എസ്എന്‍ഡിപി മുഖപത്രമായ ‘വിവേകോദയം’ മാസികയില്‍ (1905)കുമാരനാശാന് എഴുതി: ”ബ്രഹ്മശ്രീ സദാനന്ദ സ്വാമി അവര്‍കളുടെ മതസംബന്ധമായ പരിശ്രമങ്ങളെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കേരളത്തില്‍ ചുരുങ്ങും. സ്വാര്‍ത്ഥബുദ്ധിയില്ലാത്ത പ്രവൃത്തികള്‍ക്കു സ്വയമേവ ഉണ്ടാകാറുള്ള വിജയത്തോടുകൂടി അദ്ദേഹത്തിന്റെ അക്ഷീണമായ യത്നം സ്തുത്യര്‍ഹമാം വിധം മുന്‍പോട്ടു കയറുന്നുണ്ട്.”
1921 ഡിസംബര്‍ 21ന് ശ്രീലങ്കയില്‍ നടത്തിയ പ്രസംഗത്തില്‍ സദാനന്ദ സ്വാമി പറഞ്ഞു: ”കീഴ്ജാതിക്കാര്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി പഠിപ്പിക്കേണ്ടത് മേല്‍ജാതിക്കാരുടെ കടമയാണ്. അങ്ങനെ ചെയ്താല്‍ എല്ലാവര്ക്കും ഉയര്‍ച്ച നേടാം… പാവങ്ങളെ സഹായിക്കുന്നവര്‍ ലക്ഷം ജനങ്ങള്ക്കിടയില്പ്പെട്ടു മറഞ്ഞാലും ഈശ്വരന് അവരെ കണ്ടുകൊള്ളും. (ഹിന്ദുമത പ്രസംഗ സാരം, 1922). കര്‍ണാടകം മുതല്‍ ശ്രീലങ്ക വരെ സദാനന്ദ സ്വാമി ധര്‍മസഞ്ചാരം നടത്തി. 1913ല്‍ സ്വാമിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച അയിരൂര്‍ മഹാജനയോഗമാണ് പിന്നീട് ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനമായി മാറിയത്. 1905-06 കാലഘട്ടത്തില്‍ ‘സദാനന്ദ വിലാസം’ മാസികയില്‍ പ്രസിദ്ധീകരിച്ച ‘സമുദായശാസ്ത്രം’ എന്ന ലേഖന പരമ്പര പിന്നീട് ‘ഭൂലോക സമുദായ പരിഷ്കരണ ശാസ്ത്രം’ എന്ന ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. പ്രസ്തുത കൃതിയില്‍ സ്വാമി ആവിഷ്കരിച്ച ‘ധാര്‍മിക സമ്പദ്ശാസ്ത്രം’ ദക്ഷിണേന്ത്യയിലെ ചിന്തകന്മാരെ വിസ്മയിപ്പിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീനാരായണഗുരുവും സദാനന്ദസ്വാമിയും നടത്തിയ ക്ഷേത്ര പ്രതിഷ്ഠകള്ക്കെതിരെ ബ്രഹ്മാനന്ദ ശിവയോഗി ഗ്രന്ഥപരമ്പരകള്‍ എഴുതിയപ്പോള്‍ ‘വിഗ്രഹാരാധന’ എന്ന ശാസ്ത്രഗ്രന്ഥമെഴുതിയാണ് സ്വാമി പ്രതികരിച്ചത്. ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍ വിഗ്രഹാരാധനയുടെ ശാസ്ത്രീയവശം അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശങ്കരാചാര്യരുടെ തത്ത്വബോധം, ബ്രഹ്മാനന്ദ ലഹരി തുടങ്ങിയ കൃതികള്‍ക്ക് സ്വാമികള്‍ ലളിതപരിഭാഷ നിര്‍വഹിച്ചു. ‘സദാനന്ദ വിലാസം’ മാസിക മലയാളത്തിലും ‘അഗസ്ത്യര്‍’മാസിക തമിഴിലും അവധൂതാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.
ദക്ഷിണേന്ത്യയിലും ശ്രീലങ്ക, ബര്‍മ, ആഫ്രിക്ക, മലയ തുടങ്ങിയ നാടുകളിലും സദാനന്ദസ്വാമിക്ക് നിരവധി ഭക്തരുണ്ടായി. കേരളത്തിലെ ആയിരത്തോളം ഗ്രാമങ്ങളില്‍ സനാതനധര്‍മത്തിന്റെ ‘സുവിശേഷം’ പ്രചരിപ്പിക്കാന്‍ സ്വാമി ശിഷ്യന്മാര് എത്തിയിരുന്നു. സദാനന്ദ സ്വാമികളെക്കുറിച്ച് കേട്ടറിഞ്ഞ സി.വി. രാമന്‍പിള്ള രണ്ടുതവണ സ്വാമിയെ സന്ദര്‍ശിക്കുകയുണ്ടായി. പിന്നീട് ‘ധര്‍മരാജ’ എന്ന നോവല്‍ എഴുതിയപ്പോള്‍ ‘ഹരിപഞ്ചാനനന്’ എന്ന നിഗൂഢ കഥാപാത്രത്തെ സൃഷ്ടിച്ചത് സ്വാമിയുടെ വേഷഛായയിലായിരുന്നുവെന്ന് സി.വിയുടെ ജീവചരിത്രകാരന്മാര് എഴുതിയിട്ടുണ്ട്.
എടുത്തുചാടിയുള്ള സമരങ്ങളെ സദാനന്ദന് പ്രോത്സാഹിപ്പിച്ചില്ല. നിരന്തരവും നിശബ്ദവും ചടുലവുമായ കര്‍മമാര്‍ഗമാണ് വിജയമെന്ന് സ്വാമി പ്രബോധിപ്പിച്ചു. കേരളത്തെക്കുറിച്ച് നൂറുവര്‍ഷം മുന്‍പ് സ്വാമി പറഞ്ഞതിങ്ങനെ: ”ഇന്ന് കേരളമാണ് ഏറ്റവും അധഃപതിച്ച് അധര്മക്കുണ്ടില് ആണ്ടുപോയിട്ടുള്ളത്. അതുകൊണ്ട്, കഴിവുള്ളവര്‍ കേരളത്തിന്റെ ഉദ്ധാരണത്തിനാണ് യത്നിക്കേണ്ടത്. കേരളീയരുടെ ഇന്നത്തെ ദുഷിപ്പു കണ്ട് നാം ഭയപ്പെടേണ്ട കാര്യമില്ല. എത്രത്തോളം അവര്‍ ദുഷിച്ചിട്ടുണ്ടോ, അത്രത്തോളം ഉയരുകയും ചെയ്യും. അതിനുള്ള ശക്തി അവരില്‍ തന്നെയുണ്ട്. വഴിതെറ്റിപ്പോയതു മാത്രമാണ് കേരളത്തിന്റെ അധഃപതന ഹേതു. അതുകൊണ്ട്, ഭയം വേണ്ടാ. നേര്വഴിയിലെത്തുമ്പോള് അവര്‍ പെട്ടെന്ന് സ്വയം ഉയര്‍ന്നുകൊള്ളും”(സദാനന്ദ സ്മരണകള്‍, കേരളധര്‍മം മാസിക, 1927). വേദവിജ്ഞാനത്തിന് സ്വാമി ആധുനികതയുടെ പുതുമ നല്കി. ഭൗതികസമ്പത്തും ആത്മീയ സമ്പത്തും ഒരുപോലെ പ്രധാനമെന്ന് സ്വാമി പ്രബോധിപ്പിച്ചു. നവോത്ഥാന കേരളത്തിന് കൃത്യമായ ഭൂപടം ആവിഷ്കരിച്ച സ്വാമിയെ അതിന്റെ യഥാര്‍ത്ഥ കരുത്തില്‍ ഉള്‍ക്കൊള്ളാന്‍ ‘ജാതി കേരള’ത്തിന് കഴിഞ്ഞില്ല.
ജാതിഭേദമില്ലാത്ത കേരളത്തിനുവേണ്ടി സദാനന്ദസ്വാമി ആദ്യം സ്ഥാപിച്ചത് ബ്രഹ്മനിഷ്ഠാമഠം ചിത്സഭാ മിഷന് എന്ന പ്രസ്ഥാനമായിരുന്നു. 1901 ജനുവരിയില്‍ തുടങ്ങിയ ചിത്സഭാ മിഷന്, സദാനന്ദന്റെ സമാധികാലമാകുമ്പോഴേക്കും നൂറോളം സഭകളടങ്ങിയ പ്രസ്ഥാനമായി മാറിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ ‘മാധ്യമവ്യക്തിത്വ’മായി മാറിയ സ്വാമിയുടെ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. ആത്മീയതയേയും സംന്യാസധര്മത്തേയും നിസാരമായി കണ്ടിരുന്ന സ്വദേശാഭിമാനിയുടെ കാഴ്ചപ്പാടില്‍ സ്വാമിയുടെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ‘സമുദായവിരുദ്ധ’മായിരുന്നു! വിമര്‍ശനങ്ങളെ വകവയ്ക്കാതെ സദാനന്ദസ്വാമി തന്റെ കര്‍മമണ്ഡലത്തില്‍ ശ്രദ്ധയോടെ സഞ്ചരിക്കുകയാണ് ചെയ്തതെന്ന് ‘എന്റെ ജീവിതസ്മരണകള്‍’ എന്ന ആത്മകഥയില്‍ മന്നത്ത് പത്മനാഭന് സൂചിപ്പിക്കുന്നു.
സദാനന്ദസ്വാമി-അയ്യന്‍കാളി സഖ്യം
അയ്യന്‍കാളിയില്‍ മേധാശക്തിയുള്ള ഒരു സംഘാടകനെ കണ്ടെത്തിയ സദാനന്ദസ്വാമി അദ്ദേഹത്തെ നേതാവായി വാഴിച്ച്, പാച്ചല്ലൂരില്‍ ബ്രഹ്മനിഷ്ഠാമഠം ചിത്സഭയുടെ ഒരു സംഘടന രൂപീകരിച്ചതായി സാധുജനപരിപാലനസംഘം നേതാവും അയ്യന്‍കാളിയുടെ ചെറുമകനുമായ ടി.കെ. അനിയന് രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്തെ വെങ്ങാനൂര്‍, പാച്ചല്ലൂര്‍, പട്ടം, തിരുവല്ലം, കണ്ണന്മൂല എന്നിവിടങ്ങളില്‍ ചിത്സഭയുടെ ഉപസംഘങ്ങളായി സദാനന്ദസ്വാമി പുലയസമാജങ്ങള്‍ സ്ഥാപിച്ചിരുന്നതായി ‘സദാനന്ദവിലാസം’ (1906) രേഖകളിലുണ്ട്. വെങ്ങാനൂര്‍-പാച്ചല്ലൂര്‍ പുലയസമാജങ്ങള്‍ സ്വാമി സന്ദര്‍ശിക്കുന്നതും അവിടങ്ങളില്‍ ക്ഷേത്രംപണിക്കുള്ള നടപടികള്‍ ആരംഭിക്കുന്നതും മാസികയില്‍ സൂചിപ്പിക്കുന്നുണ്ട്. ‘അവകാശങ്ങള്‍ ആരും കനിഞ്ഞുതരില്ല. അവ സംഘടിതശക്തിയിലൂടെ നേടിയെടുക്കണ’മെന്ന് സ്വാമി അയ്യന്‍കാളിയേയും അനുയായികളേയും ഉപദേശിച്ചതായി ടി.കെ. അനിയന് എഴുതിയിട്ടുണ്ട്. 1913 ഡിസംബറില്‍ ചെങ്ങന്നൂരില്‍ നടന്ന ബ്രഹ്മനിഷ്ഠാ സമ്മേളനത്തില്‍, സദാനന്ദസ്വാമിയുടെ പ്രസംഗം കേള്‍ക്കാന്‍ അയ്യായിരത്തിലധികം ദളിതര്‍ വന്നുചേര്‍ന്നതായി മാസികയില്‍ കാണുന്നു. 1904 ല്‍ സദാനന്ദസ്വാമി-അയ്യന്‍കാൡ സഖ്യം സ്ഥാപിച്ച സാധുജന സംഘടന ശിഥിലമായെങ്കിലും 1907 ല്‍ അയ്യന്‍കാളി ‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ചപ്പോള്‍ അതിനു പേരു കൊടുത്തത് ‘സദാനന്ദവിലാസം’ എന്നായിരുന്നുവെന്ന് സംഘത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും അയ്യന്‍കാളിയുടെ ചെറുമകനുമായ പി. ശശിധരന് ഐപിഎസ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.
തമിഴ്നാട്ടുകാരനായ സുബ്രഹ്മണ്യ അയ്യര്‍ ‘രാജയോഗം’ പഠിക്കാനാണ് സദാനന്ദസ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചത്. 1905 ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന്, തീവ്രനിലപാട് സ്വീകരിച്ച സുബ്രഹ്മണ്യ അയ്യര്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നപ്പോള്‍ ‘ശിവ’ എന്ന പേര് നല്കി അനുഗ്രഹിക്കുകയാണ് സദാനന്ദസ്വാമികള്‍ ചെയ്തത്. സുബ്രഹ്മണ്യ അയ്യര്‍ പില്ക്കാലത്ത്, സുബ്രഹ്മണ്യ ശിവ എന്ന പേരില്‍ തമിഴ് ദേശീയ ത്രിമൂര്‍ത്തികള്‍ എന്ന നിലയില്‍ പ്രസിദ്ധനായി മാറി. സദാനന്ദസ്വാമിയുടെ പ്രചോദനത്തിലാണ് ‘ധര്‍മപരിപാലന സമാജം’ എന്ന സംഘടന, സുബ്രഹ്മണ്യ ശിവ സ്ഥാപിച്ചത്.
മറന്നതെങ്ങനെ?
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍നിന്നും സദാനന്ദസ്വാമി മറയ്ക്കപ്പെട്ടതെങ്ങനെ? എന്ന ചോദ്യവും അസ്വസ്ഥരാക്കും. 1898 ലെ ‘വേദവിപ്ലവ’ത്തില്‍ തുടങ്ങിയ ധര്‍മജീവിതം സംഭവബഹുലമായിരുന്നു. നിരവധി നവോത്ഥാന പ്രമുഖരെ രഹസ്യമായും പരസ്യമായും സംഘടനാരംഗത്തേക്കു കൊണ്ടുവന്നു. വേദത്തിന്റെ ശാസ്ത്രീയ സത്യങ്ങളെ സാധാരണ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു. ദേവതാകീര്ത്തനങ്ങള്ക്കു പകരം ‘ആധുനികതയുടെ മന്ത്രങ്ങള്‍’ എഴുതി സമൂഹമനസില്‍ പ്രതിഷ്ഠിച്ചു. സാധാരണ സമൂഹത്തെ ചെവിക്കൊണ്ടും യുക്തിബോധത്തെ ഉള്‍ക്കൊണ്ടും യഥാര്‍ത്ഥ ജീവിതപദ്ധതി കൈക്കൊണ്ടും, ആധുനിക കേരളത്തെ സജ്ജമാക്കി. ഇരുപത്തിമൂന്നാം വയസില്‍ സംഘടനാ ജീവിതം തുടങ്ങി നാല്പത്തേഴാം വയസ്സില്‍ മഹാജ്വാലയായി അവസാനിച്ച ആ ജീവിതത്തെക്കുറിച്ച് പില്ക്കാലത്ത് ഒരന്വേഷണവും ഉണ്ടായില്ല എന്നത് കേരളീയ സമൂഹത്തിന്റെ സങ്കുചിത ജീവിതത്തെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭാരതത്തിന്റെ ദക്ഷിണ സംസ്ഥാനങ്ങളില്‍ ആദ്യമായി ആയുര്‍വേദ തൊഴില്‍ശാല തുടങ്ങിയത് സ്വാമിയാണ്. സാധുജനങ്ങള്‍ക്കായി അദ്ദേഹം ‘ധര്മവൈദ്യം’ ഏര്‍പ്പെടുത്തി. അരനൂറ്റാണ്ടിന്റെ ജീവിതംകൊണ്ട് സദാനന്ദസ്വാമികള്‍, ആഗോള സമൂഹത്തിനുവേണ്ടിയുള്ള ധര്മജീവിത മാതൃക രൂപപ്പെടുത്തിയെങ്കിലും കേരളം അത് വേണ്ടവിധം ശ്രദ്ധിച്ചില്ല. സമാധിയായിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മലയാളികള്‍ സ്വാമിയെ മനസ്സിലാക്കണം. 1924 ജനുവരി 26 ന് തൈപ്പൂയദിനത്തിലാണ് വേദഗുരു സദാനന്ദസ്വാമികള്‍ സമാധിയായത്. കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമിയുടെ സമാധിപീഠം പരിപാവനതയോടെ നിലകൊള്ളുന്നു. സ്വാമിയുടെ ശിഷ്യപരമ്പര ആരാധനാപൂര്‍വം ആ ദിവ്യസന്നിധാനത്തെ പരിപാലിക്കുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: