റായ്പൂര്‍: ജൈന ആചാര്യന് മഹാവീര്‍ വിദ്യാസാഗര്‍ മുനിമഹാരാജ് (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡ് ചന്ദ്രഗിരി ജൗനമന്ദിറിലായിരുന്നു അന്ത്യം. മരണത്തിന് മുന്നോടിയായി മൂന്ന് ദിവസം മുന്‍പ് അദ്ദേഹം ആഹാരപാ
നീയങ്ങള്‍ ഉപേക്ഷിക്കുകയും മൗനവ്രതം ആരംഭിക്കുകയും ചെയ്തിരുന്നു.
1946 ഒക്ടോബര്‍ 10ന് കര്‍ണാടകയിലെ ബെലഗാവിയിലാണ് ജനനം. 1968ലാണ് അദ്ദേഹം ദിംഗംബര ദീക്ഷ സ്വീകരിച്ചത്. 1972ല്‍ ഇരുപത്താറാം വയസില്‍ അദ്ദേഹം ആചാര്യനായി. നൂറുകണക്കിന് ശിഷ്യര്‍ക്ക് ദീക്ഷ നല്കിയ അദ്ദേഹം പൊതുജനസേവയാണ് ആദ്ധ്യാത്മികത എന്ന ദര്‍ശനത്തിന്റെ പ്രയോക്താവായിരുന്നു.
ആചാര്യ വിദ്യാസാഗര്‍ 1946 ഒക്ടോബര്‍ 10 ന് ശരദ് പൂര്‍ണിമ ദിനത്തില്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടി ഗ്രാമത്തില്‍ ജനിച്ചു. ദിഗംബര്‍ ജൈന സമുദായത്തിലെ ഏറ്റവും പ്രശസ്തനായ സംന്യാസിയായിരുന്നു ആചാര്യ വിദ്യാസാഗര്‍ മഹാരാജ്. ആചാര്യ ജ്ഞാനസാഗറിന്റെ ശിഷ്യനായിരുന്നു വിശുദ്ധ ആചാര്യ വിദ്യാസാഗര്‍. ആചാര്യ ജ്ഞാനസാഗര്‍ സമാധിയായപ്പോള്‍ അദ്ദേഹം തന്റെ ആചാര്യസ്ഥാനം മുനി വിദ്യാസാഗറിന് കൈമാറി. തുടര്‍ന്ന് മുനി വിദ്യാസാഗര്‍ 1972 നവംബര്‍ 22-ന് വെറും 26-ാം വയസ്സില്‍ ആചാര്യനായി.
ആചാര്യന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും സമൂഹത്തിന് വേണ്ടി അദ്ദേഹം ചെയ്ത വലിയ സംഭാവനകള്‍ വരും തലമുറ എന്നും ഓര്‍മ്മിക്കുമെന്ന് മോദി അനുസ്മരണസന്ദേശത്തില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ആചാര്യനുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹം ഓര്‍ത്തു.
സമാജക്ഷേമത്തിന്റെ ചൈതന്യത്താല്‍ പ്രചോദിതനായിരുന്നു ആചാര്യനെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ഗോസംരക്ഷണ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൈത്തറി കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി സേവാകേന്ദ്രങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്. ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകളില്‍ ആദര്‍ശപരമായ മാറ്റം അദ്ദേഹം സൃഷ്ടിച്ചു. രാജ്യത്തിനും ലോകത്തിനും ദിശാബോധം പകരുന്നതായിരുന്നു ആ ജീവിതം, സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: