ന്യൂദല്‍ഹി: പാര്‍ട്ടി പേര് സംബന്ധിച്ച അവകാശതര്ക്കങ്ങളെ തുടര്‍ന്ന് ശരദ് പവാര്‍ പക്ഷത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി- ശരദ് ചന്ദ്രപവാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചതിനെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഇടക്കാല ഉത്തരവ്. കേസില്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ വിധിയുണ്ടാകുന്നത് വരെ ശരദ് പവാര്‍ പക്ഷത്തിന് പാര്‍ട്ടി പേര് ഇങ്ങനെ തന്നെ ഉപയോഗിക്കാം.
അജിത് പവാറിനെ ഔദ്യോഗിക വിഭാഗമായി പ്രഖ്യാപിച്ചതില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം എന്‍സിപി ലോഗോ സംബന്ധിച്ച തീരുമാനവും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപി അംഗങ്ങളില്‍ നിന്നും മൂന്ന് ഘട്ടങ്ങളിലായി അഭിപ്രായം സ്വരൂപിച്ചാണ് അജിത് പവാര്‍ പക്ഷത്തിനെ ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചത്.
എന്‍സിപി പിളര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശരദ് പവാര്‍ വിഭാഗത്തിന് വേണ്ടി അഭിഷേക് മനു സിങ്വി ഹാജരായപ്പോള്‍ അജിത് പവാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹത്ഗിയാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: