ന്യൂദൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി വിദേശത്ത് സംഘടിപ്പിക്കുന്ന എക്കാലത്തെയും വലിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഉച്ചകോടിയായ ‘അഹലേന്‍ മോദി’ പരിപാടിക്ക് വന്‍ സ്വീകാര്യത. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിൽ മെഗാ കമ്മ്യൂണിറ്റി ഇവന്റ് ‘അഹലേൻ മോദി’ ഫെബ്രുവരി 13ന് നടക്കുന്നത്.
തൊട്ടടുത്ത ദിവസം മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. അഹലേന്‍ മോദി പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷനിലൂടെ 60000 പേർ പാസ്സ് നേടി. 700ലധികം കലാകാരന്മാര് അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും സ്റ്റേഡിയത്തില്‍ അരങ്ങേറും. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ കലകളുടെ പ്രദര്‍ശന വേദിയായി ഇത് മാറും.
പരിപാടിയുടെ വിജയത്തിനായി വിളിച്ചുചേര്‍ന്ന യോഗത്തില്‍ 150ലധികം ഇന്ത്യന്‍ പ്രവാസി സംഘടനകളും ഗ്രൂപ്പുകളും സംബന്ധിച്ചിരുന്നു. സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെയും ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥി അസോസിയേഷനുകളുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയാണ്. സമ്മേളനത്തിൽ ഇന്ത്യയുടെ ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളെ കുറിച്ച് മോദി സംസാരിക്കും.
പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ സ്വീകരണമായിരിക്കും അഹലേന്‍ മോദി പരിപാടിയെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മോദി പങ്കെടുക്കുന്ന പ്രവാസ ലോകത്തെ വന്‍ പരിപാടിയായിരിക്കും ഇതെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു. മോദിയെ സ്വീകരിക്കാനെത്തുന്ന പ്രവാസികളെ കൊണ്ട് സ്റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: