ന്യൂദല്‍ഹി: ഭാരതം ആത്മാഭിമാനം കണ്ടെത്തുന്ന സുവര്‍ണ്ണ പാതയിലാണെന്ന് ആര്‍എസ്എസ് സർസംഘ ചാലക് മോഹന്‍ ഭാഗവത്. “കല ജനപ്രീതി നേടാന്‍ ഉപയോഗിക്കപ്പെട്ടു. അത് സമൂഹത്തിന്റെ സംസ്കാരത്തെ അട്ടിമറിക്കാന്‍ ഉപയോഗിക്കപ്പെട്ടു. ചിലപ്പോള്‍ കല മോശം സംസ്കാരം പ്രചരിപ്പിക്കാനും ഉപയോഗിച്ചു.” -മോഹന്‍ ഭാഗവത് പറഞ്ഞു.
സമൂഹത്തിന്റെ സംസ്കാരത്തെ മാറ്റിമറിക്കാന്‍ കല മനപൂര്‍വ്വം ഉപയോഗിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം സംസ്കാര്‍ ഭാരതിയെ ഉപദേശിച്ചു. ആര്‍എസ്എസിന്റെ ഭാഗമായ സംസ്കാര്‍ ഭരതി സംഘടിപ്പിച്ച അഖില ഭാരതീയ കലാസദക് സംഘത്തിന്റെ ഭാഗമായുള്ള ഭാരത് മുനി സമ്മാന്‍ സമാരോഹില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
അതേ സമയം, ഭാരതത്തിന്റെ സംസ്സാരം വളര്‍ത്താന്‍ പ്രത്യേകം കലാകാരന്മാരെ സംഘടിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ലോക സംസ്കാരത്തെ തന്നെ നയിക്കാന്‍ ഈ കലാകാരന്മാര്ക്ക് കഴിയണമെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
രാജ്യം ഉയിര്ത്തെഴുന്നേല്ക്കുമെന്നും സ്വയം തിരിച്ചറിയുമെന്നും അയോധ്യയില്‍ പുതുതായി പണിത ക്ഷേത്രത്തില്‍ ബാലകരാമന് എത്തിച്ചേര്‍ന്നതോടെ ഇന്ത്യയുടെ സ്വത്വം മടങ്ങിയെത്തിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം ഇന്ത്യ പാഴാക്കി. സ്വതന്ത്ര (സ്വാതന്ത്യം) എന്നതിലെ സ്വ (സ്വത്വം) ഉണരാന്‍ ഒട്ടേറെ സമയമെടുത്തു. സര്‍ക്കാരും ജനങ്ങളും ഭാരതീയതയെ തഴഞ്ഞു. ഒരാളുടെ ജീവിതത്തില്‍ സംഗീതവും കലയും പ്രധാനമാണ്. സംഗീതവും കലയും ഇല്ലാത്ത മനുഷ്യന് വാലില്ലാത്ത മൃഗത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: