കാസര്‍കോട്: കോടതി നിര്‍ദ്ദേശം തെറ്റായി പ്രചരിപ്പിച്ചതിനും അപകീര്‍ത്തിപ്പെടുത്തിയതിനും മാധ്യമം, ദേശാഭിമാനി പത്രങ്ങള്‍ക്കെതിരേ നിയമ നടപടി വരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല മുന്‍ പിവിസി ഡോ. കെ. ജയപ്രസാദിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയെന്നാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇതാദ്യമല്ല, ഇദ്ദേഹത്തിനെതിരേ വ്യാജവാര്‍ത്ത. മറ്റൊരു കേസില്‍ മാധ്യമം പത്രം നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഡോ. ജയപ്രസാദിന്റെ നിയമനത്തില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഡോ. എസ്.ആര്. ജിത നല്കിയ ഹര്‍ജിയില്‍ പരാതിക്കാരിക്ക് വിശദീകരണം നല്കാന് സര്‍വകലാശാലയോട് മുമ്പ് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി സര്‍വകലാശാലയുടെ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സര്‍വകലാശാല ഡോ. ജിതയ്ക്ക് വിശദീകരണം നല്കി. എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതി, ഡോ. ജിതയ്ക്ക് പറയാനുള്ളത് കേട്ട് പുതിയ വിശദീകരണം നല്കാന് നിര്‍ദ്ദേശിച്ചു. ഇതാണ് ഡോ. ജയപ്രസാദിന്റെ നിയമനം റദ്ദാക്കിയെന്ന് കോടതി നര്ദ്ദേശത്തെ തെറ്റായി പ്രചരിപ്പിച്ചത്.
രണ്ടു തവണ ഈ ഹര്‍ജികളില്‍ ഇടപെട്ടപ്പോഴും ഈ നിയമനത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടുന്നില്ല എന്ന് പ്രത്യേകം വ്യക്തമാക്കിയതാണ്. എന്നാല്‍ പത്രങ്ങള്‍ നിക്ഷിപ്ത താല്പര്യത്തില് തെറ്റായി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഡോ. ജയപ്രസാദിന്റെ നിയമനം നടന്നത് 2015 ല്‍ ആയിരുന്നു. ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത് 2022 ല്‍ ഏഴുവര്‍ഷം കഴിഞ്ഞാണ്. ജയപ്രസാദിനെതിരേ രാഷ്ട്രീയ എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ക്കെതിരേ 2018 ലും 2019 ലും ഹൈക്കോടതിയില്‍ ക്വോവാറന്റോ പൊതുതാല്പര്യ ഹര്‍ജികള്‍ ചിലര്‍ കൊടുത്തത് രണ്ടും തള്ളിക്കളഞ്ഞതാണ്. ഈ കേസുകളില്‍ സുപ്രീംകോടതിയില്‍ കൊടുത്ത പൊതുതാല്പര്യ ഹര്‍ജിയും തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ വിധിയെന്ന് തെറ്റിദ്ധരിപ്പിച്ചും നിയമനം റദ്ദാക്കിയെന്നും വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു പത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: