ചാലക്കുടി: കലാഭവന്‍ മണിക്ക് ജന്മനാട്ടില് സ്മാരകം ഇനിയും വൈകുവാന്‍ സാധ്യത. സ്മാരക നിര്‍മ്മാണത്തിന്റെ അന്തിമ കരാരും ടെണ്ടര്‍നടപടികളും ഒന്നുമായിട്ടില്ല. സര്‍ക്കാര്‍
തീരുമാനങ്ങള്‍ അനന്തമായി നീളുന്നതിലാണ് പ്രതിഷേധം.
മാര്‍ച്ച് ആറിന് മണി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും ചാലക്കുടിയില്‍ സ്മാരകം കടലാസില്‍ മാത്രമായി മാറുന്നു. റീ ടെണ്ടര്‍ അംഗീകരിച്ചത് പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിയെ എല്പ്പിക്കുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവെക്കുവാന്‍ നടപടി സ്വീകരിച്ചു വരുന്നതായും, ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനുവിട്ടിരിക്കയാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.
സ്മാരക കമ്മിറ്റിയിലേക്ക് അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ആദ്യ പ്ലാന്‍ പ്രകാരം പന്ത്രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വിപുലമായ സ്മാരകം നിര്‍മ്മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ പഌനില്‍ സ്മാരകം നേരെ പകുതിയാക്കി . ആറായിരം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സ്മാരകം നിര്‍മ്മിക്കുവാനാണ് റീണ്ടെര് നല്കി ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാര്‍ ഒപ്പുവെക്കുന്നത്.
വര്‍ഷങ്ങളായി ചാലക്കുടിയില്‍ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും വേണ്ടിവന്നാല്‍ പ്രത്യക്ഷ സമരം ചെയ്യുമെന്നും സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
കലാഭവന്‍മണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടപ്പിലായില്ല. പുതിയ ബജറ്റിലും തുക പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ചലച്ചിത്ര മേളകളിലും മണിയെ അവഗണിക്കുകയാണെന്ന് രാമകൃഷ്ണന് പറഞ്ഞു. സ്മാരകം വരാതിരിക്കാന്‍ ആരൊക്കെയോ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് ഇടതുപക്ഷസര്‍ക്കാരുകള്‍ കേരളത്തിലുണ്ടായിട്ടും. ജന്മനാട്ടില് കലാഭവന്‍ മണിയെ അവഗണിക്കുന്നത് മനപൂര്‍വ്വമാണെന്നും രാമകൃഷ്ണന് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: