തൃശൂര്‍: സംസ്ഥാന പട്ടയമേളയുടെ ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കാനിരിക്കെ പരാതിയുമായി ഒട്ടേറെപ്പേര്‍. സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് മാത്രം പട്ടയം നല്‍കുന്നുവെന്നും അര്‍ഹരായവരെ ഒഴിവാക്കുന്നുമെന്നുമാണ് ആക്ഷേപം. 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ വനഭൂമി പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കേന്ദ്രാനുമതി ലഭിച്ച ശേഷം 25 വര്‍ഷം വൈകിയതു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. ഇപ്പോഴും കേന്ദ്രം അനുവദിച്ച ഭൂമി പൂര്‍ണമായും വിതരണം ചെയ്യുന്നില്ല. ഇഷ്ടക്കാര്‍ക്ക് മാത്രം ഭൂമി നല്കുന്നു. മറ്റുള്ളവരുടെ വിവരങ്ങള്‍ മറച്ചുവെക്കുന്നു.
റവന്യൂ മന്ത്രി കെ.രാജന്റെ മണ്ഡലമായ ഒല്ലൂരിലാണ് പട്ടയങ്ങള്‍ ഏറെയും നല്‍കുന്നത്. ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ തൃക്കണായ,നരിക്കുണ്ട് പ്രദേശത്ത് നാല് പതിറ്റാണ്ടായി പട്ടയത്തിന് അപേക്ഷ നല്കി കാത്തിരിക്കുന്നവരുണ്ട്. ഇവരുടെ പേരുകള്‍ ഇക്കുറിയും ലിസ്റ്റിലില്ല. 99 ല്‍ കേന്ദ്രാനുമതി ലഭിച്ച പലരുടേയും പേരുകള്‍ ഒഴിവാക്കിയിരിക്കുന്നു.
വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍വ്വേ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയാലേ കേന്ദ്രാനുമതി ലഭിക്കൂ എന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത അപേക്ഷകരോടുള്ള ക്രൂരതയാണ്.
നാല്സെന്റ് ഭൂമിക്ക് പട്ടയത്തിന് അപേക്ഷിച്ച ആയിരങ്ങള്‍ കാത്തുനില്‍ക്കുമ്പോഴാണ് ഒല്ലൂര്‍ മണ്ഡലത്തില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നത്. തൃശൂര്‍ ജില്ലയില്‍ 1300 ലേറെ അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. വനഭൂമി പട്ടയ ഓഫീസ് പ്രവര്ത്തമാരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആവശ്യത്തിന് സര്വ്വേയര്മാരോ മറ്റ് ജീവനക്കാരോ വാഹനങ്ങളോ ഇല്ല.
നവകേരള സദസ്സില്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയവരെ കബളിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. വീണ്ടും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കാന് പറഞ്ഞു. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ല. വനഭൂമി പട്ടയ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത് . എന്നാല്‍ ഇവിടെയെത്തുന്നവര്‍ക്ക് നിരാശയാണ് ഫലം. തൃശൂര്‍ വനഭൂമി പട്ടയ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുമെന്ന് ഭൂസമര സമിതി ഭാരവാഹികളായ ഷാജഹാന് എളനാട്,സരസ്വതി വലപ്പാട് റക്കീബ് തറയില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: