ആറ്റുകാല്‍: പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വ്രതം kuthiyottamആരംഭിച്ചു. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന ചടങ്ങാണ് കുത്തിയോട്ടം. ഇത്തവണ 606 ബാലന്മാരാണ് കുത്തിയോട്ടത്തിനുള്ളത്. ഇന്നലെ രാവിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ശേഷം കുത്തിയോട്ട വ്രതത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
രാവിലെ 9.30ന് വ്രതം ആരംഭിച്ചു. മഹിഷാസുര മര്‍ദ്ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കല്‍പ്പിക്കുന്നത്. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനോടെയെത്തിയ ബാലന്മാര് ആറ്റുകാലമ്മയെ വണങ്ങി. പള്ളിപ്പലകയില്‍ ഏഴു നാണയങ്ങള്‍ ദേവിക്ക് കാഴ്ചവച്ച് മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥവും പ്രസാദവും വാങ്ങിയതോടെയാണ് വ്രതാനുഷ്ഠാനത്തിന് ആരംഭമായത്. രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായി.
10 നും 12നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് കുത്തിയോട്ട നേര്‍ച്ചയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയില്‍ ഏഴു ദിവസം കൊണ്ട് 1008 നമസ്കാരം ചെയ്ത് ഭജനമിരിക്കുന്നതാണ് കുത്തിയോട്ട ചടങ്ങ്. കുത്തിയോട്ട നേര്‍ച്ചയിലൂടെ ദേവീപ്രീത്രിയും രോഗമുക്തിയും ബുദ്ധിവികാസവും വിദ്യാ വിജയവും ജീവിത വിജയവും ലഭിക്കുമെന്നാണ് വിശ്വാസം.
ഒന്‍പതാം ദിവസം പൊങ്കാല നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികള്‍ക്ക് ചൂരല്‍ കുത്തുന്നതോടെയാണ് കുത്തിയോട്ടത്തിന് തുടക്കം കുറിക്കുക. വെള്ളിയില്‍ നിര്‍മ്മിച്ച നൂലാണ് ചൂരലായി സങ്കല്‍പ്പിച്ച് കുത്തുന്നത്. തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ പുറത്തെഴുന്നെള്ളിപ്പ് ഘോഷയാത്രയില്‍ അകമ്പടി സേവിക്കും. ക്ഷേത്ര കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നള്ളിപ്പ്.
ഘോഷയാത്ര മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി തിരികെ ആറ്റുകാലില്‍ മടങ്ങിയെത്തിയ ശേഷം വെള്ളിനൂല് ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെയാണ് കുത്തിയോട്ട വഴിപാട് അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: