ജനീവ: ഗാസയില്‍ നാലുമാസമായിത്തുടരുന്ന യുദ്ധത്തില്‍ 17,000 കുട്ടികള്‍ അനാഥരായെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം കുട്ടികളുടെയും അച്ഛനമ്മമാര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തവരാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യൂണിസെഫ് പറഞ്ഞു.
യുദ്ധത്തിന് മുന്‍പ് ഗാസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ പറ്റി യൂണിസെഫ് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. അഞ്ചുലക്ഷത്തോളം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പിന്തുണ വേണ്ടവരാണെന്ന് യൂണിസെഫ് കണ്ടെത്തിയിരുന്നു. 17,000 കുട്ടികള്‍ അനാഥരായിയെന്നത് ഒരു ഏകദേശ കണക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ കണക്കുകളില്‍ വ്യക്തത വരുത്തുന്നതില്‍ അധികൃതര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സ്വന്തം പേര് പോലും പറയാന്‍ കഴിയാത്ത തരത്തില്‍ യുദ്ധം കുട്ടികളെ ബാധിച്ചു. ഗാസയില്‍ കൊല്ലപ്പെട്ട 27,100 പേരില്‍ 11,500 പേരും കുട്ടികളാണ്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ യൂണിസെഫും അനുബന്ധ സംഘടനകളും 40,000 കുട്ടികള്‍ക്ക് മാനസികപിന്തുണയ്ക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു. താന്‍ ആശയവിനിമയം നടത്തിയ 12 കുട്ടികളില്‍ പകുതിയിലേറെയും വരുന്നവര്‍ കുടുംബത്തിലെ ഒരു അംഗത്തെ നഷ്ടമായവരാണെന്ന് യൂണിസെഫ് സ്റ്റേറ്റ് ഓഫ് പലസ്തീന് ചീഫ് ഓഫ് കമ്മ്യൂണിക്കേഷന്‍ ജൊനാഥന് ക്രിക്സ് പറയുന്നു. ഓരോ കുട്ടികള്‍ക്കും ഹൃദയഭേദകമായ കഥകളാണ് പറയാനുണ്ടായിരുന്നത്. ആരും ഒപ്പമില്ലാതെ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്ന പരിപാലന കേന്ദ്രത്തില്‍ നാല്, ആറ് വയസ്സ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ കാണാന്‍ കഴിഞ്ഞു. നാല് വയസ്സുള്ള പെണ്‍കുട്ടിയില്‍ യുദ്ധം വിതച്ച ഭീതി ഇപ്പോഴും നിഴലിക്കുന്നു, ജൊനാഥന് കൂട്ടിച്ചേര്‍ത്തു.
ഉറ്റവര്‍ നഷ്ടമായ വേദന ഇവരെ വിട്ടുമാറിയിട്ടില്ലെന്നതാണ് വസ്തുത. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണചുമതല ബന്ധുക്കള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഭക്ഷ്യദൗര്‍ലഭ്യം, ജലക്ഷാമം എന്നിവ രൂക്ഷമായി നേരിടുന്ന സമയത്ത് ബന്ധുക്കള്‍ പോലും നിസഹായരായി മാറുന്ന അവസ്ഥയാണുള്ളത്. വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ പോലുള്ള സാഹചര്യങ്ങളിലൂടെയാണ് ഗാസയിലെ കുട്ടികള്‍ കടന്നുപോകുന്നതെന്നും യൂണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: