ബൊഗോട്ട : കൊളംബിയൻ സർക്കാരും രാജ്യത്തെ ഏറ്റവും വലിയ ഗറില്ല ഗ്രൂപ്പായ ഇഎൽഎൻ നും തമ്മിലുള്ള വെടി നിർത്തൽ കരാർ നീട്ടിവച്ചു. ആറ് മാസത്തേക്ക് കൂടിയാണ് കരാർ നീട്ടിയിരിക്കുന്നത്. മോചനദ്രവ്യത്തിനായി പൗരൻമാരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കുമെന്ന് ഇഎൽഎൻ വിമതരും വാഗ്ദാനം ചെയ്തു.
ചൊവ്വാഴ്ചയാണ് വെടിനിർത്തൽ അവസാനിക്കാനിരുന്നത്. എന്നാൽ രാത്രിയിൽ വെടിനിർത്തൽ 180 ദിവസത്തേക്ക് നീട്ടിയതായി ഇരുപക്ഷവും അറിയിക്കുകയായിരുന്നു. ഇഎൽഎൻ എന്ന സ്പാനിഷ് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ലിബറേഷൻ ആർമി വെടിനിർത്തൽ താൽക്കാലികമായി നിർത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.
സർക്കാരും രാജ്യത്തിന്റെ പ്രധാന വിമത ഗ്രൂപ്പായ റെവല്യൂഷണറി സായുധ സേനയും തമ്മിലുള്ള 2016 ലെ സമാധാന കരാറിന്റെ ഭാഗമല്ലാത്ത നിരവധി സായുധ ഗ്രൂപ്പുകളെ സമാധാനിപ്പിക്കാൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ശ്രമിക്കുന്നുണ്ട്. ഇതിന്റെ നടപടിയെന്നോണം കൊളംബിയ സർക്കാരും നാഷണൽ ലിബറേഷൻ ആർമിയും 2022 അവസാനം മുതൽ സമാധാന ചർച്ചകൾ നടത്തി വരികയാണ്.
കൊളംബിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നാഷണൽ ലിബറേഷൻ ആർമി കുറഞ്ഞത് 38 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതേ സമയം വെടിനിർത്തലിന്റെ പുതിയ നിബന്ധനകളിൽ തങ്ങൾ സന്തുഷ്ടരാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: