ന്യൂദല്‍ഹി: നവഭാരതത്തിന്റെ കുതിപ്പും കരുത്തും നാരീശക്തിയും പൈതൃകവും വൈവിധ്യവും വിളിച്ചോതുന്നതായി 75-ാം റിപ്പബ്ലിക്ദിന പരേഡ്. ഒട്ടേറെ പുതുമകള്‍ എഴുതിച്ചേര്‍ത്ത റിപ്പബ്ലിക്ദിന പരേഡിനാണ് കര്‍ത്തവ്യപഥും രാജ്യവും സാക്ഷ്യംവഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി ധീരജവാന്മാര്ക്ക് പ്രണാമമര്‍പ്പിച്ച് പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും മുഖ്യാതിഥി ഫഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കുതിരപ്പടയുടെ അകമ്പടിയോടെ ബഗ്ഗി (കുതിരവണ്ടി) യില്‍ കര്‍ത്തവ്യപഥിലെത്തി. ദേശീയപതാക ഉയര്‍ത്തിയതോടെ ദേശീയഗാനം മുഴങ്ങി ഒപ്പം 21 ഗണ്‍ സല്യൂട്ടും. നൂറു വനിതാ കലാകാരന്മാര് ചേര്‍ന്ന് ശംഖ്, നാദസ്വരം, നാഗദ എന്നിവ അവതരിപ്പിച്ചതോടെ പരേഡ് ആരംഭിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗബാന്ഡ് സംഘവും മുന്‍നിരയില്‍ മാര്‍ച്ച് ചെയ്തു.
മൂന്ന് സായുധസേനകളുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും സംഘങ്ങള്‍ കരുത്ത് വിളിച്ചോതി കടന്നുപോയി. ദല്‍ഹി പോലീസ്, എന്‍സിസി, എന്‍എസ്എസ്, ഭാരതസേനയിലെ ഏറ്റവും പഴയ റജിമെന്റായ രാഷ്ട്രപതിയുടെ അംഗരക്ഷകര്‍, ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഏകകുതിരപ്പട്ടാളം എന്നിവരും പങ്കാളികളായി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ടാങ്കുകളും സൈനിക ആയുധങ്ങളും ഉള്‍പ്പെടെയുള്ളവ രാജ്യത്തിന്റെ സ്വയംപര്യാപ്തയുടെ പ്രതീകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.
പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായി ദല്‍ഹി പോലീസിന്റെ വനിതകള്‍ മാത്രമുള്ള സംഘമാണ് മാര്‍ച്ച് ചെയ്തത്. സംഘത്തെ നയിച്ചത് തൃശ്ശൂര്‍ സ്വദേശിനിയും നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മീഷണറുമായ ശ്വേത കെ. സുഗതനും. സിആര്‍പിഎഫ് സംഘത്തെ പന്തളം സ്വദേശി അസി. കമാന്‍ഡന്റ് മേഘ നായരാണ്. നാവിക സേന സംഘത്തെ നയിച്ച മൂന്ന് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍ അടൂര്‍ സ്വദേശിനി ലെഫ്. എച്ച്. ദേവികയായിരുന്നു. എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ് എന്നിവരും വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് അണിനിരത്തിയത്.
കര-നാവിക-വ്യോമസേനകളിലെ വനിതകളടങ്ങുന്ന 144 പേര് പ്രത്യേകസംഘമായും മാര്‍ച്ച് ചെയ്തു. അഗ്നിവീര്‍ സൈനികരും ഈ സംഘത്തിലുണ്ടായിരുന്നു. കര-നാവിക-വ്യോമസേനകളിലെ വനിതാ ഓഫീസര്‍മാരെ കൂടുതലായി ഇത്തവണ പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വ്യോമസേനയില്‍ നിന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരും നാവികസേന അവതരിപ്പിക്കുന്ന ടാബ്ലോയിലെ യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി വനിതയും പരേഡില്‍ അണിനിരന്നു. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും ഒമ്പത് മന്ത്രാലയങ്ങളും അവതരിപ്പിച്ച ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടായിരുന്നത്.
ടാബ്ലോകള്‍ക്ക് പിന്നിലായി പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാക്കള്‍ തുറന്ന വാഹനത്തിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അവതരിപ്പിച്ച നൃത്തശില്പവും അരങ്ങേറി. വനിതാസംഘം അവതരിപ്പിച്ച ബൈക്ക് അഭ്യാസ പ്രകടനവും ഫ്ളൈപാസ്റ്റും ചേര്‍ന്നതോടെ പരേഡ് പൂര്‍ണമായി.
കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി, വിവിധ കേന്ദ്രമന്ത്രിമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13,000 പേര് പ്രത്യേക ക്ഷണിതാക്കളായി പരേഡ് വീക്ഷിച്ചു. പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആകെയുള്ള 77,000 സീറ്റുകളില്‍ 42,000 സീറ്റുകള്‍ സാധാരണക്കാര്‍ക്കായി നീക്കിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: