തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 8 മണിക്ക് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിക്കും.
കുംഭത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് ആറ്റുകാലില്‍ പൊങ്കാല നടക്കുന്നത്. അതിന് ഒന്‍പത് ദിവസം മുമ്പ് കാര്‍ത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നില്‍ പച്ചഓല കൊണ്ട് താല്‍ക്കാലികമായി ഒരു പന്തല്‍ കെട്ടും. ഈ പന്തലിലിരുന്നാണ് തോറ്റം പാട്ടുകാര്‍ കണ്ണകീചരിതം പാടുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട് ആരംഭിക്കുന്നത്.
തോറ്റംപാട്ടിലൂടെ ഈ ഒരുക്കങ്ങള്‍ വര്‍ണിച്ചു ഭഗവതിയുടെ വരവിനായി പാട്ടിലൂടെ ആശാന് (ഭക്തരും) പ്രാര്‍ത്ഥിക്കുന്നു. തോറ്റംപാട്ടിന് നേതൃത്വം നല്കുന്ന ആശാന്റെ പേര് മധു എന്നാണ്. പാട്ടിനിടയില്‍ ആശാന് ഇടയ്ക്കിടയ്ക്ക് ഇടതുകണ്ണടച്ചു വലത് കണ്ണിലൂടെയും, വലതുകണ്ണടച്ചു ഇടത് കണ്ണിലൂടെയും ശ്രീകോവിലിലേക്ക് നോക്കും. അന്തരീക്ഷത്തില്‍ നിന്ന് ശ്രീകോവിലിനുള്ളിലേക്ക് ഒരു ദിവ്യപ്രകാശം പ്രവേശിച്ചതായി കണ്ടാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതി വന്നതായി ആശാന് പാട്ടിലൂടെ അറിയിക്കും. ഇതറിയുന്ന നിമിഷം കൂട്ടക്കതിന വെടിയും കുരവയും ദേവീസ്തുതിയും നാമജപവും കൊണ്ട് അന്തരീക്ഷം മുഴങ്ങും. ഈ സമയത്ത് ആറ്റുകാല്‍ ഭഗവതിയുടെ വാളിലേക്ക് ക്ഷേത്രം തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിക്കുന്നു. ഇതിനുശേഷം ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരു മോതിരം ബന്ധിക്കുകയും മറ്റൊന്ന് മേല്‍ശാന്തി ധരിക്കുകയും ഒപ്പം ഒരു നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കുകയും ചെയ്യും. ഇതാണ് കാപ്പുകെട്ട്.
കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയാണ് പൊങ്കാലയ്ക്ക് മുമ്പ് ഒന്‍പത് ദിവസങ്ങളിലായി തോറ്റംകാര്‍ പാടിത്തീര്‍ക്കുന്നത്. മൂന്നാം ഉത്സവ ദിവസമായ 19ന് രാവിലെ കുത്തിയോട്ടവ്രതം ആരംഭിക്കും. ക്ഷേത്രത്തില്‍ താമസിച്ച് വ്രതം നോല്‍ക്കുന്ന കുട്ടികള്‍ ദിവസവും മൂന്നുനേരം കുളിച്ച് ഈറനണിഞ്ഞ് ദേവിക്ക് മുന്നില്‍ 1008 നമസ്ക്കാരം നടത്തും. കുത്തിയോട്ടത്തിനുള്ള ചൂരല്‍കുത്ത് പൊങ്കാലദിവസം വൈകിട്ട് നടത്തും. ഏഴാം ഉത്സവദിവസമായ 23ന് രാവിലെ 7 മണിക്കേ നട തുറക്കൂ. കോവിലന്റെ മരണത്തിന്റെ ദുഃഖസൂചകമായാണ് അന്നേദിവസം നട തുറക്കുന്നത് താമസിച്ചാക്കിയത്.
ഒന്‍പതാം ഉത്സവദിവസമായ 25ന് രാവിലെ തോറ്റം പാട്ടുകാര്‍ പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. അതിന് തലേദിവസം അതായത് മകം നാളിലാണ് കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട് ആറ്റുകാലില്‍ തിരിച്ചെത്തിയതെന്നും അപ്പോള്‍ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയിട്ടു സ്വീകരിച്ചെന്നുമാണ് വിശ്വാസം. പൊങ്കാല ദിവസം രാത്രിയില്‍ ആറ്റുകാലമ്മ മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പിറ്റേ ദിവസം (ഉത്രം നാളില്‍) പതിനൊന്നു മണിയോടെ തിരിച്ചെത്തും. തുടര്‍ന്ന് രാത്രി 9.45ന് കാപ്പഴിക്കല്‍ ചടങ്ങ് നടക്കും. കാപ്പഴിക്കുന്നതിനു മുമ്പ് പാട്ടുകാര്‍ പൊലിപ്പാട്ടു പാടി ദേവിയെ വാഴ്ത്തും. ഭൂമിയിലെ സകലചരാചരങ്ങള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാന്‍ വേണ്ടിയാണ് പാട്ടുകാര്‍ പ്രാര്‍ത്ഥിക്കുന്നത്. പൊലിപ്പാട്ട് പാടുമ്പോള്‍ ക്ഷേത്രം തന്ത്രി ആറ്റുകാല്‍ ഭഗവതിയുടെ ഉടവാളില്‍ ബന്ധിച്ചുവച്ച കാപ്പ് അഴിച്ചുമാറ്റുന്നു. ഒപ്പം മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും കാപ്പ് അഴിക്കും. പിന്നെ തന്ത്രി ദേവിയുടെ മൂലവിഗ്രഹത്തില്‍ ഞൊറിഞ്ഞിട്ട നേര്യത് അഴിച്ച് ആചാരപ്രകാരം മടക്കി, പഞ്ചലോഹ നിര്‍മിതമായ കാപ്പുകള് സഹിതം ആശാനെ ഏല്പിക്കുന്നു. അതോടെ അമ്മയെ തിരികെ യാത്രയാക്കി ആചാരവിധികളോടെ കൊടുങ്ങല്ലൂരില്‍ എത്തിക്കുന്ന ചടങ്ങിന് സമാപനമാകും. പിന്നെ കുടിയിളക്കലും രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന കുരുതിതര്‍പ്പണവും കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ ഉത്സവം സമാപിക്കും.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം അനുശ്രീ നിര്‍വഹിക്കും. ഇന്ന് വൈകുന്നേരം 6ന് അംബ ആഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് ഈ വര്‍ഷത്തെ അംബാ പുരസ്കാരം ഡോ.ജോര്‍ജ് ഓണക്കൂറിന് നല്കി അദ്ദേഹത്തെ ക്ഷേത്ര ട്രസ്റ്റ് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: