തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമിത ലാഭത്തിന് വേണ്ടിയാണ് എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകള്‍ കെണിയില്‍ വീഴുന്നത്. കേരള പോലീസ് സൈബര്‍ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ വര്‍ഷം മാത്രം ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ സംസ്ഥാനത്ത് 201 കോടി രൂപയാണ് നഷ്ടമായത്. പലപ്പോഴും ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ ദുരുപയോഗങ്ങള്‍ക്ക് ഇരയാകാറുണ്ട്. കുരുക്ക് മുറുകുമ്പോഴാണ് ആപത്ത് ബോധ്യപ്പെടുന്നത്.
ഇതോടെ കുട്ടിയുടെയും കുടുംബത്തിന്റേയും സ്വസ്ഥത നഷ്ടപ്പെടും. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവുകയാണ് പ്രധാനം. കുട്ടിയുടെ ഭാവിയെ കരുതി പലപ്പോഴും പോലീസ് നടപടികളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇരയായവര്‍ തയ്യാറായെന്നു വരില്ല.
അത്തരം സംഭവങ്ങളില്‍ കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയണം. തട്ടിപ്പുകള്‍ക്കിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായും രാജ്യത്തെ മികച്ച ഒന്‍പതാമത്തെ സ്റ്റേഷനായും തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം കുറ്റിപ്പുറം പോലീസ് സ്റ്റേഷനുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
സൈബര്‍ ഡിവിഷന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹബിന് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആന്റണിരാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിജിപിമാരായ മനോജ് എബ്രഹാം, എം. ആര്. അജിത്കുമാര്‍, എച്ച്. വെങ്കിടേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: