ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ അഖ്നൂര്‍-രജൗരി തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍
ശ്രീനഗര്‍: അഖ്നൂര്‍-രജൗരി തുരങ്കപാത നിര്‍മാണത്തില്‍, ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) പ്രധാന നാഴികക്കല്ല് പിന്നിട്ടു. ജമ്മു കശ്മീരിലെ അഖ്നൂര്‍-രജൗരി മേഖലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്കായുള്ള നൗഷേര തുരങ്കത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെയാണ് 700 മീറ്റര്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ബിആര്‍ഒയുടെ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രഘു ശ്രീനിവാസന് ഈ അവസരത്തില്‍ സന്നിഹിതനായിരുന്നു.
കഴിഞ്ഞ നവംബര്‍ 20ന് കശ്മീരിലെ കണ്ടി തുരങ്കപാതയുടെ ഭാഗമായുള്ള തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. രജൗരി, പൂഞ്ച് മേഖലകളിലെ പ്രദേശങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ട ബന്ധമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിആര്‍ഒ. അതിര്‍ത്തി പ്രദേശങ്ങളെ ജമ്മു, പൂഞ്ച് മേഖലകളുമായി ബന്ധിപ്പിക്കാന്‍, നിര്‍ണായകമായ വിവിധ റോഡ് പദ്ധതികളാണ് നടപ്പാക്കുന്നത്. 2026ന് മുമ്പായി ഇവയെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലഫ്. ജനറല്‍ രഘു ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
പൂഞ്ചിനെയും അഖ്നീറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 144എയുടെ ഭാഗമായാണ് നൗഷേര തുരങ്ക നിര്‍മാണം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അഖ്നൂര്‍-രജൗരി യാത്രയുടെ ദൂരം ആറു കിലോമീറ്റര്‍ വരെ കുറയും. പിര്‍ പഞ്ച് മേഖലയിലെ ആദ്യ തുരങ്കപാതയാണിത്. ഡിസംബറില്‍ ഉധംപൂര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി കത്രയ്ക്കും റസായ്ക്കും ഇടയില്‍ 3.2 കിലോമീറ്റര്‍ തുരങ്കത്തിന്റെ നിര്‍മാണവും ബിആര്‍ഒ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: