ഹൈദരാബാദ് : റോഡ് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിച്ചുമാറ്റാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്ത് മാതൃക കാട്ടിയിരിക്കുകയാണ് ബിജെപി എംഎല്‍എ രമണ റെഡ്ഡി. തെലുങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിലെ അജയ്യനായ എംഎല്‍എയാണ് രമണ റെഡ്ഡി.
ഇക്കഴിഞ്ഞ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ നായകനായി മാറിയ വ്യക്തിയാണ് രമണ റെഡ്ഡി. കാമറെഡ്ഡി നിയമസഭാ മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ എതിരാളികള്‍ മുന്‍ മുഖ്യമന്ത്രി കെസിആറും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുമായിരുന്നു. പക്ഷെ രണ്ടു പേരെയും രമണ റെഡ്ഡി തറപറ്റിച്ചു. ഇതോടെ ദേശീയ തലത്തില്‍ തന്നെ രമണ റെഡ്ഡി താരമായി മാറിയിരുന്നു.
ഇപ്പോഴിതാ റോഡിന് വീതികൂട്ടാന്‍ സ്വന്തം വീട് തന്നെ പൊളിക്കാന്‍ ബുള്‍ഡോസറിനെ സ്വാഗതം ചെയ്യുക വഴി വീണ്ടും രമണറെഢ്ഢി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. “എന്റെ വീട് ഇടിച്ചുനിരത്തുന്നത് ഒരു വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല. കാമറെഡ്ഡിയിലെ ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞാന്‍ എന്റെ വീട് തകര്‍ത്തത്,”- കെ.വി.രമണറെഡ്ഡി പറയുന്നു.
ജനനേതാവായി ഉയര്‍ന്ന ബിജെപിയുടെ എംഎല്‍എ രമണറെഡ്ഡി
അവിഭാജ്യ ആന്ധ്രയുടെ കാലത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രാജശേഖരറെഡ്ഡിയുടെ കൂടെയായിരുന്നു കെ.വി. രമണറെഡ്ഡി. പിന്നീട് അദ്ദേഹം കെസിആറിന്റെ പാര്‍ട്ടിയിലേക്ക് പോയി. എന്നാല്‍ 2108ലെ തെലുങ്കാന നിയമസഭയില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചെങ്കിലും മൂന്നാമനായി. പക്ഷെ 2023ലെ തെരഞ്ഞെടുപ്പെത്തുമ്പോഴേക്കും രമണറെഡ്ഡി ഏറെ മാറി. അദ്ദേഹം കാമറെഡ്ഡി മണ്ഡലത്തിലെ പ്രാദേശിക വിഷയം ഉയര്‍ത്തുക വഴി ജനങ്ങളുടെ നേതാവായി മാറി. കാമറെഡ്ഡിയുടെ വികസനത്തിനായി രമണറെഡ്ഡി നിര്‍ദേശിച്ച രൂപരേഖ കെസിആറിന്റെ സര്‍ക്കാര്‍ അംഗീകരിച്ചു. അതോടെ രമണറെഡ്ഡി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചു. അതുപോലെ കാമറെഡ്ഡിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള കെട്ടിടസാമഗ്രികള്‍ വാങ്ങാന്‍ സ്വന്തം പണം സംഭാവന ചെയ്തതോടെ രമണറെഡ്ഡി അക്ഷരാര്‍ത്ഥത്തില്‍ ജനനായകനായി. ഇതാണ് കെസിആറിനെയും രേവന്ത് റെഡ്ഡിയെയും തൂത്തെറിയാന്‍ ഇദ്ദേഹത്തിന് കരുത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: