കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷത്തെ ശതാബ്ദിയാഘോഷത്തിന് 13ന് തുടക്കമാകുമെന്ന് ചെയര്‍മാന്‍ രമേശന്‍ പാലേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മടപ്പള്ളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നയിക്കുന്ന നെയ്ത് നൃത്തത്തോടെ തുടങ്ങുന്ന കലാസന്ധ്യയില്‍ മെലഡി നൈറ്റ്, മ്യൂസിക് ഫ്യൂഷന്‍ എന്നിവ ഉണ്ടാവും. ഇതോടനുബന്ധിച്ച് കളേഴ്സ് ഓഫ് റെസിലിയന്‍സ് ചിത്രരചനാ ക്യാമ്പ് എട്ട്, ഒന്‍പത്, 10 തിയതികളില്‍ നടക്കും.
പൊതുനിര്‍മാണങ്ങളുടെ സോഷ്യല്‍ ഓഡിറ്റ്, അന്താരാഷ്‌ട്ര സഹകരണ ഉച്ചകോടി, സുസ്ഥിര നിര്‍മാണം സംബന്ധിച്ച അന്താരാഷ്‌ട്ര ഗവേഷണ സെമിനാര്‍, യുഎല്‍സിസിയുടെ പൈതൃകവും നേട്ടങ്ങളും പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, വികസന രംഗത്തെ ബദലായി സഹകരണമേഖലയെ അവതരിപ്പിക്കുന്ന, സഹകരണമേഖലയെ പുഷ്ടിപ്പെടുത്തുന്ന പദ്ധതികള്‍, സഹകരണമേഖലയില്‍ സര്‍വ്വകലാശാല തുടങ്ങിയ വിവിധ പദ്ധതികളുടെ ആസൂത്രണം, പുസ്തകപ്രകാശനം, സഹകരണ ആഘോഷം, സഹകരണ പ്രദര്‍ശനം, ചരിത്രപ്രദര്‍ശനം, പുസ്തകോത്സവം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യയിലേയും ലോകത്തുമുള്ള സര്‍വ്വകലാശാലകളില്‍ വാഗഭടാനന്ദദര്‍ശനം പരിചയപ്പെടുത്തുന്ന സെമിനാര്‍ നടക്കും. വാഗഭടാന്ദ ഗവേഷണ കേന്ദ്രം, സര്‍വകലാശാലകളില്‍ വാഗ്ഭടാനന്ദ ചെയര്‍ എന്നിവ ആലോചനയിലുണ്ട്. തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള എന്നിവ ആഘോഷത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. എംഡി എസ്.ഷാജു, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കെ.പി. ബിന്ദു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: