കൊച്ചി: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ മര്‍ദിച്ചതില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി വിദഗ്ധ സമിതി രൂപീകരിച്ചു. പരിശോധന നടത്തുന്ന കാര്യം ഗുരുവായൂര്‍ ദേവസ്വത്തെയും വനംവകുപ്പിനെയും എതിര്‍കക്ഷികളേയും മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്ചയാണ് ആനക്കോട്ടയില്‍ ആനകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിവിധ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളെ കൃത്യമായി പരിപാലിക്കേണ്ട ഉത്തരവാദിത്തം ദേവസ്വം വസ്തുവകകളുടെ ട്രസ്റ്റിയായ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. പുന്നത്തൂര്‍ ആനക്കോട്ടയില്‍ പാപ്പാന്മാര് കൃഷ്ണന്, ജൂനിയര്‍ കേശവന് എന്നീ രണ്ട് ആനകളെ തുടര്‍ച്ചയായി മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിച്ചപ്പോള്‍ ഡിവിഷന് ബെഞ്ച് വിഷയം ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ്, 1960ലെ മൃഗങ്ങളോടുള്ള ക്രൂരത സംരക്ഷണ നിയമം എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തി പാപ്പാന്മാര്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആനകളെ നിയന്ത്രിക്കാന്‍ പാപ്പാന്മാര് ഇരുമ്പുകഷണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ഫഌയിങ് സ്ക്വാഡ് ഡിവിഷന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: