രേവാരി (ഹരിയാന): ഹരിയാനയിലെ രേവാരിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഇക്കുറ് നാനൂറിനും മുകളില്‍. (അബ് കി ബാര്‍ ചാര് സൗ പാര്). രേവാരിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയമന്ത്രം പകര്‍ന്നത്. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ഭാരതം നേടിയ ഉയര്‍ച്ച അദ്ദേഹം അക്കമിട്ട് നിരത്തി.
‘ജി 20 ഉച്ചകോടി വിജയിച്ചെങ്കില്‍ അത് നിങ്ങളുടെ അനുഗ്രഹം കൊണ്ടായിരുന്നു. അസാധ്യമെന്ന് കരുതിയിടത്ത് നമ്മള് ഭാരതത്തിന്റെ ദേശീയ പതാക നാട്ടി. ആ പവിത്ര പതാക ചന്ദ്രനില്‍ എത്തി, നിങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ അതിന് കഴിയുമായിരുന്നില്ല. പത്ത് വര്‍ഷം മുമ്പ് ലോകരാജ്യങ്ങളില്‍ സാമ്പത്തികരംഗത്ത് നമ്മുടെ സ്ഥാനം പതിനൊന്നാമത് ആയിരുന്നു. എന്നാല്‍ നമ്മളിപ്പോള്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. നിങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടെങ്കില്‍ മൂന്നാം ഊഴത്തില്‍ നമ്മുടെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി കുതിച്ചുയരും, മോദി പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ്, രേവാരി എയിംസ്, പുതിയ റെയില്‍ പാത എന്നിവയുള്‍പ്പെടെ 10,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഹരിയാനയ്ക്ക് കൈമാറാന്‍ എനിക്ക് അവസരം ലഭിച്ചു. മെട്രോ ലൈന്‍, ഒരു മ്യൂസിയം.. ഇതെല്ലാം പുണ്യപ്രവര്‍ത്തിയായി കരുതുന്നു. ഭഗവാന് രാമന്റെ അനുഗ്രഹം മൂലമാണ് ഇതെല്ലാം സാധിക്കുന്നത്.
രേവാരിയില്‍ 9750 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രേവാരിയുടെ സ്വപ്നങ്ങളാണ് മോദിയിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹരിയാന മോദിക്കൊപ്പമുണ്ട്. 2013 ല്‍ അങ്ങ് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ഇതേ രേവാരിയില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് യാത്ര തുടങ്ങിയത്. ഇന്ന് രേവാരിയിലെ ജനങ്ങളുടെ ആഗ്രഹവും സ്വപ്നവും പൂര്‍ത്തിയാക്കി അങ്ങ് ഞങ്ങളെ നയിക്കുന്നു. ഗുരുഗ്രാമില്‍ ആരംഭിച്ച മെട്രോ സ്റ്റേഷന് പദ്ധതി ഗുരുഗ്രാമില്‍ നിന്നോ രാജ്യത്ത് നിന്നോ ഉള്ള ആളുകളെ മാത്രമല്ല, ഹരിയാനയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശ കമ്പനികളെയും സഹായിക്കും. ഈ ജനങ്ങളുടെയാകെ വിശ്വാസം മോദിക്കൊപ്പമുണ്ട്, ഖട്ടര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: