തിരുവനന്തപുരം: കേരളത്തില്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള കായിക ഇനമാണ് ടെന്നിസ് എന്നും ഈ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും ദേശീയ ടെന്നിസ് താരങ്ങള്‍ പറയുന്നു. തിരുവനന്തപുരത്ത് കേരള ടെന്നിസ് അക്കാഡമിയില്‍ നടക്കുന്ന അഖില കേരള ടെന്നിസ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന താരങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ളത് കേരളത്തിലെ കായിക മേഖലയുടെ വളര്‍ച്ചാ സാധ്യതകളെ കുറിച്ചാണ്. ടെന്നിസ് ഒരു എലീറ്റ് ഗെയിം ആയാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. താരതമ്യേന പണച്ചെലവ് ഉണ്ടെങ്കിലും മുന്‍പില്ലാത്ത വിധം മികച്ച പരിശീലന സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാവും കെഎസ്ഇബി താരവുമായ എച്ച്. സൂരജ് പറയുന്നു.
വളര്‍ന്ന് വരുന്നത് മികച്ച താരങ്ങള്‍
ദേശീയ നിലവാരത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ശേഷിയുള്ള ഒരു പിടി താരങ്ങളെ സമീപഭാവിയില്‍ തന്നെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയും. ഇതിനാവശ്യമായ മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അഖില കേരള ടെന്നീസ് ടൂര്‍ണമെന്റിലെ ഫൈനലിസ്റ്റും ടോപ് സീഡമായ സൂരജ് പറഞ്ഞു. ടെന്നിസിലെ മുന്‍കാല പരിമിതികളെ വലിയ അളവില്‍ മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അവസരവും പ്രോത്സാഹനവും നല്കിയാല് നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുക്കാം. മികച്ച പരിശീലകരും കേരളത്തിലുണ്ട്, സൂരജ് പറയുന്നു.
അഡ്വാന്‍സ് ലെവല്‍ കോച്ചിങ് മെച്ചപ്പെടണം
ടെന്നിസിനെ ഗൗരവമായി കാണുകയും ഈ രംഗത്ത് രാജ്യാന്തര വളര്‍ച്ച ലക്ഷ്യമിടുകയും ചെയ്യുന്ന താരങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്നതില്‍ കാലതാമസമുണ്ട്. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കോച്ചിങ്ങിന്റെ അപര്യാപ്തത ഒരു വെല്ലുവിളിയാണെന്ന് ദേശീയ താരവും കെഎസ്ഇബി ടീം അംഗവുമായ ഗൗതം കൃഷ്ണ പറയുന്നു. ടെന്നിസ് കളിച്ചാല്‍ കരിയര്‍ ഉണ്ടാകില്ലെന്ന മിഥ്യാധാരണ പലപ്പോഴും ഈ കായിക ഇനത്തെ അര്‍ഹിക്കുന്ന ശ്രദ്ധയില്‍ നിന്ന് അകറ്റുന്നുണ്ട്. എന്നാല്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ഇവിടെ അവസരങ്ങളുണ്ട്. ഒരു ടെന്നിസ് താരമെന്ന നിലയിലാണ് എനിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത്. ലഭ്യമായ മികച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ കേരളത്തിന് മികച്ച ഒരു ടെന്നിസ് ശക്തിയായി മാറാന്‍ സാധിക്കുമെന്നും ഗൗതം പറയുന്നു.
വ്യക്തിഗത ഗെയിമാണ്, മുന്‍ഗണന നല്‍കേണ്ടത് പരിശ്രമങ്ങള്‍ക്ക്
അഖില കേരള ടെന്നിസ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ബിരുദ വിദ്യാര്‍ത്ഥി വി.എസ് ശബരിനാഥിന്റെ ലക്ഷ്യം ദേശീയ മത്സരങ്ങള്‍ കളിച്ച് മികച്ച റാങ്കിങ്ങിലേക്ക് ഉയരുക എന്നതാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ശബരിനാഥ് പുറത്തെടുത്തത്. ഒരു വ്യക്തിഗത ഗെയിം ആയത് കൊണ്ടു തന്നെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തുടക്കകാലത്ത് പരിശീലനത്തിനും ദേശീയ, അന്തര്‍ സംസ്ഥാന മത്സരങ്ങളും കളിക്കാനുള്ള സഹായങ്ങളും ലഭിച്ചാല്‍ നമുക്കും മികച്ച താരങ്ങളെ ലഭിക്കുമെന്നുറപ്പാണ്, ശബരിനാഥ് പറയുന്നു. ഇപ്പോള്‍ നടന്നു വരുന്ന ടൂര്‍ണമെന്റും പുതിയ താരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും ശബരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: