കോട്ടക്കല്‍: ആര്യവൈദ്യശാലയുടെ 80-ാമത് സ്ഥാപകദിനാഘോഷം 30ന് കൈലാസമന്ദിര പരിസരത്തുവച്ച് നടക്കും. കേരള കലാമണ്ഡലം ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ അധ്യക്ഷയാകും. കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷ ആശംസാപ്രസംഗം നടത്തും. യോഗത്തില്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ സ്വാഗതവും ട്രസ്റ്റിയും അഡീ. ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന് നന്ദിയും പറയും.
പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് വൈദ്യരത്നം പി.എസ്. വാരിയര്‍ സ്മാരകപ്രഭാഷണം നിര്‍വഹിക്കും. വിഷയം: ‘സര്‍ഗാത്മകത എന്ന അതിജീവനൗഷധം’. ജ്യോതിശാസ്ത്രജ്ഞനായ ഡോ. അശ്വിന് ശേഖര്‍ അനുസ്മരണ പ്രഭാഷണം നടത്തും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ അവാര്‍ഡുകളുടെയും സ്കോളര്‍ഷിപ്പുകളുടെയും വിതരണം മാനേജിങ് ട്രസ്റ്റി നിര്‍വഹിക്കും.
വൈകുന്നേരം 4.30 മുതല്‍ ആര്യവൈദ്യശാല ജീവനക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി നടത്തിയ കലാമത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളുടെ അവതരണവും കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. 7 മണിക്ക് മാതാ പേരാമ്പ്ര, കോഴിക്കോട് അവതരിപ്പിക്കുന്ന മലയാളം കവിതകളുടെ ദൃശ്യാവിഷ്കാരമായ ‘സര്‍ഗകേരളം’ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: