തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപൂരധ്വനികള്‍ തീര്‍ക്കും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍നിര ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി നര്‍ത്തകര്‍ അരങ്ങിലെത്തും.
നൃത്തോത്സവത്തിന്റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കലകളെയും കലാകാരന്മാരെയും സംരക്ഷിക്കുന്നത് ഉത്തരവാദിത്തമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓണം വാരാഘോഷം ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍ നിരവധി കലാകാരന്മാര്ക്ക് കലാപ്രകടനത്തിന് പ്രോത്സാഹനം നല്കാന് സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് ഒട്ടേറെ പ്രാദേശിക കലാകാരന്മാര്ക്ക് തനത് കലാപ്രദര്‍ശനത്തിന് അവസരമൊരുക്കുന്നതും ഇതിന്റെ ഭാഗമാണ്. നിശാഗന്ധി നൃത്തോത്സവം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നൃത്തോത്സവങ്ങളിലൊന്നായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഭരതനാട്യ നര്‍ത്തകിയും പത്മശ്രീ ജേതാവുമായ ചിത്ര വിശ്വേശ്വരന് നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം മന്ത്രി സമ്മാനിച്ചു.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ പ്രോത്സാഹിപ്പിക്കാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണ് നിശാഗന്ധി നൃത്തോത്സവമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലയെ വിദേശ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ നിശാഗന്ധി നൃത്തോത്സവത്തിന് വലിയ പങ്കുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, ഐഎംജി ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍, കെടിഐഎല്‍ ചെയര്മാന് എസ്കെ സജീഷ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ് പ്രേംകൃഷ്ണന്‍, നര്‍ത്തകി രാജശ്രീ വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം റിഗാറ്റയുടെ നിശാഗന്ധി അവതരണനൃത്തവും കേരള കലാമണ്ഡലം മേജര്‍ ട്രൂപ്പ് അവതരിപ്പിച്ച ‘അംബ’ മോഹിനിയാട്ട നൃത്താവിഷ്കാരവും അരൂപ ലാഹിരിയുടെ ഭരതനാട്യവും ന്യൂഡല്‍ഹി കഥക് കേന്ദ്രയുടെ കഥക്കും അരങ്ങേറി.
വെള്ളിയാഴ്ച (16) വൈകിട്ട് 6 ന് പ്രീതം ദാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 ന് ആരുഷി മുദ്ഗലിന്റെ ഒഡീസി, 8 ന് മഞ്ജുവി നായരുടെ ഭരതനാട്യം. നാളെ (ശനി) 6 ന് സന്ധ്യ വെങ്കിടേശ്വരന്റെ ഭരതനാട്യം, 6.45 ന് അനന്യ പരിദയും രുദ്രപ്രസാദ് സ്വെയിനും അവതരിപ്പിക്കുന്ന ഒഡീസി, 8 ന് ത്രിഭുവന്‍ മഹാരാജും സംഘവും അവതരിപ്പിക്കുന്ന കഥക്, ഞായറാഴ്ച 6 ന് അഖില ജി കൃഷ്ണന്റെ മോഹിനിയാട്ടം, 6.45 ന് ഗീത ചന്ദ്രന്റെ ഭരതനാട്യം, 8 ന് ഗുരു വി. ജയറാമ റാവുവും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി.
തിങ്കളാഴ്ച 6 ന് നന്ദകിഷോറിന്റെ ഭരതനാട്യം, 6.45 ന് ഭദ്ര സിന്‍ഹയുടെയും ഗായത്രി ശര്‍മ്മയുടെയും ഭരതനാട്യം, 8 ന് ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. ചൊവ്വാഴ്ച 6 ന് ജനനി മുരളിയുടെ ഭരതനാട്യം, 6.45 ന് വിനിത നെടുങ്ങാടിയുടെ മോഹിനിയാട്ടം, 8 ന് ബിജുല ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. സമാപന ദിവസമായ ബുധനാഴ്ച 6 ന് മധുസ്മിത ബോറയുടെയും പ്രേരണ ഭുയാന്റെയും സത്രിയ, 6.45 ന് മാളവിക സറുക്കൈയുടെ ഭരതനാട്യം, 8 ന് ഡോ. സിനം ബസു സിംഗും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയും അരങ്ങേറും. 21 ന് സമാപിക്കുന്ന നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായുള്ള കഥകളിമേള കനകക്കുന്ന് കൊട്ടാരമുറ്റത്ത് എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ നടക്കും. പ്രശസ്ത കഥകളി കലാകാരന്മാര് അരങ്ങില്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: