കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ ആരംഭിച്ച അന്വേഷണം തടയണമെന്ന കെഎസ്ഐഡിസി ആവശ്യം ഹൈക്കോടതി തള്ളി. കരിമണല്‍ കമ്പനി, കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡും (സിഎംആര്‍എല്‍), എക്സാലോജിക് സൊല്യൂഷന്‍സും ചേര്‍ന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്ഐഡിസി) കാര്യങ്ങളില്‍ ഇടപെട്ടതു സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം സ്റ്റേ ചെയ്യാനാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിസമ്മതിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി 12ലേയ്ക്ക് മാറ്റി.
വിവരങ്ങള്‍ തേടി തങ്ങള്‍ക്കയച്ച നോട്ടീസും എസ്എഫ്ഐഒ അന്വേഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഐഡിസിയുടെ ഹര്‍ജി. ഹര്‍ജി പരിഗണിക്കവേ, പൊതുമേഖലാ കമ്പനിയെന്ന നിലയില്‍ അന്വേഷണത്തെക്കുറിച്ച് എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹര്‍ജിക്കാരനോടു ചോദിച്ചു. എന്താണ് നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്നത്? അവര്‍ ചില വിവരങ്ങള്‍ മാത്രമാണു ചോദിക്കുന്നത്. നിങ്ങള്‍ക്കതിനു മറുപടി നല്‍കുകയോ നിരസിക്കുകയോ ചെയ്യാം, കോടതി വ്യക്തമാക്കി. ഒളിക്കാനൊന്നുമില്ലെന്നും എന്നാല്‍ രണ്ടു സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും കെഎസ്ഐഡിസി വാദിച്ചു.
കെഎസ്ഐഡിസിക്കു വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സി.എസ്. വൈദ്യനാഥന് തങ്ങളെ കേള്‍ക്കാതെയാണ് അന്വേഷണ ഉത്തരവിറക്കിയതെന്ന് ആരോപിച്ചു. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ 13.41% ഓഹരിയുണ്ട്. നോമിനി ഡയറക്ടര്‍ക്ക് കമ്പനിയുടെ പതിവു പ്രവര്‍ത്തനങ്ങളില്‍ പങ്കില്ല. ഇതിന് 50 കമ്പനികളില്‍ നോമിനി ഡയറക്ടര്‍മാരുണ്ട്, ഈ കമ്പനികളില്‍ എന്തെങ്കിലും നിയമ വിരുദ്ധത കണ്ടെത്തിയാല്‍, കെഎസ്ഐഡിസിക്ക് ഉത്തരവാദിത്തമുണ്ടാകില്ല, അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസിക്കെതിരേ എസ്എഫ്ഐഒയുടെയും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെയും അന്വേഷണം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
സേവനമൊന്നും ലഭിക്കാതെ തന്നെ, കൊച്ചിയിലെ കരിമണല്‍ കമ്പനി വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സിനു കൊടുത്ത കോടികളെക്കുറിച്ച് എസ്എഫ്ഐഒ അന്വേ
ഷിക്കുകയാണ്. കെഎസ്ഐഡിസിക്ക് സിഎംആര്‍എല്ലില്‍ നോമിനി ഡയറക്ടറുള്ളതിനാല്‍, ഫെബ്രുവരി ആറിന് ഒരു ദിവസത്തിനകം അക്കൗണ്ട് ബുക്കുകള്‍, ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്, ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്സ് എന്നിവ നല്‍കണമെന്ന് എസ്എഫ്ഐഒ കോര്പ്പറേഷന് നോട്ടീസ് നല്കി. എന്നാല്‍ ഇതിനെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് നിയമപരമല്ലെന്നാണ് അവരുടെ വാദം. സംഭവത്തില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: