കോട്ടയം: പതിറ്റാണ്ടുകളായി എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ മാറിമാറി ഭരിച്ചിട്ടും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായ റോഡുകളും പാലങ്ങളും മാത്രമാണ് കഴിഞ്ഞ കാലഘട്ടം വരെ ഉണ്ടായിരുന്നതെന്നും കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വന്‍വികസനമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നും എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ. സുരേന്ദ്രന് നയിക്കുന്ന കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ കേരള പദയാത്രയുടെ ഉദ്ഘാടനം തിരുനക്കരയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ തന്നെ ചിന്ത ഭാരതത്തില്‍ 40 സീറ്റെങ്കിലും കിട്ടുമോയെന്നാണ്. എന്‍ഡിഎയ്ക്ക് നാനൂറില്പരം സീറ്റുകള്‍ നേടി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്ന സാഹചര്യമാണ്. കേരളവും രാജ്യത്തിനൊപ്പം വളരുവാന്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും വികസനത്തില്‍ ഏറെ പിന്നാക്കമുള്ള ജില്ലയാണ് കോട്ടയം. കാര്ഷിമേഖലയെക്കുറിച്ച് പരിശോധിച്ചാലും ടൂറിസ രംഗമെടുത്താലും വലിയ വാര്‍ത്തകളും വാഗ്ദാനങ്ങളും ഉണ്ടായെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ മണ്ഡലത്തിലോ ജില്ലയിലോ ഉണ്ടായിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് ആമുഖപ്രഭാഷണം നടത്തി. ബിജെപി ദേശീയ നിര്‍വാഹസമിതി അംഗം പി. കെ. കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ. നാരായണ നമ്പൂതിരി, അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ പാര്‍ട്ടികളില്‍ നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ കെ. സുരേന്ദ്രന് സ്വീകരിച്ചു. എന്‍ഡിഎയുടെ മുഴുവന്‍ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: