ബീഹാറില്‍ ഗവര്‍ണര്‍ ഓഫീസ് ഞായറാഴ്ച തുറന്നിരിക്കാനും മുഴുവന്‍ ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും അസാധാരണ ഉത്തരവ്. ഇതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏതാനും മാസങ്ങളായി ലാലുപ്രസാദ് യാദവുമായും മകന് തേജസ്വിയാദവുമായുള്ള ഹണിമൂണ്‍ അവസാനിപ്പിച്ച് ബിജെപി ക്യാമ്പിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായി. മിക്കവാറും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍-ബിജെപി സര്‍ക്കാര്‍ നിലവില്‍ വരും. നിതീഷ് കുമാര്‍ വീണ്ടും ബിജെപി പിന്തുണയുള്ള മുഖ്യമന്ത്രിയായി അധികാരത്തിലേറും.
ഇതോടെ മോദി എന്ന പ്രധാനമന്ത്രി ദേശീയ തലത്തില്‍ കൂടുതല്‍ ശക്തനാവുകയാണ്. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, ഛത്തീസ് ഗഢ്, രാജസ്ഥാന് പിടിച്ചതിന് പിന്നാലെ ബീഹാറും ബിജെപിയുടെ കൈകളിലെത്തും. ഇന്ത്യാ മുന്നണിയുടെ നടുനായകത്വം വഹിച്ച നിതീഷ് കുമാര്‍ കൂടി ബിജെപിയില്‍ എത്തുന്നതോടെ ഇന്‍ഡ്യ മുന്നണി തീരെ ദുര്‍ബലമാകും.
ശനിയാഴ്ച രാത്രിയോടെ നിതീഷ് കുമാര്‍ ലാലുവിന്റെയും മകന്റെയും ആര്‍ജെഡിയുമായുള്ള സഖ്യം വിട്ട് രാജിവെയ്ക്കുമെന്ന് ദേശീയ വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞായറാഴ്ച മിക്കവാറും ബിജെപിയോട് ഒപ്പം ചേര്‍ന്ന് ബീഹാറില്‍ വീണ്ടും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ദേശീയ മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയാണ്.
ബിജെപിയില്‍ നിതീഷ്കുമാറുമായി ഏറെക്കാലമായി ഗാഢസൗഹൃദം പുലര്‍ത്തുന്ന സുശീല്‍ കുമാര്‍ മോദി നിതീഷിനെ വീണ്ടും ബിജെപിയുമായുള്ള സഖ്യത്തിന് കഴിഞ്ഞ കുറെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലും സഖ്യത്തിനുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും സുശീല്‍ കുമാര്‍ മോദി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകന് തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീല്‍ കുമാര്‍ മോദി താക്കീതുകളും നല്കുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഭരിയ്ക്കുമ്പോള്‍ നിതീഷ് കുമാര്‍ സര്‍ക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീല്‍ കുമാര്‍ മോദി.
മഹാഘട്ബന്ധന് സര്‍ക്കാര്‍ ബീഹാറില്‍ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പുറന്തള്ളാന്‍ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്കുമാറിനെ പുറത്താക്കി സ്വന്തം മകന് തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു. മാത്രമല്ല, ദേശീയ തലത്തില്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉള്ളതിനാല്‍ ഇന്‍ഡ്യ മുന്നണിയില്‍ യാതൊരു പരിഗണനയും നിതീഷ് കുമാറിന് വാങ്ങിക്കൊടുക്കാന്‍ ലാലുവിനോ മകന് തേജസ്വിയ്ക്കോ സാധിച്ചതുമില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാര്‍.
അല്പം മുന്‍പ് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ദല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് മോദിയുടെ നിര്‍ദേശപ്രകാരം അടിയന്തരമായി യാത്ര തിരിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചകള്‍ക്കാണ് അടിയന്തരമായി ഷാനവാസ് ഹുസൈന് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: