കോഴിക്കോട്: കേന്ദ്രധനകമ്മിഷന്റെ ധനവിതരണത്തില്‍ സംസ്ഥാനത്തിന് ലോട്ടറിയാണ് ലഭിച്ചതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. റവന്യൂ ഡഫിസിറ്റി ഗ്രാന്റ് കൂടുതലായി കൊടുത്തത് കേരളത്തിനാണെന്നും ഇക്കാര്യം ഇടതുസര്‍ക്കാര്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്രത്തെ അറിയിച്ചാല്‍ കേന്ദ്രം പണം നല്‍കും അതിനു പകരം കടമെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ സമരം നടത്തുകയാണ് സംസ്ഥാനം ചെയ്യുന്നത്. ഇത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കും. കടമെടുക്കാനല്ല, കടം എഴുതി തള്ളാന്‍ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. കടമുക്തരാക്കൂ എന്നതാണ് സിഎംപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രധനകമ്മിഷന്റെ ധനവിതരണത്തോട് സംസ്ഥാനത്തിന്റെത് ഇടതുവിരുദ്ധവും ദേശീയതയ്ക്ക് എതിരുമായ നയമാണ്. നായനാര്‍ കൊണ്ടുവന്ന ധനവിഭജനം പിണറായി തകര്‍ത്തു. കേന്ദ്രത്തോട് ധനം ചോദിക്കുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് ധനവിനിമയം നടക്കുന്നില്ല. ഇത് വികസനമുരടിപ്പിനു കാരണമാകുന്നു.
നികുതിവെട്ടിപ്പുകാരുടെ സ്വര്‍ഗവും കൊള്ളസങ്കേതവുമായി കേരളം മാറി. കൃത്യമായ വേ ബില്ലുകളില്ലാതെ കേരളത്തിലേക്ക് ചരക്കുകള്‍ ഒഴുകുകയാണ്. ഹെല്‍മറ്റ് പിടിക്കാനുള്ള മിടുക്ക് നികുതി തട്ടിപ്പു പിടിക്കുന്നതില്‍ ഇല്ല. നികുതി പിരിച്ചെടുത്താല്‍ തന്നെ സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: