തൃശൂര്‍: ഇത്തവണ സീറ്റ് നിര്‍ബന്ധമെന്നും പരിഗണിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്നും ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്സി. യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു.
പാര്‍ലമെന്റില്‍ തൊഴിലാളി ആവശ്യങ്ങളുന്നയിക്കുന്നതില്‍ കോണ്‍ഗ്രസ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചക്ക് പി.ജെ. ജോയി അധ്യക്ഷനായി 11 അംഗ പ്രത്യേക സമിതിയെ നിയോഗിച്ചു.
12ന് വയനാട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി സമിതി ചര്‍ച്ച നടത്തും. കാലങ്ങളായി തെരഞ്ഞെടുപ്പിലെ സീറ്റ് ആവശ്യം ഐഎന്‍ടിയുസി ഉയര്‍ത്തുന്നുണ്ട്, പരിഗണിക്കുന്നില്ല. കഴിഞ്ഞ രണ്ട് മൂന്ന് തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. സീറ്റിന് അര്‍ഹതയുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നും. എന്നാല്‍ വാഗ്ദാനമല്ലാതെ പാലിക്കപ്പെടുന്നില്ല. 16 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന നിലപാട് ശരിയല്ല.
ആര്‍ക്കും സിറ്റ് തീറെഴുതി കൊടുക്കേണ്ടതില്ലെന്നു പറഞ്ഞ നേതാക്കള്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും ഒരു സീറ്റ് ഐഎന്‍ടിയുസിക്ക് വേണമെന്നും ചന്ദ്രശേഖരന് പറഞ്ഞു. ചില ഘടകകക്ഷികള്‍ക്ക് അര്‍ഹമായതിലും കൂടുതല്‍ പരിഗണന യുഡിഎഫ് നല്‍കുന്നുണ്ടെന്ന് ആര്‍എസ്പിയെ പരോക്ഷമായി സൂചിപ്പിച്ച് ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: