്ടും വിധി പറയാനായി മാറ്റുകയായിരുന്നു. അപേക്ഷകന് കേരളത്തില്‍ നിന്നുള്ള മലയാള ബ്രാഹ്മണനായിരിക്കണമെന്ന ബോര്‍ഡ് വ്യവസ്ഥക്കെതിരെയായിരുന്നു ഹര്‍ജി.
ജാതിയുടെ അടിസ്ഥാനത്തില്‍ മേല്‍ശാന്തി തസ്തികയില്‍ നിയമനം നടത്തുന്നതിന് സംസ്ഥാനത്തിന് മാനദണ്ഡം നിശ്ചയിക്കാനാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭാരത ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിജ്ഞാപനം ചോദ്യം ചെയ്തത്. ഹിന്ദുവും വിഗ്രഹാരാധകനുമായ, പൂജകള്‍ നടത്തുന്നതിനുള്ള മന്ത്രങ്ങളില്‍ നല്ല പ്രാവീണ്യമുള്ള, ജാതിമതഭേദമില്ലാതെ യോഗ്യനായ വ്യക്തിയെ മേല്‍ശാന്തിയായി നിയമിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ബിജി ഹരീന്ദ്രനാഥ് വാദിച്ചു.
മലയാള ബ്രാഹ്മണര്‍ക്ക് മാത്രമേ മേല്‍ശാന്തി നിയമനത്തിന് അര്‍ഹതയുള്ളൂ എന്ന മാനദണ്ഡം ജാതീയതയും തൊട്ടുകൂടായ്മയുമാണ് കാണിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ അഡ്വ. പ്രൊഫ. (ഡോ.) മോഹന്‍ ഗോപാല്‍ വാദിച്ചു. അടിസ്ഥാന ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാണെന്നും ഭരണഘടനയുടെ 17-ാം അനുച്ഛേദം തൊട്ടുകൂടായ്മയെ നിരോധിക്കുക മാത്രമല്ല കുറ്റകരമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: