ആലപ്പുഴ : നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് അവധിയിലാണെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് പേഴ്‌സണല്‍ സ്റ്റാഫ് എസ്.സന്ദീപും പോലീസിനെ അറിയിച്ചത്. ഇന്ന ജോലിത്തിരക്കുണ്ട്. അതില്ലാത്ത ദിവസം ഹാജരാകാമെന്നാണ് ഗണ്‍മാന്‍ അനില്‍ കുമാറും പോലീസിനെ അറിയിച്ചത്. ഗണ്‍മാന്‍ അനില്‍ തിങ്കളാഴ്ചയും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തിയിട്ടുണ്ട്.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപിനോടും തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജങ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയെന്നതാണ് ഇരുവര്‍ക്കുമെതിരായ കേസ്.
അനില്‍കുമാര്‍, എസ്.സന്ദീപ് തുടങ്ങി കണ്ടാലറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സംഭവം സര്‍വീസ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്്‌തെങ്കിലും ആദ്യം നടപടിയുണ്ടായില്ല.
മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതോടെയാണ് കേസെടുത്തത്. എന്നാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: