ന്യൂദല്‍ഹി: കേരളത്തിന്റെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ നല്കിയ വിശദീകരണക്കുറിപ്പില്‍ സംസ്ഥാനം അഭിമാനമായി പറയുന്ന കിഫ്ബിയുടെ പൊള്ളത്തരവും തുറന്നുകാട്ടുന്നു. കിഫ്ബിക്കും കേരളാ സാമൂഹ്യ സുരക്ഷാ പെന്ഷന് ലിമിറ്റഡിനും യാതൊരു വിധത്തിലുമുള്ള വരുമാന മാര്ഗങ്ങളുമില്ലെന്ന സിഎജി റിപ്പോര്‍ട്ടും അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
വരുമാനവും ചെലവും തമ്മിലുള്ള അന്തരം അപകടകരമാം വിധം വര്‍ദ്ധിക്കുന്നുവെന്ന കേരളാ പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, കടമെടുത്ത തുകയുടെ മോശം വിനിയോഗം സംബന്ധിച്ച് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ 2021 സപ്തംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും എജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചാബും ബംഗാളും കടമെടുത്ത് പ്രതിസന്ധിയിലായ ഉദാഹരണ സഹിതമാണ് കേരളവും അതേ അവസ്ഥയിലാണെന്ന് കേരളാ പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ റിവ്യൂ കമ്മിറ്റി വിശദീകരിക്കുന്നത്.
പതിനാലാം ധനകാര്യ കമ്മിഷന് ശിപാര്‍ശ പ്രകാരം കേരളത്തിന് നല്‍കേണ്ട 2015-16 മുതല്‍ 2019-20വരെ 9,519 കോടി രൂപയും നല്‍കിയിട്ടുണ്ട്. പതിനഞ്ചാം ധനകമ്മിഷന് 2020-21 മുതല്‍ 2023-24 വരെ ശിപാര്‍ശ ചെയ്തത് 52,345 കോടി രൂപയാണ്. ഈ തുക ഈ വര്‍ഷം ജനുവരിയോടെ തന്നെ കൊടുത്തു തീര്‍ത്തു.
പൊതു ധനമാനേജ്മെന്റ് ദേശീയ വിഷയമാണെന്നും ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥത രാജ്യത്തെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ധനകാര്യ അച്ചടക്കവും പൊതു കടവും ദേശീയ പ്രധാന്യമുള്ള വിഷയങ്ങളാണ്. സംസ്ഥാനത്തിന്റെ കടം രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെയും നിക്ഷേപങ്ങളുടെ വരവിനെയും ബാധിക്കും. ധനദുര്വ്യയമാണ് ചില സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ എജി വഴി നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: