ന്യൂദല്‍ഹി: രാജ്യം അമൃതകാലത്തിന്റെ ആവേശത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പുതിയ തരംഗമുണ്ട്. 75-ാമത് റിപ്പബ്ലിക് ദിനം എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണ ഘടനയും സുപ്രീംകോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢ വിചിന്തനത്തിന് ശേഷമാണ് നമ്മുടെ ഭരണഘടന ഉണ്ടാക്കിയത്, ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മാതാക്കള്‍ ഭഗവാന് ശ്രീരാമന്, സീതാ മാതാവ്, ലക്ഷ്മണന് എന്നിവരുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നുവെന്ന് മന് കി ബാത്ത് അഭിസംബോധനയില്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനപരേഡിലെ നാരീശക്തി ഏറെ ചര്‍ച്ചയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ജലം, ഭൂമി, ആകാശം, സൈബര്‍ലോകം, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും നാരീശക്തി രാജ്യത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് പരേഡ് കാണിച്ചുതന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതം വനിതകളുടെ നേതൃത്വത്തില്‍ വികസനം എന്ന മന്ത്രവുമായി മുന്നേറുകയാണ്. പെണ്‍കുട്ടികളും വനിതകളും എല്ലാ മേഖലകളിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ ആയുഷ് മന്ത്രാലയം ആയുര്‍വേദം, സിദ്ധ, യുനാനി വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഡാറ്റയും ടെര്‍മിനോളജിയും തരംതിരിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുര്‍വേദം, യുനാനി, സിദ്ധ വൈദ്യം എന്നിവയിലെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട പദങ്ങള്‍ ക്രോഡീകരിച്ചു. ഈ കോഡിങ്ങിന്റെ സഹായത്തോടെ, ഇപ്പോള്‍ എല്ലാ ഡോക്ടര്‍മാരും അവരുടെ കുറിപ്പടികളിലോ സ്ലിപ്പുകളിലോ ഒരേ ഭാഷ ഉപയോഗിക്കും. ആ സ്ലിപ്പുമായി മറ്റൊരു ഡോക്ടറുടെ അടുത്ത് പോയാല്‍, ആ സ്ലിപ്പില്‍ നിന്ന് ഡോക്ടര്‍ക്ക് അതിനെ ക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ ഒരു നേട്ടം. ആയുഷ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട നമ്മളുടെ ഡോക്ടര്‍മാര്‍ ഈ കോഡിങ് എത്രയും വേഗം സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും വോട്ടിങ് ശതമാനം കുറയുമ്പോള്‍ ഭാരതത്തില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് രാജ്യത്തിന് ആവേശം പകരുന്ന കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: