ഇരിട്ടി: തില്ലങ്കേരി പെരിങ്ങാനം ഉദയംകുന്ന് മടപ്പുര തിറ മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കെട്ടിയാടിയ കൈതച്ചാമുണ്ടിയുടെ തെയ്യക്കോലം കണ്ട് ഭയന്നു കുട്ടി വീണ് പരിക്കേറ്റതിനെ ത്തുടര്‍ന്ന് സംഘര്‍ഷം.
സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടമാണ് തെയ്യക്കോലം കെട്ടിയ ആള്‍ക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചത്. തുടര്‍ന്ന് പോലീസും കമ്മറ്റിക്കാരും ചേര്‍ന്നാണ് സ്ഥിതി ശാന്തമാക്കിയത്. കൈക്ക് പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഉത്തര മലബാറില്‍ ഏറെ പ്രചാരമുള്ള കൈത ചാമുണ്ഡിയുടെ തെയ്യക്കോലം ജില്ലയില്‍ ചുരുക്കം ചില ക്ഷേത്രങ്ങളിലാണ് കെട്ടിയാടുന്നത്. ഉഗ്രമൂര്‍ത്തിയായ കൈത ചാമുണ്ഡിയുടെ തിറയാട്ടം കണ്ടുനില്ക്കുന്നവരില് ഭക്തിയോടൊപ്പം ഭയവും ഉണ്ടാക്കാറുണ്ട്. കൈത ചാമുണ്ഡി കെട്ടിയാടുന്ന ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ തിറയാട്ടം കണ്ട് ഭയന്നു ഓടി വീണ് പലര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ തെയ്യത്തിനു നേരെ കയ്യേറ്റത്തിന് മുതിര്‍ന്ന സംഭവം ഉണ്ടായിട്ടില്ല. തെയ്യത്തിനു നേരെ ഉണ്ടായ കയ്യേറ്റശ്രമവും ജനക്കൂട്ടത്തിന്റെ ആക്രോശവും അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഇതിനെതിരെ കോലധാരിയും മടപ്പുര ഭാരവാഹികളും രംഗത്തെത്തി.
പേരാവൂര്‍ പ്രസ് ഫോറത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ തനിക്കെതിരെ കയ്യേറ്റം ഉണ്ടായിട്ടില്ലെന്നാണ് കോലധാരി കോളയാട് മുകേഷ് പണിക്കര്‍ പറഞ്ഞത്. ചിലര്‍ പ്രകോപിതരായി മുന്നോട്ടു വന്നെങ്കിലും തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. തെയ്യത്തെ ആക്രമിച്ചു എന്നത് വ്യാജ പ്രചരണമാണെന്ന് മടപ്പുര ഭാരവാഹികളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: