സന്ദീപ് വാചസ്പതി
കേന്ദ്ര സർക്കാർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. പോരാളി ഷാജി മുതൽ പോളിറ്റ് ബ്യൂറോ വരെ ഏറ്റു പാടുന്ന പല്ലവിയാണിത്. കമ്മ്യൂണിസ്റ്റ് നുണ ഫാക്ടറിയിൽ വിരിയിച്ചെടുത്ത മറ്റൊരു വ്യാജം എന്നതിന് ഉപരി യാതൊരു വിധ വസ്തുതയും ഇല്ലാത്ത പ്രചരണമാണിത്. ഭാരത ഭരണഘടനയുടെ ആർട്ടിക്കിൾ 1 തുടങ്ങുന്നത് തന്നെ ” India, that is Bharat, shall be a union of states and the territory of India consists of that of the states,….. എന്ന വാചകത്തൊടെയാണ്.
ഭരണഘടന നിർമ്മാണ സമിതിയിൽ ഇത് സംബന്ധിച്ച് ചർച്ച ഉയർന്നപ്പോൾ തന്നെ ഡോ. ബി.ആർ. അംബേദ്കർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതും ഭരണഘടനയിൽ രേഖപ്പെടുത്തിയതുമാണ്. പക്ഷേ മറ്റെല്ലാത്തിലും എന്ന പോലെ ഇക്കാര്യത്തിലും കമ്മ്യൂണിസ്റ്റുകൾ അവരുടെ രാഷ്ട്ര വിരുദ്ധ നിലപാട് ഉളുപ്പില്ലാതെ പ്രചരിപ്പിക്കുകയാണ്. കാര്യം അറിയാതെ ബിജെപിക്കാർ ഉൾപ്പടെയുള്ളവർ ഇത് ആവർത്തിക്കുന്നു.
ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രവുമായി ഏർപ്പെട്ടിരിക്കുന്ന കരാർ അവസാനിപ്പിച്ച് സ്വന്തം നിലയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അധികാരമുണ്ട്. എന്നാൽ ഭാരതത്തിലെ ഒരു സംസ്ഥാനത്തിനും അത്തരമൊരു അവകാശമില്ല. എന്ന് മാത്രമല്ല കേന്ദ്രത്തിന് വേണമെങ്കിൽ സംസ്ഥാനങ്ങളുടെ ഘടന മാറ്റാനും പുന:സംഘടിപ്പിക്കാനും അധികാരമുണ്ട്. (അതാണ് ജമ്മു കശ്മീരിന്റെ കാര്യത്തിൽ കണ്ടത്.)
“Indestructible Union of Destructible States ” എന്നതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. അതായത് വിഘടിപ്പിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളുടെ വിഘടിപ്പിക്കപ്പെടാൻ സാധിക്കാത്ത കൂട്ടായ്മയാണ് നമ്മുടെ രാഷ്ട്രം. ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക രാജ്യം ആകണം എന്ന് ആഗ്രഹമുണ്ടെങ്കിലും അത് അട്ടത്ത് ഇരിക്കുകയേ ഉള്ളൂ എന്ന് സാരം. ഭാരതം ഒരു രാജ്യമേ അല്ല എന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകൾ ഇതിനെ ഫെഡറൽ രാജ്യമായി വിശേഷിപ്പിക്കുന്നതിന് പിന്നിലുള്ള രഹസ്യം അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: