അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ ആശ്ചര്യകരമായ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ ആഘോഷിക്കപ്പെട്ട പ്രാണപ്രതിഷ്ഠയ്ക്കുശേഷം മുന്‍കാലങ്ങളില്‍ പല കാരണങ്ങളാല്‍ രാമക്ഷേത്രത്തെ അംഗീകരിക്കാതിരുന്ന പലരും അയോധ്യയിലേക്ക് തീര്‍ത്ഥാടനം നടത്തുകയാണല്ലോ. രാഷ്ട്രീയത്തിനതീതമായി സംഭവിക്കുന്ന മാറ്റമാണിത്. പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യാ പ്രക്ഷോഭകാലത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപി മാത്രമാണ് തുറന്ന മനസ്സോടെ രാമക്ഷേത്രത്തിനുവേണ്ടി വാദിക്കുകയും, പ്രക്ഷോഭത്തില്‍ പങ്കുകൊള്ളുകയും ചെയ്തത്. മറ്റു പല പാര്‍ട്ടികളും രാമജന്മഭൂമിയില്‍ ക്ഷേത്രം വരുന്നതിനെ എതിര്‍ക്കുക മാത്രമല്ല, അയോധ്യയിലല്ല രാമന് ജനിച്ചതെന്നു വാദിച്ച് അന്തരീക്ഷം കലുഷിതമാക്കുകയും ചെയ്തു. ഈ സ്ഥിതിക്കാണ് മാറ്റം വന്നിരിക്കുന്നത്.
ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിംലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണ്. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും, ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്ന രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ലീഗിന്റെ അധ്യക്ഷന്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതില്‍ തീര്‍ച്ചയായും പുതുമയുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നതായി വ്യക്തിപരമായ സംഭാഷണത്തില്‍ ലീഗിന്റെ ചില നേതാക്കള്‍ മുന്‍കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ആ നിലപാട് പരസ്യമായി പറയാന്‍ അവരാരും തയ്യാറായിരുന്നില്ല. അയോധ്യാ പ്രക്ഷോഭത്തെയും രാമക്ഷേത്രത്തെയും രാഷ്ട്രീയമായ കാരണങ്ങളാലും വര്‍ഗീയ പ്രീണനത്തിന്റെ ഫലമായും എതിര്‍ത്തുപോന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിട്ടുള്ളത്. അയോധ്യയില്‍ വൈദേശികാടിമത്വത്തിന്റെ കളങ്കം പേറി നിലനിന്നിരുന്ന തര്‍ക്കമന്ദിരം മസ്ജിദായി ചിത്രീകരിച്ച് അത് മതേതരത്വത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞുനടന്നവര്‍ക്കൊപ്പം ഒരു പാര്‍ട്ടിയെന്ന നിലയില്‍ ലീഗുമുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ നിലപാടിനെ ഭാവാത്മകമായി കാണേണ്ടത്.
രാമക്ഷേത്രത്തോടുള്ള മുസ്ലിംലീഗിന്റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. സംസ്ഥാനത്ത് മുസ്ലിങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമുണ്ട്. മതവിശ്വാസികളായ മുസ്ലിങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്നത് മുസ്ലിംലീഗാണ്. രാഷ്ട്രീയത്തിലും ഭരണത്തിലും അവര്‍ പ്രബല ശക്തിയുമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിയുടെ കരുത്തുപോലും ലീഗാണ്. സമുദായത്തിലും രാഷ്ട്രീയത്തിലുമുള്ള ലീഗിന്റെ ഈ സ്ഥാനം പിടിച്ചെടുക്കാനാണ് മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ചില സംഘടനകള്‍ നോക്കുന്നത്. ഇക്കാര്യത്തില്‍ ചിലപ്പോഴൊക്കെ ലീഗിന് ആശങ്കയുള്ളതായും തോന്നിയിട്ടുണ്ട്. ഇവരോട് മത്സരിക്കേണ്ട സ്ഥിതിയുമുണ്ട്. അതൊക്കെ എന്തുതന്നെയായിരുന്നാലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്. രാമക്ഷേത്രം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും, തര്‍ക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കില്‍ അത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണെന്നും അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയവര് തുടക്കംമുതല്‍ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ. മുസ്ലിംലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്ക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം.
പ്രാണപ്രതിഷ്ഠയ്ക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടും പോകാത്ത പാര്‍ട്ടികളുണ്ട്. പക്ഷേ മന്ത്രിപദവികളും പാര്‍ട്ടി പദവികളും വഹിക്കുന്നവര്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുകയുണ്ടായി. അയോധ്യാ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും, രാമജന്മഭൂമിയില്‍ ക്ഷേത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തത് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ചവര്‍ ഇപ്പോള്‍ പറയുന്നത് രാമന് ആരുടെയും സ്വകാര്യ സ്വത്തല്ല എന്നാണ്. രാമന് തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ആരും പറഞ്ഞിരുന്നില്ല. മതത്തിനും രാഷ്ട്രീയത്തിനുമൊക്കെ അതീതമായി രാമന് എല്ലാവരുടേതുമാണെന്നും, അതുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പിന്തുണക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഇതിനെ അംഗീകരിക്കാതിരുന്നതാണ് പ്രശ്നപരിഹാരം ഇത്രയും നീണ്ടുപോകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: