ഗംഗാമാതാവിന്റെ ഉദ്ഗമസ്ഥാനം കാണാനുള്ള ചിരകാലാഭിലാഷം സഫലമായി. ഗംഗോത്രി വരെ എത്താനുള്ള മാര്‍ഗത്തിലെ ബുദ്ധിമുട്ടുകളെയും പ്രയാസങ്ങളെയും അപേക്ഷിച്ച് വളരെ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്, ഗംഗോത്രി മുതല്‍ ഗോമുഖം വരെയുള്ള ദുര്‍ഘടമായ 18 മൈല്‍ ദൂരം. ഗംഗോത്രിവരെയുള്ള വഴിക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഗവണ്മെന്റിന്റെ റോഡുവകുപ്പുകാര് അത് നന്നാക്കും. എന്നാല്‍ ജനസഞ്ചാരം വല്ലപ്പോഴുമെങ്ങാനും മാത്രമുള്ള ഈവഴി ആരുനന്നാക്കാനാണ്? പര്‍വതപ്രദേശങ്ങളിലെ വഴികള്‍ ഇടിഞ്ഞും പൊളിഞ്ഞും ചീത്തയാകുന്നത് സാധാരണയാണ്. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നന്നാക്കിയില്ലെങ്കില്‍ ഈവഴികളിലൂടെ നടക്കുക ദുഷ്ക്കരമാണ്. വഴിയിലെ വിഛിന്നമായ ചില ഭാഗങ്ങള്‍ തരണം ചെയ്യുന്നത് ജീവന് പണയം വച്ചുള്ള ഏര്‍പ്പാടു തന്നെ ആയിരുന്നു. കാല് അല്പമൊന്നു വഴുതിയാല്‍ മതി, ജീവിതയാത്രയുടെതന്നെ അന്ത്യമായി.
ഗംഗ ഒരു ചെറിയ ധാരയായി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നിടത്തെ ഹിമപടലം നീലനിറമുള്ളതാണ്. അമ്മയുടെ (ഗംഗ) ഈ ഉദ്ഗമസ്ഥാനം ഹിമാഛാദിതമായ ഗിരിശൃംഗങ്ങള്‍ നിമിത്തം വളരെ ശോഭനീയമായി കാണപ്പെടുന്നു. സാധാരണ അരുവിപോലെ പ്രത്യക്ഷപ്പെടുന്ന ജലധാര തീരെ ചെറുതാണെങ്കിലും വേഗത വളരെ കൂടുതലാണ്. ഈ ധാര കൈലാസത്തില്‍ നിന്ന്… അതായത് ശിവന്റെ ജടയില്‍ നിന്നുമാണ് പുറപ്പെടുന്നത് എന്ന് പറയപ്പെടുന്നു. കൈലാസത്തില്‍ നിന്നും ഗംഗോത്രിവരെയുള്ള പരശ്ശതം മൈല്‍ ദൂരം, ഹിമപടലങ്ങള്ക്കുള്ളിലൂടെ അനേകായിരം ടണ്‍ മഞ്ഞുകട്ടകളുടെ ഭാരം സഹിച്ച് പുറത്തുകടക്കേണ്ടി വരുന്നത് മൂലമാണ് ഇത്ര തീവ്രതയോടെ പുറത്തുവരുന്നത്. എന്തുമാകട്ടെ, സഹൃദയഭാവനയില് മാതൃവക്ഷസ്സില് നിന്നുള്ള പയപ്രവാഹമാണിത്. ‘ഗംഗാലഹരി’യുടെ രചയിതാവായ ‘ജഗന്നാഥ മിശ്ര’യുടെ മനസ്സില്‍ പൊന്തിയതുപോലെ ഇത് പാനം ചെയ്തു ഇതില്‍ തന്നെ നിമഗ്നമാകാനുള്ള ആവേശം പൊന്തിവരികയാണ്. അദ്ദേഹം താന്‍ രചിച്ച ‘ഗംഗാലഹരിയിലെ’ (ഗംഗാതരംഗം) ഓരോ ശ്ലോകം ചൊല്ലിക്കൊണ്ടു ഓരോ ചുവടു മുന്നോട്ടു വച്ച് നടന്ന് ഒടുവില്‍ ഭാവനാവേശത്തില് ഗംഗയുടെ മടിത്തട്ടില്‍ സ്വയം വിലയം പ്രാപിച്ചു. രാമതീര്‍ത്ഥ സ്വാമിയും ഭാവനാവേശത്തില് ഗംഗയിലേക്ക് കുതിച്ച് ജലസമാധി എടുത്തുവെന്നാണ് പറയപ്പെടുന്നത്.
പാനവും സ്നാനവും ചെയ്തു ഞാന്‍ എന്റെ ആവേശമടക്കി. വഴിനീളെ അഭിനിവേശങ്ങളും, ഭാവനകളും, ഗംഗയിലെ ജലം കണക്കെ ഉള്ളില്‍ അലയടിച്ചുകൊണ്ടിരുന്നു. പല ചിന്തകളും മനസ്സില്‍ വന്നുംപോയും നിന്നു. ഈ സമയത്ത് മനസ്സിലുയര്‍ന്ന ഒരു ചിന്തയെ ലിപിബദ്ധമാക്കാനുള്ള മോഹം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ അത് കുറിക്കുകയാണ്.
ഞാന്‍ ചിന്തിക്കുകയാണ്: ഇവിടെ ഗോമുഖത്ത് തുലോം ലോലമായ ഒരു പിഞ്ചുധാരമാത്രമാണ് ഗംഗ. വഴിയില്‍ അനേകായിരം അരുവികളും തോടുകളും നദികളും ഇതില്‍ ചേരുന്നു, അവയില്‍ പലതും ഗംഗയുടെ ആദ്യധാരയേക്കാള് പലമടങ്ങു വലുതാണ്. ഇവയെല്ലാം ചേര്‍ന്നാണ് ഗംഗ, ഹരിദ്വാര്‍, കാണ്പൂര്്, പ്രയാഗ് എന്നിവിടങ്ങളില്‍ കാണുന്നത്ര വലുതായിതീര്ന്നത്. ഇതില്‍ നിന്നു വലിയ വലിയ കനാലുകളും വെട്ടിയെടുത്തിട്ടുണ്ട്. ഗോമുഖത്തെ ഉദ്ഗമ സ്ഥാനത്തുനിന്നുള്ള വെള്ളം ഒരു കനാലിനുതന്നെ തികയത്തില്ല. മറ്റു നദികള്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ ഇതിലെ വെള്ളം 1050 മൈല്‍ ദൂരം പോകുമ്പോഴേക്കും അവിടെയുള്ള മണ്ണു വലിച്ചെടുത്ത് മുമ്പോട്ടുള്ള പോക്കുതന്നെ നിന്നുപോകുമായിരുന്നു. ഗംഗ തീര്‍ച്ചയായും മഹത്വമാര്‍ന്നതാണ്. കാരണം പുഴകളെയും തോടുകളെയും തന്റെ സ്നേഹത്താല്‍ ബന്ധിക്കാന്‍ അതിനു കഴിഞ്ഞു. തന്റെ ഉദാരതയുടെ ഉത്തരീയം നിവര്‍ത്തി ചെറുതും വലുതുമായ അരുവികളെയും തോടുകളെയും കരവലയത്തിലെടുത്താശ്ലേഷിച്ച് നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് നടന്നു. അവയുടെ നന്മതിന്മകളെ അവഗണിച്ച് എല്ലാറ്റിനെയും തന്റെ ഉള്ളില്‍ സമാഹരിച്ചു. ഉള്ളില്‍ അഗാധമായ ആത്മീയതയും സ്വജനസ്നേഹവും നിറഞ്ഞു നില്ക്കുന്ന നദിക്കുണ്ടോ വെള്ളത്തിന് കുറവു വരുന്നു? ദീപനാളം സ്വയം കത്തുമ്പോള്‍ ഈയാംപാറ്റകളും സ്വയം അതിന്മേല് കത്തിയെരിയാന്‍ സന്നദ്ധരാകുന്നു. ഗംഗ ജനക്ഷേമാര്‍ത്ഥം ലോകത്തിനു കുളിര്‍മ പകരാന്‍ പുറപ്പെടുമ്പോള്‍ പുഴകളും തോടുകളും എങ്ങനെയാണ് ഗംഗയില്‍ തങ്ങളെ അര്‍പ്പിക്കാതിരിക്കുക? ഗാന്ധി, ശ്രീബുദ്ധന്, ക്രിസ്തു എന്നിവരുടെ ആത്മാക്കളില്‍ എത്രയോ ആത്മാവുകള്‍ താദാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്നത് സ്പഷ്ടമായി കാണാവുന്നതല്ലേ?
ഗംഗയുടെ അടിത്തട്ട് എല്ലാറ്റിലും താഴ്ന്നതാണ്. അതുകൊണ്ടാണ് തോടും പുഴകളും അതില്‍ പതിച്ചത്. ഗംഗ തന്റെ തട്ടു ഉയരത്തിലാക്കി നടന്നിരുന്നുവെങ്കില്‍ തന്റെ നിലപൊക്കിക്കാട്ടി നടന്നിരുന്നുവെങ്കില്‍, തോടുകളും പുഴകളും ചെറുതാണെങ്കില്‍ തന്നെയും, അതിന്റെ അഹങ്കാരത്തിന് വില കല്പിക്കാതെ, വെറുപ്പുതോന്നി മറ്റു വഴിക്കു പോകുമായിരുന്നു. തോടുകളും പുഴകളും ഉദാരമതികളും, അവയുടെ ത്യാഗം പ്രശംസനീയവുമാണ്. എന്നിരുന്നാലും ഗംഗ, താഴ്മയോടെ, നമ്രതയോടെ സ്വയം താണ നിലയിലിരുന്ന്, അവയുടെ ഉദാരതയും ത്യാഗവും ചാരിതാര്ത്ഥമാക്കി. ഗംഗയുടെ മാഹാത്മ്യം മറ്റു പലതുമുണ്ട്. എന്നാലും എത്ര അഭിനന്ദിച്ചാലും തീരാത്തതാണ് ഈ ഒരേ ഒരു മാഹാത്മ്യം.
തോടുകളും പുഴകളും അരുവികളും സരിത്തുകളും തങ്ങളുടെ മഹത്വാകാംക്ഷകളും കീര്്ത്തി നേടാനുള്ള അഭിലാഷങ്ങളും വെടിഞ്ഞു ദൂരവീക്ഷണം പ്രകടിപ്പിച്ചതു തന്നെ വളരെ ശ്ലാഘനീയമാണ്. സ്വന്തം അസ്തിത്വം വെടിഞ്ഞു ഗംഗയുടെ കഴിവും കീര്്ത്തിയും വര്‍ദ്ധിപ്പിച്ചു. സാമൂഹികത്വത്തിന്റെയും, ഏകവല്ക്കരണത്തിന്റെയും സഹകരണമനോഭാവത്തോടെ പണിചെയ്യുന്നതിന്റെയും മഹത്ത്വം ഇവ മനസ്സിലാക്കി.
ഇതുതന്നെ തീരാത്ത പ്രശംസ അര്‍ഹിക്കുന്നു. സംഘടനാശക്തി എന്താണെന്ന് അവ വാക്കുകൊണ്ടോ, ഭാവംകൊണ്ടോ, അല്ല, പ്രത്യുത കര്‍മ്മത്തിലൂടെയാണ് പ്രകടിപ്പിച്ചത്. ഇതാണ് കര്മ്മവീരത്വം. അനുപമമായ ഈ ആത്മത്യാഗത്തില്‍ എത്രമാത്രം മാഹാത്മ്യമുണ്ടോ, അത്രതന്നെ ദൂരദര്‍ശിത്വവും ഇതിലടങ്ങിയിരിക്കുന്നു. സ്വന്തം അസ്തിത്വം നിലനിര്‍ത്തണമെന്നു വാശിപിടിച്ച്, തന്റെ കഴിവിന്റെ യശസ്സ് തനിക്കുതന്നെ വേണമെന്നുള്ള നിലപാട് സ്വീകരിച്ച് ഗംഗയില്‍ ലയിക്കുവാന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ സ്വന്തം അസ്തിത്വവും പേരും തീര്‍ച്ചയായും നിലനിര്‍ത്താന്‍ കഴിഞ്ഞേനേ. പക്ഷേ അത് തുലോം ചെറുതും അപ്രധാനവും, നിസ്സാരവും ഉപേക്ഷണീയവുമായി പരിഗണിക്കപ്പെടുമായിരുന്നു. ആ സ്ഥിതിയില്‍ ആരും അതിനെ ഗംഗാജലമായി കണക്കാക്കുകയില്ലായിരുന്നു; ശിരസ്സിലും പാദത്തിലും അര്‍പ്പിക്കുവാന്‍ ആരും കൂട്ടാക്കുകയില്ലായിരുന്നു.
ഇന്ന് ഞാന്‍ ദര്‍ശിച്ചതും സ്നാനം ചെയ്തതുമായ ഗംഗയുടെ ഗോമുഖത്തിലെ പവിത്രധാര ഗംഗയുടെ ഉത്ഭവം മാത്രമായിരുന്നു. സമ്പൂര്ണഗംഗ അനേകായിരം തോടുകളും പുഴകളും ചേര്‍ന്നു സംഘടിച്ച് സാമൂഹ്യപ്രവര്‍ത്തനവുമായി മുന്നേറി ഉണ്ടായതാണ്. അതിനെ ഗംഗാസാഗരം സ്വാഗതം ചെയ്യുന്നു. ലോകമാസകലം അതിനെ പൂജിക്കുന്നു. എന്നെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമേ ഗോമുഖം തേടി എത്താറുള്ളു.
ഗംഗയും പുഴകളും തോടുകളും ചേര്‍ന്നുണ്ടായ മഹദ്പരിണാമം സാധാരണക്കാരായ നമ്മുടെ നേതാക്കന്മാരും അനുയായികളും മനസ്സിലാക്കി, സാമൂഹികത്വത്തിന്റെയും സാമാജികത്വത്തിന്റെയും മഹത്വം ജീവിതത്തിലേക്ക് പകര്‍ത്തിയാല്‍ ഗംഗയെപ്പോലെ പവിത്രവും പാപനാശകവും, ലോകോദ്ധാരണപരവുമായ സംഘടനാശക്തി പടുത്തുയര്ത്താന്് കഴിയും.
തപോവനത്തിന്റെ മുഖ്യദര്‍ശനം
ഭാഗീരഥി ഭഗവതിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖദര്ശനത്താല് ഞാന്‍ അനുഗൃഹീതനായി. കാഴ്ചയില്‍ വിശാലമായ ഒരു പാറയുടെ വിടവിലൂടെ പാലുപോലെ ശുദ്ധമായ ജലത്തിന്റെ തുള്ളിച്ചാടിവരുന്ന ഒരു ചെറിയ അരുവി. അതാണീ ഗോമുഖം. പ്രവാഹത്തിന്റെ തീവ്രത കാരണം ഇടയ്ക്കുള്ള കല്ലുകളില്‍ ്തട്ടി ചിന്നിച്ചിതറുന്ന ജലകണങ്ങള്‍ വളെരെ ഉയരത്തില്‍ വരെ തെറിച്ചെത്തുന്നുണ്ടായിരുന്നു. ഇങ്ങനെ തെറിച്ചുപൊങ്ങിയ ജലകണങ്ങളില്‍ സൂര്യപ്രകാശം പതിച്ച് മനോഹരമായ മഴവില്ലുപോലെ കാണപ്പെട്ടു.
ഈ പവിത്രമായ ജലപ്രപാതത്തില്നിന്ന് പുറപ്പെട്ടു വര്ഷാനുവര്ഷങ്ങളായി മനുഷ്യജാതിയുടെ ഉദ്ധാരണാര്‍ത്ഥം പ്രദാനം ചെയ്യുന്ന സന്ദേശത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മ്മ ഉദിക്കുമ്പോള്‍ തന്നെ ആത്മാവ് പാവനമാകുന്നു. ഈ ദൃശ്യം കണ്ണിനുള്ളില്‍ കുടിപാര്‍പ്പിക്കാന്‍ മോഹം തോന്നുന്നു.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: