ന്യൂദല്‍ഹി: ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്ക് ഇന്ന് ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമായി. ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ചരിത്രപരമായ ബന്ധങ്ങളെ ബന്ധിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി മോദി, മൗറീഷ്യന്‍ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡ് സേവനങ്ങളും മൗറീഷ്യസില്‍ ആരംഭിച്ചു. പുതിയ ഫിന്‍ടെക് സേവനങ്ങള്‍ ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു.
ഇന്ത്യയുമായി പങ്കാളികളെ ഒന്നിപ്പിക്കുന്നതിനുള്ള പുതിയ ഉത്തരവാദിത്തങ്ങള്‍ യുപിഐ നടപ്പിലാക്കുകയാണെന്നും അദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മൂന്ന് സൗഹൃദ രാജ്യങ്ങള്‍ക്ക് ഇന്ന് ഒരു പ്രത്യേക ദിവസമാണ്, കാരണം ഞങ്ങള്‍ ഞങ്ങളുടെ ചരിത്രപരമായ ബന്ധത്തെ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുപിഐ സംവിധാനത്തില്‍ നിന്ന് ശ്രീലങ്കയ്ക്കും മൗറീഷ്യസിനും നേട്ടമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. അയല്പക്കം പ്രഥമം നയത്തില്‍ ഇന്ത്യയുടെ ശ്രദ്ധയും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് പ്രകൃതിദുരന്തമോ, ആരോഗ്യവുമായി ബന്ധപ്പെട്ടതോ, സാമ്പത്തികമോ അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണയോ ആകട്ടെ, ഇന്ത്യയാണ് ആദ്യം പ്രതികരിക്കുന്നത്, അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: