കാസര്‍കോട്: മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി എന്‍ഡിഎ ചെയര്മാന് കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയ്ക്ക് കാസര്‍കോട് തളിപ്പടുപ്പ് മൈതാനിയില്‍ തുടക്കമായി.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജാഥാ ലീഡര്‍ കെ. സുരേന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമക്കടലാക്കി പതിനായിരങ്ങള്‍ അണിചേര്‍ന്ന പദയാത്ര എന്‍ഡിഎയുടെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായി. പദയാത്ര മേല്പറമ്പില് സമാപിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന് ചടങ്ങില്‍ മുഖ്യാതിഥിയായി. എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. എന്‍ഡിഎ വൈസ് ചെയര്മാന് പി.കെ. കൃഷ്ണദാസ്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്, സി.കെ. പദ്മനാഭന്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ജെആര്‍പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജോര്‍ജ്ജ് കുര്യന്, എം.ടി. രമേഷ്, ശോഭ സുരേന്ദ്രന്, കുരുവിള മാത്യുസ്, എ.എന്‍. രാധാകൃഷണന് തുടങ്ങിയവര്‍ സംബന്ധിച്ചു.രാവിലെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് കെ. സുരേന്ദ്രന് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചുമരെഴുത്തു കാമ്പയിന് സുരേന്ദ്രന് കാസര്‍കോട് നഗരത്തില്‍ ചുമരെഴുതി തുടക്കം കുറിച്ചു. മത-സാമുദായിക നേതാക്കളുടേയും പൗരപ്രമുഖരുടേയും സ്നേഹസംഗമത്തിലും കെ. സുരേന്ദ്രന് പങ്കെടുത്തു. സ്നേഹ സംഗമം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: