തിരുവനന്തപുരം: വര്‍ക്കല ഹരിഹരപുരം എല്‍പി സ്കൂളിനു സമീപത്ത് വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ ലഹരികലര്‍ത്തി മയക്കിക്കിടത്തി മോഷണം നടത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാര്‍ (48) ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകിട്ട് നാലുമണിയോടെ വര്‍ക്കല കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാംകുമാര്‍ കുഴഞ്ഞുവീണു. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നേപ്പാള്‍ സ്വദേശി സോഹില എന്ന വീട്ടുവേലക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ കേസില്‍ രാംകുമാറും ജനക് ഷായും ആണ് കസ്റ്റഡിയിലുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി അവശനായ നിലയില്‍ നാട്ടുകാരാണ് രാം കുമാറിനെ അയിരൂര്‍ പോലീസിന് കൈമാറിയത്. അപ്പോള്‍ വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ചൊവാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരി സോഹിലയുടെ സഹായത്തോടെ മോഷണം നടത്തിയത്. 74 കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി നേപ്പാള്‍ സ്വദേശിയായ സോഹില ഇവിടെ ജോലിക്കുവരുന്നുണ്ടായിരുന്നു.
ശ്രീദേവിയമ്മയുടെ മകന് ഭാര്യ ദീപയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അയല്‍ വീട്ടിലെ ബന്ധുവിനെ വിളിച്ച് പറയുകയായിരുന്നു. ബന്ധു എത്തിയപ്പോള്‍ ചിലര്‍ അവിടെ നിന്ന് ഇറങ്ങി ഓടുന്നതാണ് കണ്ടത്. ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോഴാണ് ശ്രീദേവിയമ്മയും ദീപയും സിന്ധുവും ബോധരഹിതരായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.
ശ്രീദേവിയമ്മയെ പരിചരിക്കുന്നതിന് ബന്ധുവിലൂടെയാണ് കൊട്ടാരക്കര പുത്തൂരില്‍ ഉള്ള സോഹിലയെ കണ്ടെത്തിയത്. പരവൂരിലെ നേപ്പാളി കുടുംബമാണ് സോഹിലയെ പരിചയപ്പെടുത്തിയത്. നേപ്പാള്‍ സ്വദേശികളായ ജനാര്‍ദ്ദന ഉപാധ്യായ (42), രാംകുമാര്‍ (48) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. സോഹിലയ്ക്കും സോഹിലയുടെ ബന്ധുവായ കൊട്ടാരക്കര പുത്തൂര്‍ താമസിക്കുന്ന അഭിഷേകാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: