പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദരിദ്രരുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം, വ്യാവസായിക സാമ്പത്തിക വളര്‍ച്ച, കര്‍ഷകരുടെ ഉന്നമനം, വിദ്യാഭ്യാസതൊഴിലവസരങ്ങള്, സാമൂഹ്യനീതി തുടങ്ങി ഭാരതത്തിന്റെ സമസ്ത മേഖലകളിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ദശാബ്ദമായിരുന്നു 2014 മുതലുള്ള അദ്ദേഹത്തിന്റെ ഭരണ കാലഘട്ടം. അധികാരമേല്‍ക്കുമ്പോള്‍ തന്നെ ഭാരതത്തെ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന ലക്ഷ്യം. ഒന്‍പത് വര്‍ഷത്തിനിപ്പുറം ലോകത്തെ പത്താം സാമ്പത്തിക ശക്തിയില്‍ നിന്നും അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ഒപ്പം സുസ്ഥിരവും കാര്യക്ഷമവുമായ ഭരണത്തിലൂടെ സ്വദേശത്തെയും വിദേശ സമൂഹത്തിന്റെയും വിശ്വാസം നേടിയെടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചു.
ഭാരത രാഷ്ട്രീയത്തില്‍ പുതിയ അദ്ധ്യായമാണ് പ്രധാനമന്ത്രി തുറന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വികസന അജണ്ട. മുന്‍പ് ജാതിയും മതവും പ്രാദേശികതയും മാത്രം വിളമ്പിയിരുന്ന ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അജണ്ടകളുടെ കേന്ദ്ര സ്ഥാനത്ത് വികസനത്തെ പ്രതിഷ്ഠിക്കേണ്ടി വന്നു. രാഷ്ട്രീയ ധാര്‍മികത പ്രസംഗങ്ങളില്‍ മാത്രം കേട്ട് പരിചിതരായിരുന്ന ഭാരതീയര്‍ക്ക് മുമ്പില്‍ അഴിമതി-കുടുംബ വാഴ്ച രഹിത ഭരണത്തിലൂടെയും, പ്രായപരിധി നിശ്ചയിക്കലിലൂടെയും പുതിയ മാതൃക മുന്നോട്ടു വെച്ചു. മുന്‍കാലഘട്ടങ്ങളില്‍ രാജ്യത്ത് വികസന പദ്ധതികള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ആ പദ്ധതികള്‍ പ്രഖ്യാപനങ്ങളിലും കടലാസുകളിലും ചുവപ്പു നാടയിലും കുരുങ്ങി കാലങ്ങളോളമെടുത്തായിരുന്നു യാഥാര്‍ഥ്യമായിരുന്നത്. എന്നാല്‍ പ്രഖ്യാപിത പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന, കാര്യക്ഷമതയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാരതീയര്‍ ആദ്യമായി അനുഭവിച്ചത് മോദിയുടെ കാലഘട്ടത്തിലാണ്. മുന്‍കാല സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി കാലതാമസം വരുത്തിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു. ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റമാണ് ഇക്കാലഘട്ടത്തില്‍ രാജ്യത്തുണ്ടായത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി 53000 കിലോമീറ്ററിലധികം പുതിയ ഗ്രാമീണ റോഡ് കണക്റ്റിവിറ്റി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരി ഹൈവേ നിര്‍മാണത്തിന്റെ വേഗത പ്രതിദിനം 37 കിലോമീറ്ററിലെത്തി. ലൈന്‍ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും വഴി വന്‍തോതിലുള്ള മാറ്റം റെയില്‍വേ ഗതാഗതത്തിലും കൊണ്ടുവന്നു. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സെമി ഹൈസ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസ് പ്രവര്‍ത്തനക്ഷമമായി. 400 വന്ദേ ഭാരത് ട്രെയിനുകള്‍ക്കൊപ്പം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എക്സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 20 നഗരങ്ങളില്‍ പുതിയ മെട്രോ റെയില്‍ പദ്ധതികള്‍ ആരംഭിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്താകമാനം 74 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. ഒപ്പം 111 ജലപാതകള്‍ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു.
ഇസ്ലാമിക-കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ വലിയമാറ്റങ്ങള്‍ ഇക്കാലഘട്ടത്തിലുണ്ടായി. ആയിരക്കണക്കിന് മാവോയിസ്റ്റ് ഭീകരവാദികള്‍ ആയുധം വെച്ച് കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2014ല്‍ 824 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022ല്‍ അത് 201 ആയി കുറഞ്ഞു. ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിലും മുന്‍പെങ്ങും കാണാത്തവിധമുള്ള ശ്രദ്ധ ഇക്കാലയളവില്‍ നല്കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഏകതയ്ക്കും അപമാനമായിരുന്ന കശ്മീരിന്റെ പ്രത്യേക അധികാരം നീക്കം ചെയ്തതായിരുന്നു ഇതില്‍ പ്രധാനം. പാക് പിന്തുണയോടെയുള്ള ഇസ്ലാമിക ഭീകരവാദവും കശ്മീരിന്റെ പ്രത്യേക അധികാരവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരുന്നു. 2008ല്‍ ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനത്ത് പാകിസ്ഥാന് ഭീകരവാദികള്‍ ആക്രമണം നടത്തി. എന്നാല്‍ 2014ന് ശേഷം അതിര്‍ത്തിയിലൊഴികെ ഭാരതത്തിലെ ഒരു സാധാരണ പൗരന്റെയും ജീവന് ഭീകരവാദത്തിലൂടെ നഷ്ടമായില്ലായെന്നുള്ളത് ശ്രദ്ധേയമാണ്. പരമ്പരാഗത സുരക്ഷയ്ക്ക് പുറമെ സ്ത്രീ സുരക്ഷ, ശാക്തീകരണം, പരിസ്ഥിതി സുരക്ഷ, ഇന്ധന സുരക്ഷ തുടങ്ങിയ മേഖലകളിലും ഭാരതം വലിയ മുന്നേറ്റമുണ്ടാക്കി.
ആഭ്യന്തര സുരക്ഷപോലെ തന്നെ ഭാരതത്തിന്റെ ആഭ്യന്തര ഐക്യം മറ്റൊരു പ്രധാന നേട്ടമാണ്. യുപിഎ ഭരണകാലഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികളുള്‍പ്പടെയുള്ളവരുടെ കൂട്ട പലായനത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. വിവിധ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു സമൂഹത്തെ പരസ്പരം തമ്മിലടിപ്പിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ നേട്ടം കൊയ്തിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാനും പ്രത്യേക രാജ്യം സ്ഥാപിക്കുവാനുമുള്ള വാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ‘രാഷ്ട്രം ആദ്യ’മെന്ന കാഴ്ചപ്പാടില്‍ ദേശീയതയെന്ന ഒറ്റ വികാരത്തില്‍ ജനങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കാണുവാന്‍ സാധിച്ചത്. വിവിധ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന സൂചനയും ഇതു തന്നെയാണ്. കാലഘട്ടത്തിനനുസരിച്ചു രാജ്യത്ത് ഭരണ പരിഷ്കാരത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നല്കി. പ്ലാനിങ് കമ്മീഷന് അവസാനിപ്പിച്ച് നീതി ആയോഗ് രൂപീകരിച്ചതും, വാറ്റ് നികുതി അവസാനിപ്പിച്ച് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതും ഇവയില്‍ ചില ഉദാഹരണങ്ങളാണ്. ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ് രാജ്യത്തെ കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും മുക്തമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദ് ചെയ്യുകയും, രാജ്യത്തെ മറ്റ് നിയമ സംഹിതകള്‍ പരിഷ്കരിച്ചതും ഒപ്പം രാജ്യത്തിന്റെ സംസ്കാരത്തെയും സനാതന മൂല്യങ്ങളെയും വീണ്ടെടുക്കുവാന്‍ നല്കുന്ന പ്രോത്സാഹനങ്ങളും ഈ ശ്രമങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നു. ചന്ദ്രയാന്‍ ഉള്‍പ്പടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഭാരതം ഒട്ടേറെ മുന്നേറി.
ലോകരാഷ്ട്രീയത്തില്‍ ഭാരതം ശക്തമായ സ്വാധീനം ചെലുത്തിയ മറ്റൊരു കാലഘട്ടം ഇതിന് മുന്‍പുണ്ടായിട്ടില്ല. രാജ്യത്തിന്റെ താല്പര്യങ്ങള്ക്കനുസൃതമായി പ്രായോഗികമായ സമീപനമാണ് ഈ കാലയളവിലെ വിദേശ നയത്തില്‍ ഭാരതം സ്വീകരിച്ചത്. മുന്‍ കാലങ്ങളില്‍ തുടര്‍ന്നിരുന്ന നയങ്ങള്‍ പൊളിച്ചെഴുതുകയും വിവിധ അന്താരാഷ്ട്ര സംഘടനകളില്‍ പുതുതായി അംഗത്വം നേടുകയും ചെയ്തു. മുന്‍ കാലങ്ങളില്‍ ഒരു കാഴ്ചക്കാരന് മാത്രമായിരുന്ന ഭാരതം ലോകരാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പല കൂട്ടായ്മകള്‍ക്കും നയങ്ങള്‍ക്കും രൂപം നല്കുന്ന തലത്തിലേക്കുയര്‍ന്നു. അതിന്റെ പ്രതിഫലനമാണ് എല്ലാ സര്‍വ്വേകളിലും ഒന്നാമതെത്തി പാശ്ചാത്യ രാജ്യ തലവന്മാര് മാത്രം കയ്യടക്കിയിരുന്ന ആഗോള നേതാവ് പട്ടം നരേന്ദ്രമോദി കരസ്ഥമാക്കിയത്.
രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവത്തിനാണ് മോദിയുടെ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇന്ന് ലോകത്ത് ഡിജിറ്റല്‍ ട്രാന്സാക്ഷന്സ് നടത്തുന്നതില്‍ ഒന്നാം സ്ഥാനമാണ് ഭാരതത്തിനുള്ളത്. ജപ്പാന് ഉള്‍പ്പടെ ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികള്‍ പോലും ഭാരതത്തിന്റെ ഡിജിറ്റല്‍ വളര്‍ച്ചയെ മാതൃകയാകുന്നു. വീട്, ശൗചാലയ നിര്‍മ്മാണം, കുടിവെള്ളമെത്തിക്കല്‍, പാചക വാതക വിതരണം, പോഷകാഹാരം, ജന്‍ധന്‍ യോജന, മുദ്ര വായ്പ, ആയുഷ്മാന്‍ ഭാരത് തുടങ്ങി നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടപ്പിലാക്കിയത്. കൂടാതെ മേയ്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ രാജ്യത്തിനകത്ത് തന്നെ ഉത്പാദനം തുടങ്ങുന്നതിനും പ്രാധാന്യം നല്കി. മുന്‍ കാലഘട്ടങ്ങളില്‍ പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യം അവ ഭാരതത്തില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചു. കൊവിഡ് കാലത്ത് വാക്സിന് തദ്ദേശീയമായി നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തു. ഇതിന്റെയെല്ലാം ആത്യന്തികമായ ഫലം ദേശീയ തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആത്മവിശ്വാസമാണ്. സൗജന്യങ്ങള്‍ നല്കി അന്നന്ന് ജീവിതം തള്ളിനീക്കുവാന്‍ ജനങ്ങളെ പഠിപ്പിച്ചിരുന്ന മുന്‍കാല രാഷ്ട്രീയത്തില്‍ നിന്ന് വിഭിന്നമായി സ്വന്തം കാലില്‍ നില്ക്കുവാനും അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് സ്വപ്നം കാണുവാനുള്ള ആത്മ വിശ്വാസം ഒരു ജനതയ്ക്ക് ‘അമൃത കാല്’ എന്ന ലക്ഷ്യങ്ങളിലൂടെ അദ്ദേഹം നല്കി.
ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തീകരിച്ചാണ് പ്രധാനമന്ത്രി തന്റെ മൂന്നാം ജനവിധി തേടുന്നത്. മാറുന്ന ലോകത്തില്‍ ഭാരതത്തെ ഉയര്‍ത്തികൊണ്ട് വരുവാനുള്ള നയങ്ങളും നടപടികളുമായിരിക്കും മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിക്കുക. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുകയെന്നതാണ് ഇതില്‍ പ്രധാനം.
(ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: