കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സേവാദര്‍ശന്റെ ‘കര്‍മയോഗി പുരസ്കാരം’. കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍ ആര് മധുവിന്. നാടക ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കുവൈറ്റിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25 ന് നടക്കുന്ന ‘സങ്കല്പ് 2024 ‘ ചടങ്ങില്‍ സമ്മാനിക്കും. കവി രമേശന് നായര്‍, മാധ്യമപ്രവര്ത്തകന് പി ശ്രീകുമാര്‍ എന്നിവരാണ് മുന്‍ പുരസ്ക്കാര ജേതാക്കള്‍.
കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എന്‍ ആര് മധു, നിരവധി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, കാവ്യശില്പം, തെരുവുനാടകം എന്നിവയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.
കോട്ടയം മീനച്ചില്‍ സ്വദേശിയാണ്. പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എയും, എം.ഫിലും പൂര്‍ത്തിയാക്കി. സ്വാമി ‘വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും വിദ്യാഭ്യാസ ദര്‍ശനം’ എന്ന വിഷയത്തില്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി നേടി. കോഴിക്കോട് മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (മാഗ്കോം) ഉപദേശകനാണ്.
മാനവ സേവ മാധവ സേവ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന സേവാദര്‍ശന്‍, കേരളത്തിലെ എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സങ്കല്പ് 2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. 25ന് വൈകുന്നേരം 5:00 മണിക്ക് ആസ്പയര് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്, നടന് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: