സൂര്യവംശത്തിന്റെ മഹത്വാതിരേകം നാം അടുത്തറിയുന്നത് കാളിദാസന്റെ രഘുവംശം മഹാകാവ്യത്തില്‍ നിന്നാണ്. കാളിദാസന് ദിലീപന് എന്ന ദീര്ഘബാഹുവില് നിന്നും സൂര്യ (ഇക്ഷാകു) വംശചരിതം പറഞ്ഞു തുടങ്ങുന്നു. ദിലീപിന്റെയും സുദക്ഷിണയുടെയും പുത്രനാണ് രഘു. ശാസ്ത്രങ്ങളുടെയും ശത്രുക്കളുടെയും അന്തം വരെ പോകാന്‍ സമര്ത്ഥന് എന്നാണ് രഘു ശബ്ദത്തിന് അര്‍ഥം. രഘുവംശ തിലകമാണ് ശ്രീരാമചന്ദ്രന്. അതായത് ധിഷണയും ധീരതയും വേണ്ടത്ര ഉള്ളവന്.
ഭാരതീയ സംസ്കാരത്തിന്റെ മഹാത്മ്യം തെളിയിക്കുന്ന ജീവിതാദര്ശങ്ങളാണ് രഘുവംശത്തിലൂടെ മഹാകവി പറയുന്നത.് ദിലീപന് മുതല്‍ അഗ്നിവര്‍ണന്‍ വരെയുള്ള രാജാക്കന്മാരുടെ ചരിതം ‘ആജന്മശുദ്ധന്മാരും ആഫലോദയകര്മന്മാരു’മാണിവര്‍. സൗന്ദര്യപരവും ധാര്‍മികവും ചിന്താപരവുമായ സംസ്ക്കാരധാരയാണ് പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നത.് പ്രത്യേകമായും സൂര്യവംശത്തില്‍. നോക്കുക:
ത്യാഗായ സംഭൃതാര്‍ഥാനാം
സത്യായ മിതഭാഷിണാം
യശസേ വിജിഗീഷൂണാം
പ്രജായൈ ഗൃഹമേധിനാം
ശൈശവേളഭ്യസ്ത വിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ദ്ധകേ മുനിവൃത്തീനാം
യോഗേനാന്തേ തനുത്യജാം
(രഘുവംശം)
ത്യാഗത്തിനായി മാത്രം ധനം സമ്പാദിച്ചവര്‍, സത്യത്തിനുവേണ്ടി മിത ഭാഷണം ശീലിച്ചവര്‍, വാര്‍ദ്ധക്യത്തില്‍ മുനിവൃത്തി ശീലിച്ചവര്‍, യോഗം കൊണ്ട് ദേഹത്യാഗം ചെയ്തവര്‍, ജീവിതത്തിലും മരണത്തിലും ഒരേ പോലെ ആദര്ശവാന്മാര്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ സ്വഭാവമഹിമ കാളിദാസന് അവതരിപ്പിക്കുന്നത് നോക്കുക:
ജേതാരം ലോകപാലാനാം
സ്വമുഖൈരര്‍ച്ചിതേശ്വരം
രാമസ്തുലിതകൈലാസ-
മരാതിം ബഹ്വമന്യത
ലോകപാലന്മാരെ ജയിച്ചവനും സ്വന്തം തലകളറുത്ത് മഹേശ്വരനെ ആരാധിച്ചവനും കൈലാസമെടുത്ത് അമ്മാനമാടിയവനുമായ ആ ശത്രുവായ രാവണനെ ശ്രീരാമന് ബഹുമാനിച്ചു. ഇതാണ് മഹാത്മാക്കളുടെ മാര്‍ഗം.
ഓരോ ഭാരതീയന്റെയും ഉജ്വലവും ഉദാത്തവുമായ സ്വപ്നങ്ങളിലൊന്നാണ് രാമരാജ്യം. ഒരു രാഷ്ട്രപിതാവിനു മാത്രമല്ല രാഷ്്രടബോധമുള്ള അതീവ സാധാരണക്കാരനുപോലും രാമരാജ്യം വരേണമേ എന്ന പ്രാര്ത്ഥനയുണ്ടാവുക സ്വാഭാവികം. ഉത്തമ ഭരണാധിപനില്ലാത്ത രാജ്യത്തിനു സംഭവിക്കുന്ന ദുരനുഭവങ്ങള്‍ ഇങ്ങനെ: അരചനില്ലാത്തിടത്ത് മേഘം വര്‍ഷിക്കുകയില്ല.
പിതാവിന്റെ ചൊല്‍പ്പടിക്ക് പുത്രന് വര്‍ത്തിക്കുകയില്ല. നാഥനില്ലെങ്കില്‍ കൃഷിനാശം. ദേഹരക്ഷയും സ്വത്തുസംരക്ഷണവുമുണ്ടാവില്ല. ഉത്സവങ്ങള്‍, സഭകള്‍ എന്നിവ നടക്കുകയില്ല. സംന്യാസിമാര്‍ പ്രവേശിക്കുകയില്ല, ശാസ്ത്രജ്ഞര്‍, പ്രസംഗകര്‍ എന്നിവര്‍ ഓടി രക്ഷപ്പെടും.
രാമരാജ്യത്തിന്റെ വിലോഭനീയത വസിഷ്ഠന് ഇങ്ങനെ ഉപസംഹരിക്കുന്നു:
‘രാജാ സത്യം ച ധര്‍മശ്ച
രാജാ കുലവതാം കുലം
രാജാ മാതാപിതാ ചൈവ
രാജാ ഹിതകരോ നൃണാം’
രാമരാജ്യത്തില്‍ വിധവകള്‍ ഉണ്ടാകില്ല. ആര്‍ക്കും വ്യാധികളില്ല. പ്രായമായവര്‍ക്ക് ബാലകരുടെ മരണാനന്തരക്രിയകള്‍ ചെയ്യേണ്ടി വരില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്ന കരുതലും രക്ഷയും ശ്രദ്ധേയം.
ശ്രീരാമന് പതിനോരായിരം വര്‍ഷം രാജ്യം ഭരിച്ചുവത്രേ. കാലഗണന അതിശയോക്തിപരം. നന്മ നിറഞ്ഞ ഹ്രസ്വകാലത്തെ സുഖാനുഭവങ്ങള്‍ക്ക് നാശമുണ്ടാകുന്നത് താങ്ങാന്‍ സാധാരണ മനസ്സിന് കഴിയില്ല. 30 വര്‍ഷം ഒരു മാസം 20 ദിവസം രാമന് രാജ്യം ഭരിച്ചുവെന്ന് രാമായണ ഗവേഷകര്‍. പാപഭീതിക്കും സംഘനീതിക്കും ദൈവപ്രീതിക്കുമായി ഒരു രാമരാജ്യം ഇതിഹാസത്തിന്റെ തുടര്‍ച്ചയായി ഇവിടെ ഉണ്ടാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: