ജഗത് ജയപ്രകാശ്
ഞാന്‍ ജോലി ചെയ്യുന്ന ഐഐടി ജമ്മുവിന് സമീപമാണ് ലോകത്തിലെ ഏറ്റവും വലിയ വീല്‍ഡ് ഫോര്‍മേഷനായ ആര്‍മി കന്റോണ്‍മെന്റ് 16 കോര്‍ സ്ഥിതി ചെയ്യുന്നത്. ജമ്മു -ശ്രീനഗര്‍ ദേശീയ പതിയില്‍ നഗ്രോട്ട ബൈപാസില്‍ നിന്ന് തുടങ്ങി 5 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന അതിബൃഹത്തായ മിലിട്ടറി കന്റോണ്‍മെന്റ്. അതിനുളളിലെ കാന്റീന് പ്രവേശനകവാടത്തില്‍ വലിയെ അക്ഷരത്തില്‍ എഴുതിവെച്ചിരിക്കുന്ന ഒരു പേരുണ്ട്. ”ഉസ്മാന് എംവിസി’. അകത്തുകടന്നാല്‍ വലിയൊരു ബോര്‍ഡും അതിലൊരാളുടെ ചിത്രവും. കണ്ണുകള്‍ തീഷ്ണമായി ജ്വലിക്കുന്ന, സ്വരാജ്യത്തിന് വേണ്ടി പടപൊരുതി മരിച്ച ധീര സൈനികന്റെ ചിത്രം. അതിനടിയില്‍ എഴിതിയിരിക്കുന്ന പേര്, ‘ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് എംവിസി’. മഹാവീര്‍ ചക്ര എന്നതിന്റെ ചുരുക്കപ്പേരാണ് എംവിസി.
ചരിത്ര പുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ഒരു പേരായിട്ടാണ് എനിക്ക് തോന്നിയത്. ഉത്തര്‍പ്രദേശില്‍ അസംഘട്ട് ജില്ലയിലെ ബിബിപുര്‍ എന്ന സ്ഥലത്ത് 1912 ജൂലൈ 15 നാണ് ഉസ്മാന്റ ജനനം. ചെറുപ്പം മുതല്‍ അത്യധികം സ്ഥിരോല്സാഹിയും മിടുക്കാനുമായിരുന്നു ഉസ്മാന്. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്ത ഉസ്മാന്റെ ആഗ്രഹം പട്ടാളക്കാരന് ആകണമെന്നതായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഭാരതീയര്‍ക്ക് കമ്മീഷന്‍സ് പദവികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പരിമിതമായിരുന്നു. കടുത്ത മത്സര പരീക്ഷകള്‍ താണ്ടി് ഉസ്മാന് അന്ന് പ്രശസ്തമായ റോയല്‍ മിലട്ടറി അക്കാദമിയില്‍ 1932 ല്‍ പ്രവേശനം നേടി. 1934 ഫെബ്രുവരി 1 ന് സൈന്യത്തിലേക്ക് നിയമിതനായി. 1935 ല്‍ പത്താം ബലൂച് റെജിമെന്റിലെ അഞ്ചാമത്തെ ബറ്റാലിയനില്‍ നിയമിക്കപ്പെട്ടു. 1935 ലെ വടക്ക് പടിഞ്ഞാറന്‍ മൊഹമ്മദ് കലാപം അതിശക്തമായി നടന്നിരുന്ന കാലത്ത് അവിടെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. തുടര്‍ന്ന് 1936 ഏപ്രിലില്‍ അദ്ദേഹം ലെഫ്റ്റനന്റ് പദവിലേക്ക് ഉയര്‍ന്നു. 1941ല്‍ ക്യാപ്റ്റനായി . 1945 ല്‍ ബര്‍മയില്‍ സേവനം അനുഷ്ടിക്കുന്നതിനിടയില്‍ താത്കാലിക മേജറായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉയര്‍ത്തി.
1947 ല്‍ വിഭജനകാലത്ത് ബലൂച് റെജിമെന്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉസ്മാന് പാകിസ്ഥാന് സൈന്യത്തില്‍ ചേരാനുള്ള ക്ഷണം വന്നു. തിരസ്കരിച്ചു. തുടര്‍ന്ന് പാകിസ്ഥാന് സൈനിക മേധാവിയുടെ ചുമതല നല്‍കാമെന്നും പാകിസ്ഥാന് വാഗ്ദാനം നല്കി. കടുത്ത രാജ്യസ്നേഹി ആയതിനാല്‍ ആ ക്ഷണവും നിരസിച്ചു.സ്വാതന്ത്ര്യത്തിന് ശേഷം ബലൂച് റെജിമെന്റ് പാകിസ്ഥാനിലേക്ക് പോയപ്പോള്‍ അദ്ദേഹം ഡോഗ്ര റെജിമെന്റില്‍ ചേര്‍ന്നു.
1947 ല്‍ ജമ്മു കാശ്മീര്‍ പിടിച്ചടക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന്, ഗോത്രവര്‍ഗ ഭീകരന്മാരെയും പാകിസ്ഥാന് പട്ടാളത്തെയും നിയോഗിച്ചു. 1947 ഡിസംബറില്‍ ജമ്മുവിലെ ജംഗറില്‍ പാരച്യൂട്ട് ബ്രിഗേഡിന്റെ കമാന്ററായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ചാം പാരച്യൂട്ട് ബ്രിഗേഡ് വിന്യസിക്കപ്പെട്ടു. പാകിസ്ഥാന് സൈന്യത്തിന്റെ അതിഭീകരമായ ആക്രമണം അതിജീവിക്കാന്‍ ഭാരത സൈന്യത്തിന് കഴിഞ്ഞില്ല. പാകിസ്ഥാനെ സംബന്ധിച്ചടത്തോളം വളരെയധികം തന്ത്രപ്രധാനമായ ഒരു പ്രവിശ്യയായിരുന്ന ജാംഗര്‍ അവര്‍ കൈവശത്തിലാക്കി. അന്നേ ദിവസം ഉസ്മാന് ഒരു പ്രതിജ്ഞ എടുത്തു. എന്ത് വില കൊടുത്തും ജാംഗര്‍ തിരിച്ചു പിടിക്കും. മൂന്ന് മാസത്തിന് ശേഷം സ്വന്തം ജീവന് ബലി നല്‍കിയാണ് അ സ്ഥലം ഉസ്മാന് തിരിച്ചു പിടിച്ചത്.
ജംഗറിന്റെ പതനത്തോടെ പ്രതിരോധത്തിലായ ഭാരതസേനയുടെ കൈവശമുണ്ടായിരുന്ന നൗഷേര പ്രവിശ്യയും പാകിസ്ഥാന് കൈയ്യടക്കി. തുടര്‍ന്ന് ഉസ്മാന് ഊണിലും ഉറക്കത്തിലും ഒരേ ഒരു ചിന്ത മാത്രമായിരുന്നു. നഷ്ടപ്പെട്ട ഭാരത്തിന്റെ മണ്ണ് എങ്ങനെയും തിരിച്ചു പിടിക്കുക. 1948 ഫെബ്രുവരിയില്‍ നടന്ന നിര്‍ണായക യുദ്ധത്തില്‍ നൗഷേര തിരിച്ചു പിടിച്ചു. ചരിത്രപരമായ ആ യുദ്ധത്തില്‍ ആയിരത്തോളം പാകിസ്ഥാനികളെ വധിക്കുകയും ചെയ്തു. ഭാരതത്തിന്റെ 33 ധീരജവാന്മാര്ക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. എണ്ണത്തില്‍ വളരെ കൂടുതല്‍ ഉണ്ടായിരുന്ന പാകിസ്ഥാന് സൈന്യത്തിനെ തന്റെ ധൈര്യവും മനോബലവും അതിശക്തമായ ദേശഭക്തിയും മാത്രം കൈമുതലാക്കി ഉസ്മാന് നിലംപരിശാക്കി. യുദ്ധത്തിനെ തുടര്‍ന്ന് ‘നൗഷേരയുടെ സിംഹം’എന്ന വിളിപ്പേര് ഉസ്മാന് നല്കി.
പാകിസ്ഥാന് ഉസ്മാ ന്റെ തലയ്ക്ക് 50000 രൂപ ഇനാം പ്രഖ്യാപിച്ചു. പ്രശംസയും അഭിനന്ദനങ്ങളും കുന്ന് കൂടുന്നതിനിടയിലും അദ്ദേഹം പായ് വിരിച്ച് മറ്റ് സൈനികരോടൊപ്പം നിലത്ത് കിടന്നാണ് ഉറങ്ങിയിരുന്നത്. ജംഗര്‍ തിരിച്ചുപിടിക്കുന്നത് വരെ കട്ടിലില്‍ കിടന്നുറങ്ങില്ലെന്ന് ശപഥം ചെയ്തിരുന്നു. പിന്നീട് ഫീല്‍സ് മാര്‍ഷല്‍ ആയ കെ എം കരിയപ്പയുടെ മേല്‍നോട്ടത്തിലായിരുന്നു അന്ന് ജമ്മു പ്രവിശ്യ. കരിയപ്പയുടെ മേല്‍നോട്ടത്തില്‍ ജമ്മുവില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ വേണ്ടി ഒരു ആസ്ഥാനം സ്ഥാപിച്ചു. ഇതിന്റെ കാരണം ഒന്നു മാത്രമായിരുന്നു. ജംഗറിനേയും പൂഞ്ച് പ്രവിശ്യയും തിരിച്ചുപിടിക്കുക.
1948 ഫെബ്രുവരിയിലെ അവസാനത്തെ ആഴ്ച അതിശക്തമായ ആക്രമണ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി. 19 കാലാള്‍പ്പട വടക്കന്‍ പര്‍വ്വത നിരകളില്‍ കൂടി മുന്നേറിയപ്പോള്‍ 50 പാരച്യൂട്ട് റെജിമെന്റ് ഉസ്മാന്റെ നേതൃത്വത്തില്‍ പാകിസ്ഥാന് കൈവശപ്പെടുത്തി വച്ചിരുന്ന നൗഷേര -ജംഗര്‍ റോഡ് തിരിച്ചു പിടിച്ചു.ഒടുവില്‍ പാകിസ്ഥാനെ ആ പ്രദേശത്ത് നിന്നും പൂര്‍ണമായും ആട്ടിപ്പായിക്കുകയും ജംഗറിനെ തിരിച്ചു പിടിക്കുകയും ചെയ്തു.
1948 മെയ്മാസം പാകിസ്ഥാന് വീണ്ടും ജംഗര്‍ ലക്ഷ്യമാക്കി കനത്ത ആക്രമണം നടത്തി. ഇത്തവണ പീരങ്കി ആക്രമണമായിരുന്നു. അതിശക്തമായ പാകിസ്ഥാന്റെ ആക്രമണത്തെ ധീരതയോടെ ഉസ്മാന്റെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിയെങ്കിലു 1948 ജൂലൈ 3 ന് പാകിസ്ഥാന് നടത്തിയ ഒരു കനത്ത അക്രമണത്തില്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന് ജീവത്യാഗം ചെയ്തു. മരിക്കുമ്പോള്‍ വെറും 35 വയസ്സ് മാത്രമായിരുന്നു പ്രായം. മരിക്കാന്‍ നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘ഞാന്‍ മരിക്കുകയാണ്, എന്നിരുന്നാല്‍ പോലും നമ്മുടെ രാജ്യത്തിന്റെ ഒരിഞ്ചു മണ്ണുപോലും ശത്രുക്കള്‍ക്ക് വിട്ടുനല്‍കരുത്’. മരണത്തിലും കാട്ടിയ അസാമാന്യ ധൈര്യം അദ്ദേഹത്തിന് മരണാനന്തരം മഹാവീരചക്രം നേടി കൊടുത്തു. സംസ്ക്കാര ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു പങ്കെടുത്തു. അന്നുവരെ ഭാരതം കാണാത്ത ഏറ്റവും വലിയ മരണാനന്തര ബഹുമതി നല്‍കിയാണ് ഭാരതത്തിലെ വീരപുത്രനെ യാത്രയാക്കിയത്.അവിവാഹിതനായിരുന്ന മുഹമ്മദ് ഉസ്മാന് തന്റെ മാസ ശമ്പളത്തിന്റെ ഏറിയ പങ്കും പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് വേണ്ടി നല്‍കിയിരുന്നു. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയുടെ സമീപമാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലം.
16 കോര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനെപ്പറ്റി പറയുമ്പോള്‍ മറ്റൊരു പ്രധാന സംഭവം കൂടി വിശദീകരിക്കേണ്ടതുണ്ട് . ഉദ്ദംപൂര്‍ ആസ്ഥാനമായ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡിന്റെ കീഴിലാണ് 16 കോര്‍. അഖ്നൂര്‍ ആസ്ഥാനമായുള്ള 25ആം കാലാള്‍പ്പടയും 39ആം ഡിവിഷന് കാലാള്‍പ്പടയും ഉള്‍പ്പെടുന്ന അതിബൃഹത്തായ ഒരു മിലിട്ടറി കണ്ടോന്മെന്റാണ് 16 കോര്‍.
2016 ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാശ്മീര്‍ ആകെ പ്രക്ഷുബ്ധമായി. തിരിച്ചടിയെന്നപോലെ തുടരെത്തുടരെ കരസേനയ്ക്കും മറ്റ് സായുധസേനയ്ക്കും എതിരെ പാകിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തി. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് 2016 സെപ്റ്റംബര്‍ 18ന് ഉറിയന്‍ കരസേനയുടെ നേരെ നടന്ന ഭീകരാക്രമണം. കഴിഞ്ഞ രണ്ടു ദശാബ്ധങ്ങള്‍ക്കിടയില്‍ ഭാരതീയ സേനയ്ക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. അതില്‍ 19 ധീര ജവാന്മാര് ജീവത്യാഗം ചെയ്തിരുന്നു.
ഇതിന് തുടര്‍ച്ചയെന്ന രീതിയിലാണ് നഗ്രോട്ട 16 കോര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനു നേരെ ഭീകരാക്രമണം ഉണ്ടായത്. ഉറി ഭീകരാക്രമണം നടന്നത് കാശ്മീരിലാണെങ്കില്‍ നഗ്രോട്ട ഭീകരാക്രമണം ജമ്മുവിലാണ്. ജമ്മു പൊതുവെ ശാന്തമായ ഒരു പ്രദേശമാണ്. ഇങ്ങനെയുള്ള സ്ഥലത്തു നടന്ന ഭീകരാക്രമണം അത്യന്തം ഹീനവും അതിലേറെ ഭീതിജനകവുമായിരുന്നു.
2016 നവംബര്‍ 29 ന് കാലത്ത് 5.30 ന് ആണ് രാജ്യത്തെ നടുക്കിയ ഈ ഭീകരാക്രമണം സംഭവിക്കുന്നത്. ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 7 സൈനികര്‍ക്കാണ് അന്ന് ജീവന് നഷ്ടമായത്. തുടര്‍ന്ന് ഭീകരരുമായി നടന്ന തീവ്രമായ ഏറ്റുമുട്ടലില്‍ 3 ഭീകരവാദികളെ വധിക്കുകയും, അവര്‍ ബന്ദിയാക്കി വച്ചിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു.
ആയുധധാരികളായ തീവ്രവാദികള്‍ പോലീസുകാരുടെ വേഷത്തിലാണ് എത്തിയത്. ആര്‍മി പോസ്റ്റിനു നേരെ ഗ്രനേഡ് വലിച്ചെറിഞ്ഞ ഭീകരന്മാര് തുടര്‍ന്നു സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു.് ഭീകരന്മാര് സൈനികരുടെ പാര്‍പ്പിട സമുച്ചയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടു. സൈനികരുടെ കുടുംബാംഗങ്ങളില്‍ ചിലരെ ബന്ദികളാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാവരും ജീവനും കൊണ്ട് നെട്ടോട്ടമോടി. ബന്ദിയാക്കപ്പെട്ട 16 പേരെ രക്ഷിക്കുവാന്‍ അതിസാഹസികമായ സൈനിക ഓപ്പറേഷനാണ് പിന്നീട് നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു ഭീകരന്മാരുടെ ആക്രമണം. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ച സേന ബന്ദിയാക്കി വച്ചിരുന്ന എല്ലാവരേയും വിജയകരമായി മോചിപ്പിക്കുകയും മൂന്ന് ഭീകരന്മാരേയും കാലപുരിയ്ക്കയക്കുകയും ചെയ്തു.ഇതിനെത്തുടര്‍ന്ന് അതിശക്തമായ കാവലാണ് 16 കോര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് നല്‍കിയിരിക്കുന്നത്. മേജര്‍ ഗോസ്വമി കുനാല്‍ മന്നാഡിര്‍, മേജര്‍ അക്ഷയ് ഗിരീഷ് കുമാര്‍, ഹവീല്‍ദാര്‍ സുഖ് രാജ് സിങ്, ലാന്‍സ് നായിക്ക് സംബാജി യശ്വന്ത്രോ , ഗ്രനേഡിയര്‍ രാഘവേന്ദ്ര സിങ്, റൈഫിള്‍ മാന്‍ അസീം റായ്, നായിക്ക് ചിത്തരഞ്ജന് ദെബര്‍മ എന്നീ ധീര സൈനികര്‍ക്കാണ് അന്നത്തെ ഭീകരാക്രമണത്തില്‍ ജീവന് ബലി നല്‍കേണ്ടി വന്നത്.
എന്‍ ഐ എ അന്വേഷണം നടത്തിയ ഈ കേസില്‍ പാക് ആസ്ഥാനമായ ജെയ്ഷേ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു. ജെയ്ഷേ മുഹമ്മദ് ഭീകര സംഘടനയുടെ നേതാവായ മൗലാനാ മസൂദ് അസഹിന്റെ സഹോദരന് മൗലാനാ അബ്ദുള്‍ റൂഫ് അസ്ഗര്‍ ആണ് ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയത്. കാശ്മീരില്‍ നിന്നുള്ള മറ്റു രണ്ടു ഭീകരന്മാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാ ഭീകരന്മാര്ക്കും പാക് അധീന കാശ്മീരില്‍ തീവ്രവാദ പരിശീലനം ലഭിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
(ജമ്മു ഐഐടിയിലെ പ്രൊഫസറും ഗ്രന്ഥകാരനുമാണ് ജഗത് ജയപ്രകാശ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: