പാട്ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരെ കേരളം പരുങ്ങലില്‍. രണ്ടാം ഇന്നിംഗ്സില്‍ കേരളം രണ്ടിന് 62 എന്ന നിലയിലാണ്.
ഒന്നാം ഇന്നിംഗ്സില്‍ 150 റണ്‍സിന്റെ ലീഡ് നേടിയിരുന്നു ബിഹാര്‍.ബിഹാറിനെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ 88 റണ്‍സ് കൂടി കേരളം നേടണം.
കേരളത്തിന്റെ 227നെതിരെ ബിഹാര്‍ 377 റണ്‍സ് നേടി. ഷാക്കിബുള്‍ ഗനിയാണ്(150 റണ്‍സ് ) ബിഹാറിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബിപിന്‍ സൗരഭ് (60), പിയൂഷ് കുമാര്‍ സിംഗ് (51) എന്നിവരും നന്നായി ബാറ്റ് വീശി. കേരളത്തിനായി വേണ്ടി ശ്രേയസ് ഗോപാല്‍, അഖിന് സത്താര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ താല്കാലിക ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന് (12) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സച്ചിന് ബേബി (6), അക്ഷന്‍ ചന്ദ്രന് (2) എന്നിവരാണ് ക്രീസിലുളളത്.
മൂന്നാംദിനം അഞ്ചിന് 270 എന്ന നിലയിലാണ് ബിഹാര്‍ ബാറ്റിംഗ് തുടങ്ങിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 107 റണ്‍സിനിടെ നഷ്ടമായി.ഇന്ന് ആദ്യം പുറത്തായത് വിപുല്‍ കൃഷ്ണയാണ് (14) . പിന്നാലെ പ്രതാപും (5) മടങ്ങി. തുടര്‍ന്ന് ഗനിയും മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: