വയനാട്ടിലെ മാനന്തവാടിയില്‍, വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്നയാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ വളരെയധികം നടുക്കവും വേദനയുമുളവാക്കുന്നതായിരുന്നു. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ വനമേഖലയ്ക്ക് അരികെയുള്ള ജനവാസമേഖലകളില്‍, പ്രത്യേകിച്ച് വയനാട്ടില്‍, വന്യജീവികളുടെ ആക്രമണം ഒരു നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ വയനാട്ടിലെ കാര്‍ഷികമേഖലയിലെ ചില പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും ജനജീവിതത്തെ കുറിച്ചും എനിക്കറിവുള്ള ചില കാര്യങ്ങളും മറ്റു ചിലരുടെ അനുഭവങ്ങളും പങ്കുവക്കുകയാണ്. മനുഷ്യര്‍ക്കും അതേസമയം മൃഗങ്ങള്‍ക്കും ഒപ്പമാണ് ഞാന്‍ എന്നെഴുതിയാല്‍ അത് വിരോധാഭാസമായി തോന്നാം. പക്ഷെ ഈ രണ്ടു വിഭാഗങ്ങളുടെ സുസ്ഥിതിയും സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമായതിനാല്‍ നാമെല്ലാം അങ്ങനെ തന്നെയല്ലേ ചിന്തിക്കേണ്ടത്?!
വയനാട് എന്റെ കുടുംബത്തിന്റെ നാടായതുകൊണ്ടു തന്നെ അവിടെ മനുഷ്യരും മൃഗങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എനിക്ക് നന്നായി അറിയാം. വയനാട്ടില്‍ പലയിടത്തും സംഭവിക്കുന്നതുപോലെ തന്നെ വയനാട് ചെല്ലങ്കോടുള്ള ഞങ്ങളുടെയും കുടുംബത്തിന്റെയും മറ്റ് കര്‍ഷകകുടുംബങ്ങളുടെയും കാപ്പി-തേയില തോട്ടങ്ങളിലൊക്കെയും, വീട്ടുമുറ്റത്തും, കാപ്പി ഉണക്കുന്ന കളത്തിലും, റോഡിലും വരെ ആന, പുലി, കരടി, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ്, എല്ലാം കുറച്ചു കാലമായി ഇടക്കിടെ ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങാറുണ്ട്. കാരണം എസ്റ്റേറ്റുകളുടെ വളരെ അടുത്ത പ്രദേശങ്ങള്‍ കേരള-തമിഴ്നാട്-കര്‍ണ്ണാടക-വനാതിര്‍ത്തികളാണ്. ഈ പ്രദേശത്ത് വനമേഖലയെ തൊട്ടുകൊണ്ട് വയനാടന്‍-നീലഗിരി മലനിരകളില്‍ നിന്ന് ആരംഭിക്കുന്ന മീന്മുട്ടിപ്പുഴ താഴോട്ട് ഒഴുകി നിലമ്പൂര്‍ വഴി ചാലിയാറായി മാറുന്നു. ഈ വനങ്ങളില്‍ നിന്നുമാണ് മൃഗങ്ങള്‍ തോട്ടങ്ങളിലൂടെയും പിന്നെ പുഴ നീന്തിക്കടന്നും കൃഷിയിടങ്ങളിലേക്ക് കൂട്ടത്തോടെ വരുന്നത്. തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്ന കവുങ്ങ്, ചെറിയ തെങ്ങുകള്‍, വാഴ, കാപ്പി, മറ്റ് പച്ചക്കറികള്‍, പ്ലാവ് എന്നിവയൊക്കെ കാട്ടാനകള്‍ വ്യാപകമായി ഒടിച്ച്, കശക്കിയെറിഞ്ഞ്, കായ്ഫലങ്ങള്‍ തിന്ന്, കാട്ടിലേക്ക് മടങ്ങും. കൂടാതെ ഇവ കൂട്ടത്തോടെ വന്ന് ചവിട്ടി മെതിച്ച് കയറുന്ന കാപ്പിത്തോട്ടങ്ങളില്‍ പാകമായ കാപ്പിക്കുരു കൊഴിഞ്ഞുവീണും വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിക്കുന്നത്. കുരങ്ങുകളും കൂട്ടമായി ഫലവര്‍ഗ്ഗങ്ങളും പഴുത്തു നില്ക്കുന്ന കാപ്പിക്കുരുക്കളും ധാരാളമായി തിന്നു തീര്‍ക്കുന്നു..!
വലിയ മനോവ്യഥയും ജീവഭയവുമാണ് വയനാട്ടിലെ മുഴുവന്‍ ചെറുകിട കര്‍ഷകരും തോട്ടമുടമകളും അനുഭവിക്കേണ്ടി വരുന്നത്. കൂടാതെ പുലിയും, കടുവയും മറ്റും ഇടയ്ക്കൊക്കെ ഞങ്ങളുടെ അടുത്ത പ്രദേശങ്ങളിലൊക്കെ ഇറങ്ങാറുണ്ട്. ആടുമാടുകളെ പലര്‍ക്കും നഷ്ടപ്പെട്ടു. തോട്ടം തൊഴിലാളികളും വനവാസി കുടുംബങ്ങളും എല്ലാം ജീവഭയം മൂലം പരിഭ്രാന്തരാവുന്നു.! മുമ്പ് സംഭവിച്ചിരുന്നെങ്കിലും, ഞങ്ങളുടെ പ്രദേശങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രം അടുത്തകാലത്ത് ജീവഹാനി ഉണ്ടായിട്ടില്ല എന്നത് അല്പം ആശ്വാസം പകരുന്നു.
ടിവി ചാനലുകളും പത്രങ്ങളും മറ്റും വാര്‍ത്ത നല്‍കാറുണ്ടെങ്കിലും ആരെങ്കിലും അറിയിച്ചാല്‍ വനം വകുപ്പുകാര്‍ വന്ന് പരാതി കേട്ട് പോകുകയാണ് പതിവ്. പ്രതിഷേധം കനത്തപ്പോള്‍ വനംവകുപ്പ് ചില പരീക്ഷണങ്ങള്‍ നടത്തി. കൃഷിയിടങ്ങള്‍ക്ക് ചുറ്റും കമ്പിവേലി സ്ഥാപിക്കാന്‍ അനുവാദവും ധനസഹായവും നല്കി. അങ്ങനെ ഞങ്ങളും മറ്റ് പല തോട്ടക്കാരും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചെലവായ തുകയുടെ പങ്ക് വഹിച്ച്, ചെറുതായി ഷോക്കടിപ്പിക്കുന്ന സോളാര്‍ ഫെന്‍സിങ്ങ്(കമ്പിവേലി) അതിര്‍ത്തിയിലാകെ സ്ഥാപിക്കുകയുണ്ടായി. കുറേ നാള് ആനകള്‍ ഭയന്നു പിന്മാറിയിരുന്നു. എന്നാല്‍ അവര്‍ ബുദ്ധിശാലികളായതിനാല് ഇത് മറികടക്കാന്‍ അവര്‍ കൂട്ടത്തോടെ പരിശ്രമിച്ചുകൊണ്ടേയിരുന്നു. വലിയ മരക്കൊമ്പുകള്‍ പിഴുതു കൊണ്ടുവന്ന് കമ്പിവേലിക്ക് മേല്‍ എറിഞ്ഞ് അത് തകര്‍ത്ത് എസ്റ്റേറ്റിനുള്ളിലേക്ക് തീറ്റ തേടി കയറിവരാന്‍ തുടങ്ങി.
ഇപ്പോഴും ഈ സ്ഥിതിക്ക് വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും ഞങ്ങള്‍ ഉള്‍പ്പടെയുള്ള ചില തോട്ടമുടമകളുടെയും കര്‍ഷകരുടെയും വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ആനകളെ തടയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പങ്കാളിത്തത്തോടെ, കാടിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കടുത്തുള്ള, ഞങ്ങളുടേതുള്പ്പടെയുള്ള പലരുടേയും കൃഷിയിടങ്ങള്‍ക്ക് സംരക്ഷണം നല്കാന് കൂടുതല്‍ ഫലപ്രദമായ ഹാങ്ങിങ്ങ് സോളാര്‍ ഫെന്‍സിങ്ങ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. വിജയിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളു.
ഇനി, ആനകളുടെയും മറ്റു മൃഗങ്ങളുടെയും ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുമ്പോള്‍ അവയുടെ ക്രൂരമായ പരാക്രമങ്ങള്‍ക്ക് അവരെ കുറ്റം പറയാന്‍ പറ്റുമോ എന്ന തോന്നല്‍ ഉളവാകാറുണ്ട്. കാരണം മനുഷ്യരുടെ വര്‍ദ്ധിച്ചുവരുന്ന അനധികൃത സ്വത്ത് സമ്പാദനത്തോടുള്ള ആര്‍ത്തിയും ആസക്തിയും വനമേഖലയില്‍ ചൂഷണത്തിന്റെ പരിധികള്‍ ലംഘിച്ചിരിക്കുന്നു എന്നതു തന്നെ. മരം മുറിച്ചുകടത്തല്‍, വനവിഭവങ്ങളുടെ കൊള്ള, വനപ്രദേശത്തെ മലഞ്ചെരിവുകളില്‍ അനധികൃതമായിപ്പോലും നടത്തിവരുന്ന അനേകം ക്വാറികള്‍, നിയമം ലംഘിച്ചുകൊണ്ടുള്ള വനമേഖലാ പ്രദേശത്തെ റിസോര്‍ട്ട് നിര്‍മ്മാണം, തുടങ്ങിയ പലവിധ ദുരാഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള മാഫിയകളുടെ കയ്യേറ്റങ്ങള്‍, ടൂറിസ്റ്റുകളുടെയും വാഹനയാത്രികരുടെയും വനമേഖലയിലെ നിയമം പാലിക്കാതെയുള്ള പ്രകോപനപരമായ കടന്നുകയറ്റം എന്നിവയെല്ലാം വലിയ തോതില്‍ ആവാസവ്യവസ്ഥയെ തകിടം മറിച്ചുകൊണ്ട് മൃഗങ്ങളുടെ മാത്രമല്ല മനുഷ്യരുടേയും സൈ്വരജീവിതം താറുമാറാക്കുന്നു എന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ് എന്ന് പറയാതെ വയ്യ.
ക്രമാതീതമായ വംശവര്‍ദ്ധന, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിവൃഷ്ടി, അനാവൃഷ്ടി, കാട്ടിലെ തീറ്റക്കായുള്ള സസ്യജാലങ്ങളുടെ കുറവ്, വരള്‍ച്ചമൂലം ശുദ്ധജല ലഭ്യതയില്‍ വന്ന കുറവ്, കാട്ടുതീ തുടങ്ങിയ പല ഘടകങ്ങളും വന്യമൃഗങ്ങളെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. വംശവര്ദ്ധനമൂലവും, പണ്ടുകാലത്തെ താരതമ്യം ചെയ്താല്‍, കര്‍ശന നിയമങ്ങള്‍ കാരണം മനുഷ്യരുടെ മൃഗവേട്ട ഇന്ന് തുലോം കുറവാണ് എന്നതിനാലും, പ്രായാധിക്യമുള്ള ശാരീരികക്ഷമത കുറഞ്ഞ് ഇരപിടിക്കാനാവാത്ത, കടുവ, പുലി പോലുള്ള മൃഗങ്ങള്‍ വര്‍ദ്ധിക്കുന്നതും, അവ നാട്ടിലിറങ്ങി എളുപ്പം ഇര പിടിച്ച് കാട്ടിലേക്ക് തിരിച്ചുപോകുന്നതും ഈയിടെയായി കണ്ടുവരുന്നു. ഇത് മനുഷ്യജീവന് വലിയ ഭീഷണിയായി മാറുകയാണ്.
കാട്ടില്‍ കൂടുതലായി തീറ്റയ്ക്കുള്ള സസ്യങ്ങളും മരങ്ങളും നട്ടുവളര്‍ത്തേണ്ടതും, ജലലഭ്യത ഉറപ്പാക്കേണ്ടതും, ഹാങ്ങിങ്ങ് സോളാര്‍ ഫെന്‍സിങ്ങ് കാടിന്റെ അതിര്‍ത്തികളില്‍ ചെയ്യേണ്ടതും, കൂടാതെ മുത്തങ്ങ പോലുള്ള വനമേഖലയില്‍ കൂടിയുള്ള വാഹനയാത്ര മൂലം മൃഗങ്ങളുടെ രാപ്പകലുള്ള സ്വതന്ത്രസഞ്ചാരം തടസ്സപ്പെടാതിരിക്കാനും, യാത്രികര്‍ക്ക് സുരക്ഷയൊരുക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള എലിവേറ്റഡ് ഹൈവേകളുടെ നിര്‍മ്മാണം എത്രയും വേഗം ആരംഭിച്ച് പൂര്‍ത്തിയാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. സാദ്ധ്യമാകുന്ന ഇടങ്ങളില്‍ വലിയ കിടങ്ങുകള്‍ കുഴിക്കുന്നതും, ആനകളും മറ്റു മൃഗങ്ങളും നാട്ടിലിറങ്ങുന്നത് തടഞ്ഞ് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്താന്‍ വളരെയധികം പ്രയോജനം ചെയ്യും.
അപകടകാരികളായ കാട്ടാനകളെയും പുലി, കടുവ എന്നീ മൃഗങ്ങളെയും മൃഗശാല പോലുള്ള മറ്റേതെങ്കിലും സങ്കേതങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച് സംരക്ഷിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. സാദ്ധ്യമാണെങ്കില്‍, വലിയതോതില്‍ വംശവര്‍ദ്ധനയുള്ള കാട്ടുമൃഗങ്ങളില്‍ പകുതി പേരെയെങ്കിലും വന്ധ്യംകരണം ചെയ്യാനുള്ള നടപടികള്‍ ആലോചിക്കാവുന്നതാണ്. കൂടാതെ ഉള്‍ക്കാട്ടിലും കാടിന്റെ പരിസര പ്രദേശങ്ങളിലും വസിക്കുന്ന, സ്ഥിരമായി മൃഗശല്യം നേരിടുന്ന ഒറ്റപ്പെട്ട ഗോത്ര കുടുംബങ്ങളെയും മറ്റു നിര്‍ദ്ധന കുടുംബങ്ങളെയും അവിടെനിന്ന് ഒഴിപ്പിച്ച്, അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുകയോ, കൂടുതല്‍ സുരക്ഷിതമായ മറ്റ് ഇടങ്ങളില്‍ വീട് വച്ചു നല്കി പാര്‍പ്പിക്കുകയോ ചെയ്യേണ്ടതും അനിവാര്യമാണ്.
ഹരിതഭംഗിയും അപൂര്‍വ്വ സസ്യ-വൃക്ഷ-മൃഗ സമ്പത്തും നിലനിര്‍ത്തേണ്ടതും വനവാസികളുടേയും മറ്റ് ജനസമൂഹങ്ങളുടേയും സുസ്ഥിതി ഉറപ്പുവരുത്തേണ്ടതും മനുഷ്യസമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണ് എന്ന കാര്യം നാം വിസ്മരിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചുപ്രവര്‍ത്തിച്ച്, വയനാട്ടിലേയും കേരളത്തിലെ മറ്റ് ജില്ലകളിലേയും അയല്‍ സംസ്ഥാനങ്ങളിലേയും വനമേഖലകളില്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട്, അധികൃതരുടെ കാര്യക്ഷമതയോടെയുള്ള മേല്‍നോട്ടത്തില്‍ ഫലപ്രദമായ നടപടികള്‍ വനം വകുപ്പ് ദ്രുതഗതിയില്‍ കൈക്കൊള്ളുവാന്‍ ഇനിയും അമാന്തിച്ചുകൂടാ.
മേലാധികാരികളുടെ കണ്ണുതുറക്കാനായി, കൃഷി പ്രധാന തൊഴിലായ; മണ്ണിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിച്ച; സ്വരുകൂട്ടിവയ്ക്കാന് മാത്രം സ്വത്തില്ലാത്ത; അന്നന്നത്തെ കൂലി വാങ്ങിയും വിളകളെ വിറ്റും ചെറിയ കച്ചവടം നടത്തിയും കഴിഞ്ഞുകൂടുന്ന; വലിയ ഭയാശങ്കകള്‍ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന; വയനാട്ടിലേയും സമാന ദുരിതം അനുഭവിക്കുന്ന കേരളത്തിലെ മറ്റ് മലയോര ജില്ലകളിലേയും സാധാരണക്കാരായ ഒരു വലിയ ജനവിഭാഗത്തിന്റെ ജീവന്റെ നിലനില്‍പ്പിനുവേണ്ടി, ഹൃദയവേദനയോടെയുള്ള ഒരഭ്യര്‍ത്ഥനയാണിത്.
(സാഹിത്യകാരിയും ചിത്രകാരിയും സംഗീതജ്ഞയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: