ലാഹോര്‍: പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നെങ്കിലും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാരാണ് വിജയിച്ചവരില്‍ ഭൂരിപക്ഷവും. 264 സീറ്റില്‍ 101 സ്വതന്ത്രന്മാരെ വിജയിപ്പിക്കാന്‍ ഇമ്രാന്റെ പാര്‍ട്ടിക്കായി. സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് പിടിഐ അംഗങ്ങള്‍ മത്സരിച്ചത്. എന്നാല്‍ ഒറ്റ കക്ഷിയായി ഇമ്രാന്റെ സ്വതന്ത്രന്മാരെ തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനും സാധിക്കില്ല.
നവാസ് ഷെറീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 54 സീറ്റുകളും നേടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 133 സീറ്റുകളാണ് ആവശ്യം. ഇതിനിടയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി നവാസ് ഷെറീഫും സഹോദരന് ഷെഹബാസ് ഷെറീഫും വിവിധ രാഷ്ട്രിയകക്ഷികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും കൃത്രിമം നടന്നുവെന്നാരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഇമ്രാന്റ പാര്‍ട്ടി ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് പാകിസ്ഥാനില്‍ ഉയരുന്നത്. ഇമ്രാന് ഖാന്റെ പിടിഐ, നവാസ് ഷെറീഫിന്റെ പിഎംഎല്‍-എന്‍, ബിലാവല്‍ ഭൂട്ടോയുടെ പിപിപി എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുഖ്യകക്ഷികള്‍.
ഇതിനിടയില്‍ ചില ബൂത്തുകളില്‍ റീ പോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. 15നാണ് റീ പോളിങ് നടത്തുക. അതിനിടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസിന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജയിലില്‍ കിടക്കുന്ന ഇമ്രാന് ഖാന്റെ വിജയപ്രസംഗം പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി പുറത്തുവിട്ടു. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയം തങ്ങളുടെ പാര്‍ട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാന് ഖാന് രംഗത്ത് എത്തിയത്. എഐ സഹായത്തോടെയാണ് ഇമ്രാന്‍ഖാന്റെ പ്രസംഗം തയാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: