ലണ്ടന്‍: നാട്ടിലെത്തിയ ഇംഗ്ലണ്ടിനോട് ആദ്യ ടെസ്റ്റില്‍ ഭാരതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുറ്റപ്പെടുത്തലുമായി ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങള്‍. ഭാരത ടീമിനെയും രോഹിത് ശര്‍മ്മയെയും കടന്നാക്രമിച്ചാണ് മുന്‍ താരവും ക്രിക്കറ്റ് പണ്ഡിറ്റുമായ ജിയോഫ്രി ബോയ്കോട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ഈ പരമ്പര 5-0ന് സ്വന്തമാക്കുമെന്ന ആത്മവിശ്വാസമാണ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ പങ്കുവച്ചിരിക്കുന്നത്.
ഭാരത താരം രോഹിത് ശര്‍മ്മയുടെ ഏതാനും കാലത്തെ പ്രകടനം കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് ബോയ്ക്കോട്ടിന്റെ വിമര്‍ശനം. താരത്തിന് ഇപ്പോള്‍ 37 വയസ്സെത്തിയിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഹോം ടെസ്റ്റില്‍ രോഹിത് നേടിയത് വെറും രണ്ട് സെഞ്ചുറി മാത്രമാണ്. ഇതില്‍ നിന്നും വ്യക്തമാണ് താരം എത്രത്തോളം മത്സരത്തിന് യോഗ്യനല്ലെന്ന് ബോയ്ക്കോട്ട് വിഖ്യാതമായ ടെലിഗ്രാഫില്‍ തന്റെ പതിവ് കോളത്തില്‍ പ്രതികരിച്ചു. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലെയും രോഹിത്തിന്റെ സ്കോര്‍ സഹിതം(24, 37) പങ്കുവച്ചുകൊണ്ട് താരം വസ്തുനിഷ്ടമെന്നപോലെ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. കളിക്ക് പ്രാപ്തനല്ലെന്നോണമാണ് താരത്തിന്റെ പ്രകടനമെന്നും അദ്ദേഹം വിവരിച്ചു.
ബോയ്ക്കോട്ട് സ്റ്റോക്സിനും കൂട്ടര്‍ക്കും അനുകൂലമായി സമ്പൂര്‍ണ പരമ്പര വിജയം പ്രവചിച്ചത് മറ്റൊരു വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. അടുത്ത മത്സരത്തില്‍ കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ഉണ്ടാവില്ലെന്ന വസ്തുത ഭാരതം ഈ പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ഭീതിയുയര്‍ത്തുന്നു.
പല പരമ്പരകളിലും മദ്ധ്യനിരയില്‍ രാഹുലിന്റെ പ്രകടനം നിര്‍ണായകമാണ്. കോഹ്ലിയുടെ അഭാവത്തില്‍ രാഹുല്‍ ഭാരതത്തിന്റെ നടുന്തൂണായിമാറുന്നതും കഴിഞ്ഞ കളിയിലെ ആദ്യ ഇന്നിങ്സില്‍ കണ്ടതാണ്. അതുപോലെ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലടക്കം മികച്ച ഓള്‍റൗണ്ട് മികവ് തെളിയിച്ച താരമാണ് രവീന്ദ്ര ജഡേജ. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം തുടരുന്ന ഈ താരത്തിന്റെ അഭാവം ഭാരതത്തിന് വലിയ ആഘാതമായിരിക്കുമെന്നും ബോയ്ക്കോട്ട് വിലയിരുത്തുന്നു.
രാഹുലിന്റെയും ജഡേജയുടെയും പിന്മാറ്റത്തിലൂന്നിയാണ് മോണ്ടി പനേസറും ഭാരതത്തിനെതിരെ ഇംഗ്ലണ്ട് സമ്പൂര്‍ണ വിജയം കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നത്. താരം ഇതിനോട് മറ്റൊന്ന് കൂടി കൂട്ടിചേര്‍ക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ ഭാരതത്തിന്റെ കഥ തീര്‍ത്ത സ്പിന്നര്‍ ടോം ഹര്ട്ട്ലിയും മദ്ധ്യനിര ബാറ്റര്‍ ഓലീ പോപ്പും അതേ ടെംപോയില്‍ തുടര്‍ന്നു കളിച്ചാല്‍ ഭാരതം തീര്‍ച്ചയായും എല്ലാ മത്സരവും തോല്‍ക്കുമെന്ന് താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: